ലബനനിലേക്ക് ഇസ്രയേൽ സൈന്യം; നേർക്കുനേർ പൊരുതാമെന്ന് ഹിസ്ബുല്ല
Mail This Article
ജറുസലം ∙ ലബനനിൽ പ്രവേശിക്കാൻ ഇസ്രയേൽ സൈന്യം ഒരുങ്ങുന്നുവെന്ന സൂചന ശക്തമാകവേ, നേർക്കുനേർ ഏറ്റുമുട്ടാൻ ഹിസ്ബുല്ല സജ്ജമാണെന്നു സംഘടനയുടെ ഉപമേധാവി നയീം ഖാസിം വിഡിയോ സന്ദേശത്തിൽ പ്രഖ്യാപിച്ചു. പുതിയ മേധാവിയെ ഉടൻ തിരഞ്ഞെടുക്കുമെന്നും നസ്റല്ലയുടെ കൊലപാതകത്തിനുശേഷം പുറത്തുവിട്ട ആദ്യസന്ദേശത്തിൽ വ്യക്തമാക്കി.
തെക്കൻ ലബനനിൽ ഇസ്രയേൽ ബോംബാക്രമണം ഇന്നലെയും തുടർന്നു. സെൻട്രൽ ബെയ്റൂട്ടിലെ കോലയിൽ പാർപ്പിടസമുച്ചയം നിലംപൊത്തി. ഈ മേഖലയിൽ ഇതാദ്യമാണ് ബോംബാക്രമണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണങ്ങളിൽ 105 പേർ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
2 ആഴ്ചയായി തുടരുന്ന കനത്ത ബോംബാക്രമണങ്ങൾ ലബനനിൽ സൈന്യം പ്രവേശിക്കുന്നതിനു മുന്നോടിയായാണെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ പ്രതിരോധ മന്ത്രി യൊയാവ് ഗലാന്റ് ഇന്നലെ രാജ്യത്തിന്റെ വടക്കൻ അതിർത്തിയിൽ സൈനികരെ സന്ദർശിച്ചു. കരയുദ്ധം ആസന്നമാണെന്ന സൂചനയും നൽകി.
അതിനിടെ, 21 ദിവസ വെടിനിർത്തലിനു യുഎസും ഫ്രാൻസും മുൻകയ്യെടുത്ത ചർച്ചകളുടെ ഭാഗമായി ഫ്രഞ്ച് വിദേശകാര്യമന്ത്രി ഇന്നലെ ലബനനിലെത്തി കാവൽ പ്രധാനമന്ത്രി നജീബ് മികാത്തിയുമായി ചർച്ച നടത്തി. ലബനൻ–ഇസ്രയേൽ അതിർത്തിയിലെ ലിറ്റാനി നദിക്കു തെക്ക് ഹിസ്ബുല്ലയുടെ സായുധ സാന്നിധ്യം അവസാനിപ്പിക്കണമെന്ന യുഎസ് പ്രമേയം പൂർണമായി നടപ്പാക്കാൻ തയാറാണെന്ന് മികാത്തി പറഞ്ഞു. ഈ മേഖലയിൽ ലബനീസ് സൈന്യത്തെയാവും പകരം വിന്യസിക്കുക. ഇതു ദീർഘകാലമായുള്ള ഇസ്രയേൽ ആവശ്യമാണ്. ഇതു സംഭവിച്ചാൽ വടക്കൻ മേഖലയിൽനിന്ന് ഒഴിപ്പിക്കപ്പെട്ട പതിനായിരക്കണക്കിനു ഇസ്രയേലുകാർക്കു തിരിച്ചെത്താനാകും.
തെക്കൻ ലബനനിലെ തയർ പട്ടണത്തിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഹമാസിന്റെ ലബനനിലെ നേതാവ് ഫത്തീഹ് ഷെരീഫ് അബു അമീനും കുടുംബവും കൊല്ലപ്പെട്ടെന്നു സംഘടന സ്ഥിരീകരിച്ചു.
ഗാസയിൽ തുടരുന്ന ബോംബാക്രമണങ്ങളിൽ 28 പലസ്തീൻകാർ കൊല്ലപ്പെട്ടു. മാധ്യമപ്രവർത്തകയായ വഫ അൽ ഉദൈനിയും ഭർത്താവും 2 മക്കളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഒക്ടോബർ 7നു ശേഷം ഗാസയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം ഇതോടെ 174 ആയി. ഗാസയിൽ ഇതുവരെ 41,615 പലസ്തീൻകാർ കൊല്ലപ്പെട്ടു. 96,359 പേർക്കു പരുക്കേറ്റു.
ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ കൊലപ്പെടുത്തിയതിനെ റഷ്യ അപലപിച്ചു. യുഎസ് നിർമിത എംക്യൂ 9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടതായി യെമനിലെ ഹൂതികൾ അവകാശപ്പെട്ടു.