ജനപ്രീതി ഇടിഞ്ഞു; രാജി പ്രഖ്യാപിച്ച് ജപ്പാൻ പ്രധാനമന്ത്രി
Mail This Article
ടോക്കിയോ ∙ ജനസമ്മതി കുറഞ്ഞതിനാൽ രാജിവയ്ക്കുന്നതായി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ (67) പ്രഖ്യാപിച്ചു. അടുത്തമാസം ഒഴിയുമെന്നും പകരം ആളെ കണ്ടെത്തണമെന്നും ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയോട് (എൽഡിപി) കിഷിദ ആവശ്യപ്പെട്ടു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ രാഷ്ട്രീയത്തിൽ തുടരുന്നതിൽ കാര്യമില്ലെന്നും പാർട്ടി പ്രസിഡന്റുകൂടിയായ കിഷിദ പറഞ്ഞു. മാറ്റങ്ങൾ കൊണ്ടുവരാൻ കെൽപുള്ള പിൻഗാമിയെ കണ്ടുപിടിക്കണമെന്നും പാർട്ടിയോട് കിഷിദ ആവശ്യപ്പെട്ടു.
ജീവിതച്ചെലവ് വർധിച്ചതും അഴിമതികളും കാരണമാണ് 2021ൽ അധികാരത്തിൽ വന്ന കിഷിദ സർക്കാരിന് ജനപ്രീതി നഷ്ടമായത്. ജപ്പാനിലെ യൂണിഫിക്കേഷൻ ചർച്ചും പാർട്ടിയും തമ്മിലുള്ള ബന്ധം പുറത്തുവന്നതോടെയാണ് ആദ്യ വിവാദമുണ്ടായത്. പാർട്ടി ഫണ്ട് പിരിച്ചതുമായി ബന്ധപ്പെട്ടു പിന്നാലെ ആരോപണമുയർന്നു. ഇതിനിടെ വിലയക്കയറ്റം ഉണ്ടായതോടെ ജനങ്ങളും സർക്കാരിനെതിരെ തിരിഞ്ഞു.
കിഷിദ ഒഴിയുന്ന സാഹചര്യത്തിൽ പിൻഗാമിയെ കണ്ടെത്താൻ എൽഡിപി സെപ്റ്റംബറിൽ യോഗം ചേരും. പ്രതിരോധ മന്ത്രിയായ ഷിഗെരു ഇഷിബ (67) പ്രധാനമന്ത്രിയാകുമെന്നാണ് കരുതുന്നത്. 2025 ലാണ് ജപ്പാനിൽ തിരഞ്ഞെടുപ്പ്. അതിനാൽ പുതിയ പ്രധാനമന്ത്രിക്ക് പ്രതിഛായ തിരിച്ചുപിടിക്കാൻ കഷ്ടിച്ച് ഒരുവർഷം മാത്രമേ ലഭിക്കൂ.