ശതകോടീശ്വരരുടെ ഭരണം: മുന്നറിയിപ്പുമായി ബൈഡൻ

Mail This Article
വാഷിങ്ടൻ ∙ യുഎസിൽ ശതകോടീശ്വരരായ ഒരുസംഘം ഭരണം കയ്യാളുന്ന സാഹചര്യം ഉടലെടുത്തിരിക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പു നൽകി. 20നു സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി വൈറ്റ്‌ഹൗസിലെ ഓവൽ ഓഫിസിൽനിന്നുള്ള പ്രസംഗത്തിലാണ് ജനാധിപത്യം അപകടത്തിലാണെന്ന ഓർമപ്പെടുത്തൽ.
അധികാരം അതിസമ്പന്നരായ ഏതാനും പേരുടെ കൈപ്പിടിയിലൊതുങ്ങുന്നതിന്റെ സൂചനകളാണു കാണുന്നതെന്നു ബൈഡൻ പറഞ്ഞു. ശതകോടീശ്വരനായ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപും അദ്ദേഹത്തിന്റെ വിശ്വസ്തനായ ശതകോടീശ്വരൻ ഇലോൺ മസ്കും ഉൾപ്പെട്ട പ്രമുഖരുടെ സംഘത്തെ ഉദ്ദേശിച്ചായിരുന്നു പരാമർശം.
ട്രംപിനെ ക്രിമിനൽ ശിക്ഷാവിധിയിൽനിന്ന് ഒഴിവാക്കിയതിനെ പരോക്ഷമായി വിമർശിച്ച ബൈഡൻ, ഒരു പ്രസിഡന്റിനെയും ഇത്തരത്തിൽ വെറുതെവിടാൻ ഭരണഘടന അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലുൾപ്പെടെ വസ്തുതകൾ അടിച്ചമർത്തപ്പെടുന്നതിനെയും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെയും വിമർശിച്ചു.
എഐ വിപ്ലവത്തിൽ ചൈനയല്ല, അമേരിക്കയാണ് ലോകത്തെ നയിക്കേണ്ടതെന്നും പറഞ്ഞു. ബൈഡന്റെ 17 മിനിറ്റ് പ്രസംഗം നടക്കുമ്പോൾ പ്രഥമവനിത ജിൽ ബൈഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഭർത്താവ് ഡഗ് എംഹോഫ്, ബൈഡന്റെ മകൻ ഹണ്ടർ, മറ്റു കുടുംബാംഗങ്ങൾ തുടങ്ങിയവർ അരികിലുണ്ടായിരുന്നു.