ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് പദവിയിൽ ജോ ബൈഡന്റെ അവസാന മണിക്കൂറുകൾ; തണുത്തുറഞ്ഞ നട്ടുച്ചയ്ക്ക് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണം. യുഎസ് തലസ്ഥാനമായ വാഷിങ്ടൻ ഡിസി ഇന്നു പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന്റെയും ലോകമെമ്പാടുനിന്നുമുള്ള വിവിഐപികളുടെ സാന്നിധ്യത്തിന്റെയും ആഘോഷപൂർണമായ തിരക്കിലമരും.യുഎസിന്റെ 47–ാം പ്രസിഡന്റായി അടുത്ത 4 വർഷം ഭരിക്കാൻ പോകുന്ന ട്രംപും അദ്ദേഹത്തിനൊപ്പം വൈസ് പ്രസിഡന്റാകുന്ന ജെ.ഡി.വാൻസും വാഷിങ്ടന്‍ ഡിസിയിൽ ഇന്ന് ഉച്ചയ്ക്ക് 12ന് ആണ് അധികാരമേൽക്കുന്നത്.

സ്ഥാനമേൽക്കുന്നതിനു മുൻപായി ഇന്നലെ  വാഷിങ്ടൻ ഡിസിയിൽ നടത്തിയ സൽക്കാരത്തിൽ ഡോണൾഡ് ട്രംപിനൊപ്പം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും.
സ്ഥാനമേൽക്കുന്നതിനു മുൻപായി ഇന്നലെ വാഷിങ്ടൻ ഡിസിയിൽ നടത്തിയ സൽക്കാരത്തിൽ ഡോണൾഡ് ട്രംപിനൊപ്പം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും.

ശൈത്യക്കാറ്റു മൂലം അപകടകരമായിത്തീർത്ത കാലാവസ്ഥ പരിഗണിച്ച് തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റൾ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞ. ‌അധികാരമേറ്റുള്ള ട്രംപിന്റെ പ്രസംഗം, ഒപ്പുചാർത്തൽ, പെൻസിൽവേനിയ അവന്യൂവിലെ പരേഡ്, കലാവിരുന്ന് എന്നിങ്ങനെ പരിപാടികളാണ് ഇന്നു നടക്കുക. സ്ഥലപരിമിതി മൂലം അകത്തെ വേദിയിൽ ഇടംകിട്ടാതെ പോകുന്ന അതിഥികൾക്കെല്ലാം ചടങ്ങു തത്സമയം കാണാൻ സൗകര്യമുണ്ട്.

നവംബറിലെ തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ഫ്ലോറിഡയിലെ വസതിയിൽത്തന്നെ തങ്ങുകയായിരുന്ന ട്രംപും ഭാര്യ മെലനിയയും മകൻ ബാരൺ ട്രംപും ഇന്നലെ വാഷിങ്ടൻ ഡിസിയിൽ തിരിച്ചെത്തി. വാൻസും ഇന്ത്യൻ വംശജയായ ഭാര്യ ഉഷ ചിലുകുറിയും അതിനുമുൻപു തന്നെ വാഷിങ്ടനിലെത്തി. ഉറ്റമിത്രമായ പേപാൽ മുൻ സിഇഒ പീറ്റർ ടീലിന്റെ വസതിയിൽ ടെക് പ്രമുഖർക്കായി ഒരുക്കിയ വിരുന്നിലും വാൻസ് പങ്കെടുത്തു. വെടിക്കെട്ട് ഉൾപ്പെടെ ആഘോഷപരിപാടികൾ ഇന്നലെയാരംഭിച്ചു.  

2020ൽ റിയൽ എസ്റ്റേറ്റ് രംഗത്തുനിന്നു രാഷ്ട്രീയത്തിലെത്തിയ ശതകോടീശ്വരൻ ട്രംപ് ഒന്നാം ഭരണകാലത്തെന്നപോലെ ഇത്തവണയും പ്രവചനാതീത നീക്കങ്ങളുമായി അമേരിക്കയെയും ലോകത്തെയും ഞെട്ടിച്ചേക്കാം. ഭരണമേറ്റ ശേഷമുള്ള ഒന്നാം ദിവസം 100 എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പിടുമെന്നാണു റിപ്പോർട്ടുകൾ. അനധികൃത കുടിയേറ്റക്കാരുടെ നിയന്ത്രണാതീതമായ വർധനയ്ക്കു തടയിടാനും വിലക്കയറ്റം പിടിച്ചുനിർത്താനുമുൾപ്പെടെ അടിയന്തര നടപടികളാണ് ആദ്യമണിക്കൂറുകളിൽത്തന്നെ പ്രതീക്ഷിക്കുന്നത്. 

പറഞ്ഞുവിട്ടതും തിരിച്ചെത്തിച്ചതും

2020ലെ തിരഞ്ഞെടുപ്പിൽ ജോ ബൈ‍ഡനോടു പരാജയപ്പെട്ടും പിന്നാലെയുണ്ടായ പാർലമെന്റ് മന്ദിര ആക്രമണത്തിന്റെ പഴി കേട്ടും ഇംപീച്മെന്റ് നടപടി നേരിട്ടും അപമാനിതനായി പൊതുവേദി വിട്ട ട്രംപ് രാഷ്ട്രീയ തിരിച്ചുവരവു നടത്തുമെന്ന് അധികമാരും പ്രതീക്ഷിച്ചതല്ല. എന്നാൽ, ട്രംപിന്റെ ഒന്നാം റിപ്പബ്ലിക്കൻ ഭരണകാലത്തിനും (2017–20) രണ്ടാമത്തേതിനും മധ്യേയുള്ള ഇടവേള മാത്രമായി മാറുകയായിരുന്നു ബൈ‍ഡന്റെ ഡെമോക്രാറ്റ് ഭരണം (2021–24). കഴിഞ്ഞ നവംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെ‌ടുപ്പിനായി ബൈഡന്‍ തന്നെയാണ് ആദ്യം ഡെമോക്രാറ്റിക് സ്ഥാനാർഥിയായതെങ്കിലും ട്രംപുമായുളള സംവാദത്തിൽ പതറിയതോടെ വിമർശനത്തെത്തുടർന്നു പിന്മാറുകയായിരുന്നു. പകരം സ്ഥാനാർഥിയായ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ ജനകീയ വോട്ടിലും ഇലക്ടറൽ വോട്ടിലും വൻ ഭൂരിപക്ഷത്തിൽ തോൽപിച്ചാണ് ട്രംപ് രണ്ടാമതും പ്രസിഡന്റായത്. ബൈഡനും ഭാര്യ ജില്ലും ഇന്നലെ സൗത്ത് കാരലൈനയിലെ ചാൾസ്ടനിലായിരുന്നു ദിവസം മുഴുവൻ ചെലവിട്ടത്. അമേരിക്കയിലെ കറുത്തവർഗക്കാരുടെ അവകാശങ്ങൾക്കായി പോരാടിയ  ഇതിഹാസം മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ സ്മരണാർഥമുള്ള പരിപാടികളിൽ പങ്കെടുത്തു.

ആഘോഷപ്പൂരം, വിരുന്നുകൾ

സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി വാഷിങ്ടനിൽ ട്രംപ് ആതിഥേയനായി ഇന്നലെ നടന്ന അത്താഴവിരുന്നിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ഭാര്യ റിലയൻസ് ഫൗണ്ടേഷൻ ചെയർപഴ്സൻ നിത അംബാനിയും പങ്കെടുത്തു. 100 പേർക്കാണു വിരുന്നിലേക്കു ക്ഷണം ലഭിച്ചിരുന്നതെന്നാണു റിപ്പോർട്ടുകൾ. ഇന്ത്യയിൽനിന്നുള്ള അതിഥികൾ ഇവർ മാത്രമായിരുന്നെന്നും സൂചനയുണ്ട്. ഇന്നത്തെ സത്യപ്രതിജ്ഞച്ചടങ്ങിലും അംബാനി ദമ്പതികൾ പങ്കെടുക്കും. സത്യപ്രതിജ്ഞയ്ക്കുശേഷം ഇന്നു രാത്രി നടക്കുന്ന വിരുന്നുകളിലൊന്നിന്റെ സഹ ആതിഥേയൻ മെറ്റ സിഇഒ മാർക്ക് സക്കർബർഗാണ്. 

ഡിസിയിൽ സുരക്ഷാ ജാഗ്രത

പുതിയ യുഎസ് പ്രസിഡന്റിന്റെ സ്ഥാനാരോഹണദിവസം ആക്രമണങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് സുരക്ഷാ ഏജൻസികൾ. അസ്വാഭാവിക ശരീരഭാഷയും സംശയാസ്പദമായ പെരുമാറ്റവുമായി ആരെയെങ്കിലും കണ്ടാൽ ഉടൻ പൊലീസിൽ വിവരം അറിയിക്കാനുള്ള നിർദേശങ്ങൾ ജനങ്ങൾക്കു നൽകിയിട്ടുണ്ട്. സത്യപ്രതിജ്ഞച്ചടങ്ങ് പുറത്തെ വേദിയിൽ അല്ലാത്തതിന്റെ ആശ്വാസം സുരക്ഷാ ഉദ്യോഗസ്ഥർക്കുണ്ടെങ്കിലും മറ്റു ചടങ്ങുകൾ പൊതുവേദികളിൽ നടക്കുന്നുണ്ട്. ക്യാപ്പിറ്റൾ മൈതാനത്ത് ആയുധങ്ങൾ മാത്രമല്ല, വെള്ളക്കുപ്പിയും സെക്കിളും കുടയും ഉൾപ്പെടെയുള്ളവയ്ക്കു നിരോധനമുണ്ട്.

കാണാൻ

വാഷിങ്ടൻ ഡിസിയിൽ ഇന്ന് ഉച്ചയ്ക്ക് 12ന് ആണ് ട്രംപിന്റെ സത്യപ്രതിജ്ഞച്ചടങ്ങ് ആരംഭിക്കുന്നത്. ഇന്ത്യയിൽ രാത്രി 10.30. പ്രമുഖ യുഎസ് ചാനലുകളിലും സി–സ്പാനിലും തത്സമയ സംപ്രേഷണമുണ്ട്. വൈറ്റ്ഹൗസ് വെബ്സൈറ്റിലും ലൈവ് സ്ട്രീമിങ് ഉണ്ടാകും.

English Summary:

US President: Trump's inauguration marks a significant return to power. His first day in office is expected to feature a flurry of executive orders addressing key issues.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com