‘ഞാനായിരുന്നെങ്കിൽ ട്രംപ് തോറ്റേനെ’: വൈറ്റ്ഹൗസിലെ സർപ്രൈസ് മാധ്യമസമ്മേളനത്തിൽ ബൈഡൻ

Mail This Article
വാഷിങ്ടൻ ∙ വീണ്ടും താൻ മത്സരിച്ചിരുന്നെങ്കിൽ ഡോണൾഡ് ട്രംപ് തോൽക്കുമായിരുന്നെന്ന് ജോ ബൈഡന് ഇപ്പോഴും ആത്മവിശ്വാസം. വെള്ളിയാഴ്ച വൈറ്റ്ഹൗസിൽ തൊഴിൽറിപ്പോർട്ട് അവതരണത്തിനു ശേഷം മാധ്യമസംഘത്തോട് സംസാരിക്കുകയായിരുന്നു ബൈഡൻ. വൈറ്റ്ഹൗസിൽനിന്നുള്ള വിടപറയൽ പ്രസംഗം ബുധനാഴ്ചയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുനിന്ന് അവസാനനിമിഷം പിൻമാറിയതിൽ ഇപ്പോൾ ഖേദിക്കുന്നുണ്ടോയെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിലൊന്ന്. ‘ട്രംപിനെ എനിക്കു തോൽപിക്കാമായിരുന്നു; ഞാനും കമലയും ചേർന്ന് ട്രംപിനെ തോൽപിച്ചേനെ’– ബൈഡൻ വ്യക്തമാക്കി.
കഴിഞ്ഞ നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി ആദ്യം ബൈഡൻ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും വിജയസാധ്യത കുറവായിരിക്കുമെന്ന വിമർശനത്തെ തുടർന്നു പിന്മാറി. ബൈഡനു പകരം കമല ഹാരിസ് സ്ഥാനാർഥിയായി; ട്രംപിനോടു തോറ്റു. പ്രസിഡന്റ് പദവിയൊഴിഞ്ഞ് വൈറ്റ്ഹൗസ് വിട്ടാൽപ്പിന്നെ പൊതുജീവിതം ഉണ്ടാകുമോയെന്ന ചോദ്യത്തിന് ‘ഞാൻ കാണാമറയത്തേക്കൊന്നും പോകുന്നില്ലെ’ന്ന് ബൈഡൻ മറുപടി നൽകി. സ്വന്തം നാടായ ഡെലവെയറിലെ വിൽമിങ്ടനിലേക്കു മടങ്ങിയാലും പൊതുജീവിതം തുടരും. 4 വർഷം കഴിഞ്ഞാൽ കമലയ്ക്ക് വീണ്ടും മത്സരിക്കാവുന്നതേയുള്ളൂവെന്നും ബൈഡൻ അഭിപ്രായപ്പെട്ടു.
റഷ്യൻ ഊർജമേഖലയെ ലക്ഷ്യമിട്ടുള്ള ഉപരോധങ്ങളും പ്രഖ്യാപിച്ചു. റഷ്യൻ പ്രകൃതിവാതക വിതരണത്തിൽ പങ്കാളിയായ 2 ഇന്ത്യൻ കമ്പനികൾക്കും ഉപരോധമുണ്ട്. യുഎസിലെ ഇന്ധനവില അൽപം വർധിക്കുമെങ്കിലും റഷ്യയ്ക്ക് മൂക്കുകയറിടാൻ അല്ലാതെ വേറെ മാർഗമില്ലെന്നും ബൈഡൻ പറഞ്ഞു. ലൊസാഞ്ചലസ് അഗ്നിബാധ ദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് വൈറ്റ്ഹൗസ് ഓവൽ ഓഫിസിൽ മാധ്യമയോഗം നടന്നതു കൂടാതെയായിരുന്നു റൂസ്‌വെൽറ്റ് റൂമിൽ തൊഴിൽറിപ്പോർട്ടിനു ശേഷം ‘സർപ്രൈസ്’ മാധ്യമസമ്മേളനം. തന്റെ ഭരണകാലത്ത് 1.66 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്ന് പുതിയ റിപ്പോർട്ടിൽ ബൈഡൻ ചൂണ്ടിക്കാട്ടി.