ട്രംപിനെതിരെ കേസ് നയിച്ച സ്പെഷൽ കോൺസൽ രാജിവച്ചു

Mail This Article
വാഷിങ്ടൻ ∙ 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ഡോണൾഡ് ട്രംപിനെതിരെ പ്രോസിക്യൂഷൻ നടപടികൾ നയിച്ച സ്പെഷൽ കോൺസൽ ജാക്ക് സ്മിത്ത് രാജിവച്ചു. രണ്ടാംതവണ പ്രസിഡന്റായി അധികാരമേൽക്കാനിരിക്കെ ട്രംപിനെതിരായ കേസുകൾ കോടതി ഒഴിവാക്കിയ പശ്ചാത്തലത്തിലാണു രാജി.
2020ലെ പരാജയത്തിനുശേഷം ട്രംപ് നേരിട്ട 4 കേസുകളിൽ രണ്ടെണ്ണത്തിൽ പ്രോസിക്യൂഷനെ നയിച്ചത് ജാക്ക് സ്മിത്തായിരുന്നു. ജോ ബൈഡനോടു പരാജയപ്പെട്ടത് അംഗീകരിക്കാതെ ഫലം അട്ടിമറിക്കാൻ ട്രംപ് ശ്രമിച്ചെന്നും അതു പാർലമെന്റ് മന്ദിരത്തിലെ അക്രമത്തിൽ കലാശിച്ചെന്നുമായിരുന്നു ഒരു കേസ്. പ്രസിഡന്റ് പദവിയൊഴിഞ്ഞിട്ടും രഹസ്യരേഖകൾ വീട്ടിൽ സൂക്ഷിച്ച് ദേശീയസുരക്ഷ അപകടത്തിലാക്കിയെന്ന കേസാണു രണ്ടാമത്തേത്. ട്രംപ് വിജയിച്ചതോടെ, പ്രസിഡന്റിനെ വിചാരണ ചെയ്യുന്നത് ഭരണഘടനാ ലംഘനമാകുമെന്നു വിലയിരുത്തിയാണ് കേസുകൾ റദ്ദാക്കിയത്.
ജയശങ്കർ ഇന്ത്യൻ പ്രതിനിധി
ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പങ്കെടുക്കും. ജനുവരി 20ന് വാഷിങ്ടനിലാണു ചടങ്ങ്.