ADVERTISEMENT

ധാക്ക ∙ ഷെയ്ഖ് ഹസീനയുടെ പലായനത്തിനു പിന്നാലെ രാജ്യമെങ്ങും അക്രമവും കൊള്ളയും പടർന്നതോടെ ക്രമസമാധാന ചുമതല ഉപേക്ഷിച്ചു സ്ഥലം വിട്ട ബംഗ്ലദേശ് പൊലീസ് ഇനിയും തിരിച്ചെത്തിയിട്ടില്ല. പൊലീസിനോടു ഡ്യൂട്ടിയിൽ തിരിച്ചെത്താൻ അധികൃതർ അഭ്യർഥിച്ചെങ്കിലും 3–4 ദിവസമെങ്കിലും കഴിയാതെ ഇതു സാധ്യമാവില്ലെന്നാണു സൂചന. പൊലീസ് സേനയെ പുനരുജ്ജീവിപ്പിക്കുന്നതു വരെ രാജ്യമെങ്ങും സായുധസേനയുടെ കാവൽ തുടരുമെന്ന് ഇന്നലെ കരസേനാമേധാവി വക്കീറുസ്സമാൻ വ്യക്തമാക്കി. പ്രക്ഷോഭകാലത്ത് 450 പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കപ്പെട്ടിരുന്നു.

ജനങ്ങളോടു ശാന്തരായിരിക്കാനും അക്രമങ്ങളിൽനിന്നു വിട്ടുനിൽക്കാനും ഇടക്കാല സർക്കാരിനെ നയിക്കാൻ നിയുക്തനായ മുഹമ്മദ് യൂനുസ് അഭ്യർഥിച്ചു.

ബംഗ്ലദേശ് സ്കൗട്സിലെ അംഗങ്ങളും വിദ്യാർഥിസംഘടനകളിലെ വൊളന്റിയർമാരുമാണു ഇപ്പോൾ നഗരങ്ങളിലെ ഗതാഗത നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. സായുധ പൊലീസ് വിഭാഗങ്ങളായ റാപ്പിഡ് ആക്‌ഷൻ ബറ്റാലിയന്റെയും (ആർഎബി) ധാക്ക മെട്രോപ്പൊലിറ്റൻ പൊലീസിന്റെയും (ഡിഎംപി) തലപ്പത്തു അഴിച്ചുപണി ആരംഭിച്ചിട്ടുണ്ട്.

ഷെയ്ഖ് ഹസീന സർക്കാരിന്റെ കാലത്തു വിവിധ വകുപ്പുകളുടെ മേധാവിമാരായി നിയമിക്കപ്പെട്ടവരിലേറെയും കഴിഞ്ഞ ദിവസങ്ങളിൽ രാജി നൽകിയിരുന്നു. 

സെൻട്രൽ ബാങ്കായ ബംഗ്ലദേശ് ബാങ്കിന്റെ 4 ഡപ്യൂട്ടി ഗവർണർമാർ അടക്കം ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരും രാജി നൽകി. അഴിമതിക്കാരായ ഉന്നതരെ നീക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ആസ്ഥാനത്തു ജീവനക്കാരടക്കം പ്രതിഷേധം നടത്തിയതിനു പിന്നാലെയാണിത്. ബംഗ്ലദേശ് ബാങ്ക് ഗവർണർ അബ്ദുറൗഫ് തലുക്ദറുടെ രാജിയും പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു.

വീട്ടുതടങ്കലിൽനിന്നു മോചിതയായ പ്രതിപക്ഷ നേതാവും മുൻപ്രധാനമന്ത്രിയുമായ ഖാലിദ സിയ (79) ഇന്നലെ വിഡിയോ സന്ദേശത്തിലൂടെ അനുയായികളോടു സംസാരിച്ചു. രോഷവും പകയുമല്ല സ്നേഹവും ശാന്തിയുമാണു രാഷ്ട്ര പുനർനിർമാണത്തിന് ആവശ്യമെന്ന് അവർ പറഞ്ഞു. ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവായ ഖാലിദ സിയയെ അഴിമതിക്കേസിൽ 2018 ൽ ആണ് 17 വർഷം തടവിനു ശിക്ഷിച്ചത്. 2020 ൽ വീട്ടുതടങ്കലിലേക്കു മാറ്റുകയായിരുന്നു.

ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷനു പുറമേ ചിറ്റഗോങ്, രാജ്ഷാഹി, ഖുൽസ,സിൽഹെറ്റ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ് ഹൈക്കമ്മിഷനുകളിലെയും അവശ്യവിഭാഗങ്ങളിലേത് അല്ലാത്ത ജീവനക്കാർ നാട്ടിലേക്കു ഉടൻ മടങ്ങും. ബംഗ്ലദേശിൽനിന്നുള്ള കുടിയേറ്റക്കാർക്ക് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അഭയം നൽകരുതെന്ന് നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (എൻഇഎസ്ഒ) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

English Summary:

Efforts to bring back police who left Bangladesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com