‘ചാട്ടവാർ കൊണ്ടടിച്ചു, സ്വകാര്യ ഭാഗങ്ങളിൽ സിഗരറ്റ് വച്ച് പൊള്ളിച്ചു; സിറിയ വിട്ടുപോകണം, ഒരു വഴി പറഞ്ഞു തരൂ’
Mail This Article
അബു സഈദ് തലയുയർത്തിയില്ല. വടക്കു കിഴക്കൻ സിറിയയിലെ ഖാമിഷ്‌ലോയുടെ പ്രാന്തപ്രദേശത്തുള്ള ഇടുങ്ങിയ തെരുവിൽ സഹോദരൻ ലുക്മാന്റെ വീട്ടിലെ ചെറിയ മുറിയിലെ കട്ടിലിൽ നിലത്തേക്കു നോക്കി മുപ്പത്തിരണ്ടുകാരനായ സഈദ് ഇരുന്നു. എനിക്കൊപ്പമുണ്ടായിരുന്ന ദ്വിഭാഷി വിളിച്ചു ‘അബു സഈദ്..’ അയാൾ അതു കേട്ടതായി തോന്നിയില്ല. വീണ്ടും പേരു വിളിച്ചപ്പോഴാണു തലയുയർത്തിയത്. അയാൾ പേര് മറന്നപോലെയായിരുന്നു. കാരണം സഈദിനു സ്വന്തം പേര് 7 വർഷമായി ‘നമ്പർ 125’ ആണ്.
ബഷാർ അൽ അസദിന്റെ ഭരണകൂടം നിലംപൊത്തിയ അന്നു തന്നെ വിമത സേന സെദനായ ജയിലിൽനിന്ന് എല്ലാവരെയും മോചിപ്പിച്ചിരുന്നു. ജയിലിൽനിന്ന് സഈദ് തിരിച്ചെത്തിയിട്ടു 40 ദിവസമേയായിട്ടുള്ളു. അസദ് ഭരണകാലത്തു ‘മനുഷ്യകശാപ്പുശാല’ എന്നു കുപ്രസിദ്ധമായ ജയിലാണത്.
ഖാമിഷ്‌ലോയിൽനിന്നുള്ള കുർദുവംശജനായ സഈദ് സിറിയൻ സൈന്യത്തിലെ നിർബന്ധിത സൈനികസേവനത്തിനിടെ 2018 ൽ കോബാനിയിൽ വിമതസേനയുമായുള്ള യുദ്ധത്തിൽ രണ്ടുദിവസം പങ്കെടുത്തശേഷം ആയുധം ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം ഒളിച്ചോടി. എന്നാൽ, സഈദിനെ സൈന്യം പിന്നീടു പിടികൂടി സെദാനയ ജയിലേക്കു മാറ്റി.
തടവിലായിരിക്കേ ദിവസവും അയാൾക്കു ചാട്ടവാർ കൊണ്ടും ബെൽറ്റ് കൊണ്ടും പൊതിരെ അടികിട്ടി. സ്വകാര്യഭാഗങ്ങളിൽ സിഗരറ്റ് വച്ചു പൊള്ളിച്ചു. തുടക്കത്തിൽ, ഒരാൾക്കു ചുരുണ്ടിരിക്കാൻ മാത്രം വലുപ്പമുള്ള സെല്ലിലാണ് അയാളെ പാർപ്പിച്ചത്. ഒരു പിടി ഉരുളക്കിഴങ്ങും ഒരു കഷണം റൊട്ടിയുമായിരുന്നു ആഹാരം. കുടിക്കാൻ വെള്ളമില്ലായിരുന്നു.
പിന്നീട് മറ്റ് 9 തടവുകാർക്കൊപ്പം കുറച്ചുകൂടി വലിയ ഒരു മുറിയിലേക്കു മാറ്റി. അവിടെ തടവുകാർ പരസ്പരം സംസാരിക്കുന്നതു വിലക്കിയിരുന്നതിനാൽ കൂടെയുണ്ടായിരുന്ന 9 പേർ ആരായിരുന്നുവെന്ന് സഈദിന് ഇപ്പോഴുമറിയില്ല ‘ആരെങ്കിലും സംസാരിക്കുന്നതുകേട്ടാൽ ഞങ്ങളെ മർദിച്ചവശരാക്കും’– സഈദ് പറയുന്നു. സ്ത്രീതടവുകാരെ മറ്റു തടവുകാരുടെയും കുട്ടികളുടെയും മുന്നിലിട്ടു ബലാൽസംഗം ചെയ്യും. ആസിഡ് കൊണ്ടു പൊള്ളിക്കും.
ജയിലിലെ ഭീകരത വിവരിക്കുമ്പോൾ സഈദിന്റെ വാക്കുകൾ വിറച്ചു. ‘ഒരു ചെറിയ തടവുമുറിയിൽ തിങ്ങിഞെരുങ്ങി ഞങ്ങൾ. നടുനിവർത്താൻ പോലും ഇടമില്ലാതെ. ടോയ്‌ലറ്റിലെ അതേ ബക്കറ്റിൽനിന്നാണു ഞങ്ങൾ ഭക്ഷണം കഴിച്ചതും വെള്ളം കുടിച്ചതും.’ ബക്കറ്റിൽനിന്നു ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചപ്പോൾ സഈദിനെ അവർ ഇലക്ട്രിക് കേബിൾ ഉപയോഗിച്ച് 150 വട്ടം അടിച്ചു. അയാളുടെ കാലിലും ശരീരഭാഗങ്ങളിലും ഇപ്പോഴും മുറിപ്പാടുകളും പരുക്കുമുണ്ട്.
ജയിലിൽ പോകും മുൻപു അയാൾ ഒരു ക്രിസ്ത്യൻ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ജയിലിലെ കൊടിയ പീഡനങ്ങൾക്കിടെ പ്രാണൻ പിടിച്ചുനിർത്താനായി അയാൾ അവൾക്കൊപ്പമുള്ള ജീവിതം സ്വപ്നം കണ്ടു.
എന്താണ് ഇപ്പോഴത്തെ ആഗ്രഹം എന്നു ചോദിച്ചപ്പോൾ സഈദ് പറഞ്ഞു ‘എനിക്കു സിറിയ വിട്ടുപോകണം. ഒരു വഴി പറഞ്ഞുതരൂ..’ ജയിൽ മോചിതനായശേഷം സഈദ് കുറേദൂരം ബസിലും ബാക്കിദൂരം നടന്നും ഒരുവിധം വീട്ടിലെത്തിയപ്പോഴാണ് അറിഞ്ഞത് മാതാപിതാക്കൾ മരിച്ചുപോയിരിക്കുന്നു. മറ്റൊരു സഹോദരൻ നെതർലൻഡ്സിലേക്ക് അഭയാർഥിയായി ഓടിപ്പോയി. ‘ഞാൻ അവന്റെ ചികിത്സയ്ക്കു സഹായിക്കുകയാണ്. ഇപ്പോഴും ദിവസവും അവൻ ദുഃസ്വപ്നം കാണുന്നു’– സഹോദരൻ ലുക്മാൻ പറഞ്ഞു.