പശ്ചിമേഷ്യയും യുഎസും; ചരിത്രസന്ധികളുടെ ആവർത്തനം

Mail This Article
ന്യൂഡൽഹി ∙ ജോ ബൈഡനോ, ഡോണൾഡ് ട്രംപിനോ – ആർക്കാണ് ഗാസ വെടിനിർത്തലിന്റെ പേരിൽ ക്രെഡിറ്റ് അവകാശപ്പെടാവുന്നത്? കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ ഇതെക്കുറിച്ചു ചോദ്യമുയർന്നപ്പോൾ, ‘ഇതൊരു തമാശയാണോ?’ എന്നായിരുന്നു തിങ്കളാഴ്ച അധികാരമൊഴിയാനിരിക്കുന്ന ബൈഡന്റെ പ്രതികരണം. ഇരുവരുടെയും പ്രതിനിധികൾ ചേർന്നാണു പരിഹാരം കണ്ടെത്തിയതെന്നു വിശ്വസിപ്പിക്കാനാണ് യുഎസ് ഭരണകൂടം ശ്രമിക്കുന്നതെങ്കിലും തനിക്കാണ് ക്രെഡിറ്റ് എന്ന രീതിയിലാണ് ട്രംപിന്റെ ക്യാംപിൽനിന്നുള്ള സൂചനകൾ.
ഹമാസുമായുള്ള പോരാട്ടത്തിൽ നെതന്യാഹുവിനു പൂർണപിന്തുണയാണു ബൈഡൻ നൽകിയിരുന്നത്. തന്റെ ആദ്യ ഭരണകാലത്ത് നെതന്യാഹുവിന്റെ കടുത്ത പലസ്തീൻ–വിരുദ്ധനയങ്ങളെ പിന്തുണച്ചിരുന്നെങ്കിലും രണ്ടാം ഭരണകാലത്ത് അത്ര പിന്തുണയുണ്ടാവില്ല എന്നാണ് ഇസ്രയേലിന് നൽകിയിരുന്ന സൂചന. ഏതായാലും അമേരിക്കയിലെ അധികാരക്കാമാറ്റത്തോടനനുബന്ധിച്ച് പശ്ചിമേഷ്യയിൽ ഒരു പ്രതിസന്ധിക്ക് പരിഹാരമുണ്ടാവുന്നത് ഇതു രണ്ടാം തവണയാണ്. 1981–ൽ ജിമ്മി കാർട്ടറിൽനിന്ന് റൊണാൾഡ് റെയ്ഗൻ അധികാരമേറ്റെടുത്ത് മിനിറ്റുകൾക്കുള്ളിലാണ് 444 ദിവസങ്ങളായി തടവിൽ വച്ചിരുന്ന 52 അമേരിക്കൻ എംബസി ഉദ്യോഗസ്ഥരെ വിട്ടയക്കുന്നതായി ഇറാനിലെ ഭരണകൂടം പ്രഖ്യാപിച്ചത്.
കാർട്ടറുടെ ഭരണകാലത്താണ് 1979 ജനുവരി–ഫെബ്രുവരിയിൽ കടുത്ത അമേരിക്കൻ പക്ഷപാതിയായിരുന്ന ഇറാനിലെ ഷായെ പുറത്താക്കി ആയത്തുല്ല ഖമനയിയുടെ പിന്തുണയോടെ ഇസ്‌ലാമിക് വിപ്ലവഭരണകൂടം അധികാരത്തിലെത്തിയത്. ടെഹ്റാനിലെ യുഎസ് എംബസിക്കെതിരെ വിദ്യാർഥിവിപ്ലവകാരികളുടെ ആക്രമണങ്ങൾ അതോടെ ആരംഭിച്ചു. നവംബർ 4 ന് അവർ എംബസിയിൽ ആക്രമിച്ചുകടന്ന് ഉദ്യോഗസ്ഥരെ തടവിലാക്കി. സ്ത്രീകളും കറുത്തവർഗക്കാരും രോഗിയായ ഒരാളും ഉൾപ്പടെ 15 പേരെ അടുത്ത ദിവസങ്ങളിൽ വിട്ടയച്ചശേഷം 52 പേരെ 444 ദിവസം തടവിൽ പാർപ്പിക്കുകയായിരുന്നു. അതിനിടയിൽ ഒരു കമാൻഡോ ഓപ്പറേഷനിലൂടെ അവരെ രക്ഷപ്പെടുത്താൻ അമേരിക്ക ശ്രമിച്ചത് പാളിപ്പോയി. അതോടെ ഇറാൻ ബന്ദികളെ എംബസിയിലെ തടവിൽനിന്ന് ജയിലുകളിലേക്ക് മാറ്റി.
ഏതായാലും ബദ്ധവൈരികളായിരുന്ന ഇസ്രയേലിനെയും ഈജിപ്തിനെയും ചർച്ചയ്ക്കിരുത്തി 1978–ൽ ചരിത്രം മാറ്റിമറിച്ച ഒരു സമാധാന ഉടമ്പടിയിൽ ഒപ്പുവയ്പിച്ച കാർട്ടറുടെ ലോകസമ്മതിയും ജനസമ്മതിയും ഇതോടെ മൂക്കുകുത്തി. ഇറാനിലെ ബന്ദിപ്രശ്നം എതിർസ്ഥാനാർഥി റൊണാൾഡ് റെയ്ഗൻ പൂർണമായും മുതലാക്കി. അമേരിക്കയുടെ മുഖം നഷ്ടപ്പെടുത്തിയെന്നായി രാഷ്ട്രീയാരോപണം. 1980 നവംബറോടെ തിരഞ്ഞെടുപ്പിൽ കാർട്ടർ തോൽക്കുകയാണെന്നു വ്യക്തമായതോടെ നാടകീയമായി, ബന്ദികളെ ജയിലിൽനിന്നു മാറ്റി ആധുനിക സുഖസൗകര്യങ്ങളുള്ള ആഡംബരസൗധത്തിലേക്ക് മാറ്റുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. 1981 ജനുവരി 20–ന് റെയ്ഗൻ അധികാരമേറ്റെടുത്തുകൊണ്ടു നടത്തിയ പ്രസംഗം പൂർത്തിയായി മിനിറ്റുകൾക്കുള്ളിൽ ബന്ദികളെ നിരുപാധികം വിട്ടയയ്ക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചു.
ഏതായാലും താനോ തന്റെ പ്രതിനിധികളോ ഇറാനുമായി രഹസ്യചർച്ച നടത്തിയതായി റെയ്ഗൻ അവകാശപ്പെട്ടില്ല. എന്നാൽ കാർട്ടർ ഭരണകൂടം നടത്തിക്കൊണ്ടിരുന്ന രഹസ്യ ചർച്ചകൾ പ്രതിസന്ധി പരിഹാരത്തിലേക്കു നീങ്ങുകയാണെന്നറിഞ്ഞ റെയ്ഗൻ ബന്ദികളെ തന്റെ വിജയം പ്രഖ്യാപിക്കുന്നതുവരെ വിട്ടയക്കരുതെന്ന് ഇറാനിയൻ നേതൃത്വത്തോട് അഭ്യർഥിച്ചിരുന്നതായി ആരോപണമുയർന്നിരുന്നു. യുഎസ് കോൺഗ്രസ് ഇതന്വേഷിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല.