ഗാസയിൽ പ്രതീക്ഷയുടെ പുലരി; കുഞ്ഞുങ്ങളുടെ സൗമ്യസ്വപ്നങ്ങൾ

Mail This Article
യുദ്ധമേഖലയിലെ കുട്ടികൾക്ക് സമാധാനമെന്നാൽ മധുരമായ പ്രതീക്ഷയാണ്. സങ്കൽപിക്കാൻപോലുമാകാത്ത കഷ്ടപ്പാടിനിടെ നനുത്തതെങ്കിലും പ്രത്യാശ പകരുന്ന അപൂർവ മുഹൂർത്തമാണ് വെടിനിർത്തൽ. 15 മാസം നീണ്ട നിരന്തരയാതനയ്ക്കുശേഷം നീതിയുക്തമായ സമാധാനം വന്നണയുന്നത് ഗാസയിലെ കുട്ടികൾക്കും ബന്ദികളായും തടവുകാരായും കഴിയുന്ന കുട്ടികൾക്കും മുറിവുണങ്ങാനുള്ള സൗഖ്യവേളയാണ്. യുദ്ധത്തിന്റെ ഭീതികൾക്കപ്പുറം അത് പുതുജീവിതത്തിന്റെ പ്രതീക്ഷാവാഗ്ദാനമായി മാറുന്നു.
എന്റെ കൺമുന്നിൽ തെളിയുന്നത് വഹീദയാണ്. ഗാസയിലേക്കുള്ള ദൗത്യങ്ങളിലൊന്നിൽ ഞാൻ കണ്ടുമുട്ടിയ 8 വയസ്സുകാരി. വടക്കൻ ഗാസയിൽ ബോംബു വീണു തകർന്ന ഖത്തബ് പ്രൈമറി സ്കൂളിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ വഹീദയും അവളുടെ കൂട്ടുകാരും എന്തോ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വിലകുറഞ്ഞ വർണച്ചോക്കുകളും ചായങ്ങളും കൊണ്ട് സ്കൂൾ പ്രോജക്ടിനായി അവളൊരുക്കിയ പോസ്റ്റർ തപ്പിപ്പിടിച്ചതും ആ കുഞ്ഞുമുഖത്ത് പുഞ്ചിരി വിടർന്നു. ഇത്തിരിഭാഗം കരിഞ്ഞുപോയെങ്കിലും ആ പോസ്റ്റർ തിരിച്ചുകിട്ടിയതിൽ വലിയ സന്തോഷമുണ്ടെന്ന് വഹീദ പറഞ്ഞു. ബോംബും മിസൈലും വീഴാത്ത ഒരു കാലം ഉടനെയുണ്ടാകുമെന്നും അപ്പോൾ പള്ളിക്കൂടത്തിലേക്കു തിരികെയെത്തി കൂട്ടുകാരുമൊത്തു കളിക്കാമല്ലോയെന്നും അവൾ പറഞ്ഞു. എത്ര നിർമലമായ പ്രതീക്ഷ. ഇരുളടഞ്ഞ ഘോരനിമിഷങ്ങളിലും സമാധാനം സ്വപ്നം കാണാനുള്ള ഈ ധൈര്യം കുഞ്ഞുങ്ങൾക്കു മാത്രമേയുള്ളൂ.
ഗാസയിൽ സമാധാനം തിരിച്ചെത്തുകയാണ്. പക്ഷേ, വഹീദ ഇപ്പോൾ എവിടെയാണെന്ന് എനിക്കറിയില്ല.
ഗാസയ്ക്കു വേണ്ടത് ഒരായിരം പുതിയ ചുവടുകളാണ്. എന്നിരിക്കിലും ഏറ്റവുമാദ്യം പരിഗണിക്കേണ്ടത് കുഞ്ഞുങ്ങളെത്തന്നെ. ഒരിക്കലും യുദ്ധം തുടങ്ങുന്നത് കുഞ്ഞുങ്ങളല്ല. പക്ഷേ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് അവരാണ്. ഗാസയിൽ കൊല്ലപ്പെട്ട 46,707 പേരിൽ 17,655 പേരും കുട്ടികളാണ്. പരുക്കേറ്റ കുഞ്ഞുങ്ങൾ 21,000. ഇവരിൽ പലർക്കും ഉറ്റവരെയെല്ലാം നഷ്ടമായതാണ്. ഇസ്രയേലിൽനിന്നു ബന്ദികളാക്കിയവരിൽ കുട്ടികളുണ്ട്. ഇസ്രയേലിലെ ജയിലുകളിൽ അനധികൃതമായി തടവിൽ പാർപ്പിച്ചിരിക്കുന്ന പലസ്തീൻ കുട്ടികളുണ്ട്. കടന്നുപോകുന്ന ദുരിതങ്ങൾ ഇവരെ ആഴത്തിൽ ബാധിക്കുന്നു.
യുദ്ധമേഖലയിലാണെങ്കിൽ, ഉപയോഗിച്ച തപാൽക്കവറിനു പുറത്തും സമാധാനക്കരാർ ഒപ്പിടാമെന്ന് പറയാറുണ്ട്. വെടിനിർത്തൽ യാഥാർഥ്യമാകണമെങ്കിൽ അതിലുൾപ്പെട്ട എല്ലാവരും അതിനായി ശ്രമിക്കണം. വ്യവസ്ഥ ലംഘിച്ചാൽ നടപടി വേണം. വെടിനിർത്തൽ ഒരു തുടക്കം മാത്രമാണ്; ഒടുക്കമല്ല.
