അഫ്ഗാൻ താലിബാനെ ‘കുടഞ്ഞ്’ മലാല; പാക്കിസ്ഥാനിൽ 1.2 കോടി പെൺകുട്ടികൾ വിദ്യാലയങ്ങൾക്കു പുറത്തെന്നും മലാല

Mail This Article
ഇസ്‌ലാമാബാദ്∙ അഫ്ഗാൻ താലിബാനെതിരെ രൂക്ഷവിർശനവുമായി നൊബേൽ ജേതാവ് മലാല യൂസഫ്സായി. താലിബാൻ ലിംഗവിവേചനം നടപ്പാക്കുകയാണെന്നും സംസ്കാരത്തിന്റെയും മതത്തിന്റെയും ന്യായം പറഞ്ഞ്, അതിന്റെ മറവിൽ തങ്ങളുടെ കുറ്റകൃത്യങ്ങൾ മറച്ചുവയ്ക്കുകയാണെന്നും മലാല തുറന്നടിച്ചു. ഇസ്‌ലാമാബാദിലെ രാജ്യാന്തര കോൺഫറൻസിൽ, മുസ്‌ലിം രാജ്യങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചു പ്രസംഗിക്കുകയായിരുന്നു മലാല.
താലിബാൻ സ്ത്രീകളെ മനുഷ്യരായി കാണുന്നില്ല. അവരുടെ നയങ്ങൾ മനുഷ്യാവകാശ വിരുദ്ധമാണ്. ഒഴികഴിവുകൾകൊണ്ട് അവയെ ന്യായീകരിക്കാനാകില്ല. ഇസ്‌ലാമിൽ ഇതിനൊന്നും അടിസ്ഥാനമില്ല. അഫ്ഗാനിലെ താലിബാൻ ഭരണത്തെ അംഗീകരിക്കരുതെന്നും സ്ത്രീകളുടെ വിദ്യാഭ്യാസം പരിമിതപ്പെടുത്തുന്ന നടപടിക്കെതിരെ നിലകൊള്ളണമെന്നും മുസ്‌ലിം നേതാക്കളോട് മലാല അഭ്യർഥിച്ചു.
അഫ്ഗാനിലെ പെൺകുട്ടികളുടെ ഭാവിയെ താലിബാൻ കവർന്നെടുത്തു. പൊതുജീവിതത്തിന്റെ എല്ലാ മേഖലകളിൽനിന്നും സ്ത്രീകളെ ഇല്ലാതാക്കാൻ അവർ ആഗ്രഹിക്കുന്നു. പാക്കിസ്ഥാനിൽ 1.2 കോടി പെൺകുട്ടികൾ വിദ്യാലയങ്ങൾക്കു പുറത്താണെന്നു പറഞ്ഞ മലാല, ഗാസയിലെ ഇസ്രയേൽ നടപടികളെയും നിശിതമായി വിമർശിച്ചു.