പൊലീസിനെ ആക്രമിച്ച് ഇമ്രാന്റെ അനുയായികൾ; പാക്കിസ്ഥാനിൽ 6 സുരക്ഷാഭടന്മാർ കൊല്ലപ്പെട്ടു

Mail This Article
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അനുയായികൾ നടത്തിയ അക്രമാസക്ത സമരത്തിൽ 4 അർധ സൈനികരും 2 പൊലീസുകാരും കൊല്ലപ്പെട്ടു. നൂറിലേറെ സുരക്ഷാ സൈനികർക്ക് പരുക്കേറ്റു. മിക്കവരുടെയും നില ഗുരുതരമാണ്. സംഭവത്തെ തുടർന്ന് ഇസ്ലാമാബാദിൽ സൈന്യത്തെ വിന്യസിക്കുകയും അക്രമം നടത്തുന്നവരെ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. ആവശ്യമെങ്കിൽ കർഫ്യൂ പ്രഖ്യാപിക്കാനും സൈന്യത്തിന് അനുമതി നൽകി.
പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുടെ ഓഫിസുകളും പാർലമെന്റ്, സുപ്രീം കോടതി എന്നിവയും സ്ഥിതി ചെയ്യുന്ന ഡി ചൗക്കിലേക്കാണ് തെഹ്രികെ ഇൻസാഫ് (പിടിഐ) പാർട്ടി പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് എത്തിയത്. കണ്ടെയ്നറുകൾ നിരത്തി പ്രകടനക്കാരെ തടഞ്ഞെങ്കിലും വലിയ യന്ത്രങ്ങളുമായി എത്തിയ പ്രതിഷേധക്കാർ അവ എടുത്തുമാറ്റിയ ശേഷം ഇരച്ചുകയറുകയായിരുന്നു.
വാഹനങ്ങൾ ഓടിച്ചുകയറ്റിയതിനെ തുടർന്നാണ് 4 സുരക്ഷാഭടന്മാർ കൊല്ലപ്പെട്ടത്. ഇതിനു പുറമേ തലങ്ങും വിലങ്ങും വെടിയുതിർത്തു. കല്ലേറിൽ ഒരു എസ്പിയുടെ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റു. അതേസമയം, 2 പ്രവർത്തകർ പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടതായി പിടിഐ വക്താവ് പറഞ്ഞു. ഇമ്രാനെയും മറ്റു നേതാക്കളെയും ജയിലിൽ നിന്ന് മോചിപ്പിക്കുക, ഈ വർഷം ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ വിജയം അംഗീകരിക്കുക, കോടതിയുടെ അധികാരം കുറയ്ക്കാനായി പാർലമെന്റ് പാസാക്കിയ നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. പ്രതിഷേധം നടത്താൻ ഇമ്രാൻ ഖാൻ പാർട്ടി പ്രവർത്തകരെ ആഹ്വാനം ചെയ്തിരുന്നു. അന്തിമ പോരാട്ടം എന്നാണ് ഇമ്രാൻ ഇതിനെ വിശേഷിപ്പിച്ചത്. ഇമ്രാനെ മോചിപ്പിക്കുന്നതുവരെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹത്തിന്റെ പത്നി ബുഷ്റ ബീബി വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാൻ (72) ഇപ്പോഴുള്ളത്.
അതിനിടെ മനുഷ്യാവകാശങ്ങൾ പാലിക്കണമെന്ന് യുഎസ് പാക്ക് സർക്കാരിനോട് ആവശ്യപ്പെട്ടു. സമാധാനപരമായി പ്രവർത്തിക്കാൻ പിടിഐ പ്രവർത്തകർക്ക് അവകാശമുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. സുരക്ഷാസേനയ്ക്കു നേരെ നടത്തിയ ആക്രമണത്തെ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അപലപിച്ചു. പ്രതിഷേധം നടത്താൻ അനുമതി നൽകിയ സ്ഥലത്തല്ല പ്രകടനം നടന്നതെന്ന് ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വി വ്യക്തമാക്കി.