യുദ്ധത്തിൽ സ്കൂളുകൾ ഇല്ലാതെയാകുന്നത് വിദ്യാഭ്യാസത്തിനൊപ്പം കുട്ടികൾക്കുള്ള ആശ്വാസയിടങ്ങൾ നഷ്ടമാകുന്നതിനു തുല്യമാണ്. ആശുപത്രികൾക്കും വീടുകൾക്കുമൊപ്പം സ്കൂളുകളും തിരിച്ചെത്തണം. ശുദ്ധജലവും ശുചിത്വസംവിധാനങ്ങളും പുനഃസ്ഥാപിക്കണം. കോളറ ഉൾപ്പെടെ രോഗഭീഷണികളിൽനിന്ന് കുഞ്ഞുങ്ങൾക്കു കരുതലേകണം. യുദ്ധം ഏൽപിക്കുന്ന മാനസിക ആഘാതം പലപ്പോഴും ദൃശ്യമായെന്നു വരില്ല. ഗാസയിലെ കുഞ്ഞുങ്ങൾ മരണത്തിനും ദുരിതത്തിനും അക്രമത്തിനും സാക്ഷിയായവരാണ്. മുതിർന്നവർക്കുപോലും താങ്ങാനാകുന്ന അനുഭവങ്ങളല്ല അവയൊന്നും. ഗാസയിൽ ഇപ്പോൾ 18 വയസ്സുള്ള ഒരാൾ കടന്നുപോയ സംഘർഷകാലങ്ങളെക്കുറിച്ച് ഓർക്കൂ: 2006, 2008, 2012, 2014, 2021, പിന്നെ ഏറ്റവും പുതിയതായി 2023 ഒക്ടോബർ മുതൽ അനുഭവിക്കുന്നത്. കുഞ്ഞുമനസ്സുകൾക്ക് ഉൾക്കൊള്ളാനാകുന്നതിലുമധികം നൊമ്പരങ്ങളാണ് ഇവയോരോന്നും നൽകുന്നത്. ഓരോ പുതിയ യുദ്ധവും കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയെ അൽപാൽപമായി ചീന്തിയെടുക്കുന്നു; അവരുടെ കുട്ടിക്കാലം കവരുന്നു.
കരുതലേകുന്നവർക്കുള്ള കരുതലിനും വേണം മുൻഗണന. മരുന്നും ഭക്ഷണവും ഉൾപ്പെടെയുള്ള സഹായവിതരണം നടത്തുന്നവർ, ഡോക്ടർമാർ, നഴ്സുമാർ, ആംബുലൻസ് ഡ്രൈവർമാർ എന്നിവരെല്ലാം യുദ്ധമുന്നണിയിൽ അസാമാന്യ ധൈര്യത്തോടെ നിലകൊണ്ടവരാണ്. അവരെയും പക്ഷേ യുദ്ധം വൈകാരികമായി ബാധിച്ചിട്ടുണ്ട്. മരുന്നുകളും ആരോഗ്യസേവന വസ്തുക്കളും കിട്ടാതെ, അനസ്തീഷ്യ ഇല്ലാതെയോ പേരിനു മാത്രമായോ നൽകി ശസ്ത്രക്രിയകൾ ചെയ്യേണ്ടി വരുന്ന ഡോക്ടർമാരുണ്ട്. സ്വന്തം കുട്ടികൾക്കുപോലും ഈ വിധത്തിൽ ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നിട്ടുണ്ടെന്ന് അവർ പറഞ്ഞു. കുഞ്ഞുങ്ങൾ എല്ലും തോലുമാകുന്നതു നോക്കിനിൽക്കേണ്ടി വരുന്ന മാതാപിതാക്കളുടെ നിസ്സഹായതയാണു മറ്റൊന്ന്. ജീവിതം പുനർനിർമിക്കുകയെന്ന ശ്രമകരമായ ദൗത്യമാണു മുന്നിൽ. മനുഷ്യമനസ്സിന് അതീവ ശ്രദ്ധയോടെയുള്ള പരിചരണം വേണം. മനസ്സുകൾ സുഖപ്പെടാനുള്ള പിന്തുണയും ഗാസയ്ക്കു നൽകണം.
ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറുകയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഒരു ഘട്ടത്തിൽ പറഞ്ഞിരുന്നു. ആ ഭയം സത്യമാകുന്നതാണ് കഴിഞ്ഞ 15 മാസങ്ങളായി കണ്ടത്. കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരങ്ങൾക്കിടയിലും പ്രതീക്ഷയുടെ നറുതിരിവെട്ടമുണ്ടെന്ന് ഓർക്കാം.
ഗാസയിലെ തകർന്ന സ്കൂളിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്നു തപ്പിയെടുത്ത കരിഞ്ഞ പോസ്റ്ററിലേക്കു തിരിച്ചെത്താം. പലസ്തീന്റെ ദേശീയ കവിയായി ഖ്യാതി നേടിയ മഹ്മൂദ് ദർവീഷിന്റെ വാക്കുകളായിരുന്നു അതിൽ: ജീവിതം തുടരാൻ പ്രേരിപ്പിക്കുന്ന ഒത്തിരി കാര്യങ്ങൾ ഈ നാട്ടിലുണ്ട്.
വെടിനിർത്തലും സമാധാനവും ഗാസയിലെ കുട്ടികൾക്ക് ജീവിതപ്രചോദനമാണ്. പ്രതീക്ഷയുടെ തരികൾ തേടി അവർ മുന്നോട്ടുതന്നെയാണ്.
(പ്ലാൻ ഇന്റർനാഷനൽ ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ ഡയറക്ടറായ ലേഖകൻ ഗാസയിൽ ഉൾപ്പെടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.)