ന്യൂനപക്ഷത്തിന് ഐക്യദാർഢ്യം: ബംഗ്ലദേശിൽ ഹിന്ദുവിഭാഗം നടത്തിയ റാലിയിൽ പിന്തുണയുമായി മുസ്ലിംകളും

Mail This Article
കൊൽക്കത്ത ∙ ബംഗ്ലദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു ലക്ഷക്കണക്കിനാളുകൾ ചിറ്റഗോങ്ങിൽ റാലി നടത്തി. ഹിന്ദു വിഭാഗം നടത്തിയ റാലിയിൽ പിന്തുണയുമായി പതിനായിരക്കണക്കിനു മുസ്‌ലിംകളുമെത്തി. ബംഗ്ലദേശ് പ്രക്ഷോഭത്തിന്റെ ആദ്യ ദിനങ്ങളിൽ ഏതാനും ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കുമെതിരേ ആക്രമണം നടന്നിരുന്നു. ധാക്കയിലും ന്യൂനപക്ഷ വിഭാഗങ്ങൾ റാലി നടത്തി. ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം വേണമെന്നും പാർലമെന്റ് സീറ്റുകളിൽ 10 ശതമാനം സംവരണം ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.
ബംഗ്ലദേശിൽ 52 ജില്ലകളിലായി 205 അക്രമസംഭവങ്ങൾ ന്യൂനപക്ഷങ്ങൾക്കു നേരെ നടന്നതായാണു റിപ്പോർട്ടുകൾ. അവാമി ലീഗ് നേതാക്കളുടെയും പ്രധാനപ്പെട്ട അണികളുടെയും വ്യാപാരസ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കപ്പെട്ടിരുന്നു. എന്നാൽ അക്രമം അരുതെന്നും ന്യൂനപക്ഷ സ്ഥാപനങ്ങൾ ആക്രമിക്കരുതെന്നും സമരക്കാർ കർശനനിർദേശം അണികൾക്കു നൽകിയിട്ടുണ്ടെന്നു ബംഗ്ലദേശിലെ മലയാളിസമൂഹം പറഞ്ഞു. ക്ഷേത്രങ്ങൾക്കും മറ്റും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ കാവലിരിക്കുന്നുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങൾ ആക്രമിച്ചതിനെ ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് അപലപിച്ചിരുന്നു.
ബംഗ്ലദേശ് സാവധാനം പൂർവസ്ഥിതിയിലേക്കു മാറുകയാണ്. പ്രധാന ഫാക്ടറികളും സ്ഥാപനങ്ങളും തുറന്നു. അവശ്യസാധന കടകളും തുറന്നിട്ടുണ്ട്. ഇന്ത്യയിലേക്കു പ്രവേശിക്കാൻ അനുവാദം കാത്ത് അതിർത്തിയിൽ കാത്തിരിക്കുകയായിരുന്ന ആയിരത്തോളം പേരിൽ ഭൂരിപക്ഷം സ്വന്തം പ്രദേശങ്ങളിലേക്കു മടങ്ങി.ത്രിപുരയിൽ അതിർത്തിവഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പതിനഞ്ചോളം ബംഗ്ലദേശ് പൗരന്മാരെ ബിഎസ്എഫ് തുരത്തി. യുഎസിലെ ഹൂസ്റ്റണിലും മുന്നൂറോളം ബംഗ്ലദേശ് വംശജരായ ഹിന്ദുക്കൾ പ്രതിഷേധപ്രകടനം നടത്തി.