ഡബ്ല്യുഎച്ച്ഒ തകരും; ആശങ്കയിൽ ലോകാരോഗ്യം: വിന യുഎസിനു തന്നെയെന്ന് വിലയിരുത്തൽ

Mail This Article
ലോകാരോഗ്യ സംഘടനയിൽനിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ലോകത്തെ ആരോഗ്യ മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. വൈകാതെ അത് അമേരിക്കയ്ക്കു തന്നെ വിനയാകുമെന്ന പ്രത്യേകതയുമുണ്ട്. ക്ഷയം, മലമ്പനി, എച്ച്ഐവി എന്നിവ ലോകത്തു പ്രതിരോധിച്ചു നിർത്തിയിരിക്കുന്നതിൽ യുഎസ് കാര്യമായി പിന്തുണയ്ക്കുന്ന ഗ്ലോബൽ ഫണ്ടിനു വലിയ റോളുണ്ട്. പക്ഷേ ലോകാരോഗ്യ സംഘടനയുമായുള്ള പങ്കാളിത്തം ഇപ്പോൾ അവസാനിപ്പിക്കുന്നതും ധനസഹായം വേണ്ടെന്നു വയ്ക്കുന്നതും ഭവിഷ്യത്ത് ഉണ്ടാക്കുമെന്നതിനാൽ പുനരാലോചന വേണ്ടതാണ്. സാംക്രമിക രോഗങ്ങൾ ഏതെങ്കിലുമൊരു രാജ്യത്തിന്റെ അതിർത്തിയിൽ വച്ച് തടയാനാവില്ല.
അമേരിക്കയിൽ കാണുന്ന ക്ഷയരോഗത്തിന്റെ 80–90 ശതമാനവും മറ്റ് രാജ്യങ്ങളിൽനിന്നുള്ളവർ എത്തിച്ചതാണ്. യുഎസിൽ പണിയെടുക്കുന്നവർ വലിയൊരു പങ്ക് ചൈന, ഇന്ത്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നാണ്. ഇവിടെയെല്ലാം സാംക്രമിക രോഗങ്ങളുണ്ട്. മറ്റു രാജ്യങ്ങൾക്കുള്ള ഫണ്ടിങ് അവസാനിപ്പിക്കുന്നത് യുഎസിനെ സാരമായി ബാധിക്കുമെന്നു പറയുന്നതിനുള്ള കാരണം ഇതാണ്. മറ്റിടങ്ങളിൽ നിന്നുള്ള തൊഴിലാളികളില്ലാതെ അമേരിക്കയ്ക്കു മുന്നോട്ടു പോകാനാകില്ല.

ആരോഗ്യമേഖലയിലെ യുഎസ് സഹായം ഇല്ലാതാകുന്നത് മറ്റു രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച് ആരോഗ്യ സംവിധാനങ്ങൾ കുറവുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ.
ഇന്ത്യയ്ക്കു വെല്ലുവിളിയില്ലെങ്കിലും മറ്റ് ഏഷ്യൻ രാജ്യങ്ങളുടെ സ്ഥിതി ആശാവഹമല്ല. പാക്കിസ്ഥാൻ, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങൾക്ക് യുഎസ് സഹായം കിട്ടുന്നുണ്ട്. ഇതു നിലച്ചാൽ ഈ രാജ്യങ്ങളിലെ ആരോഗ്യരംഗം തകിടം മറിയും.
ആശങ്കയിൽ ലോകാരോഗ്യം
ലോകാരോഗ്യ സംഘടനയുമായുള്ള യുഎസിന്റെ ബന്ധം അവസാനിപ്പിക്കാനുള്ള പുതിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ലോകരാജ്യങ്ങൾക്കു മുഴുവൻ തലവേദനയായി. കോവിഡ് കാലത്തെ ചൈനാപക്ഷപാതിത്വം ആരോപിച്ചാണു ട്രംപിന്റെ നടപടി. യുഎസ് അനർഹമായി ഫണ്ട് അനുവദിച്ചതും കാരണമാണെന്നും ട്രംപ് പറയുന്നു.
ലോകത്തു മൊത്തം ആരോഗ്യ മേഖലയിൽ ചലനങ്ങളുണ്ടാക്കുന്നതോടൊപ്പം യുഎസ് ആരോഗ്യമേഖലയ്ക്കും നഷ്ടങ്ങളുണ്ടാക്കുന്ന തീരുമാനമായിരിക്കും ഇത്.

വലിയ സാമ്പത്തിക സ്രോതസ്സ്
ഡബ്ല്യുഎച്ച്ഒയുടെ ആകെ ബജറ്റിന്റെ 18 ശതമാനം നൽകുന്നത് യുഎസാണ്. ഗാസ മുതൽ യുക്രെയ്ൻ വരെയുള്ള രാജ്യങ്ങളിലുള്ള സഹായ പദ്ധതികൾക്കുള്ള ഫണ്ടാണിത്.
എയ്ഡ്സ് പോലുള്ള ലൈംഗികമായി പകരുന്ന രോഗങ്ങൾക്കുള്ള ഫണ്ടിങ്ങിന്റെ 75 ശതമാനം വരെ നൽകുന്നത് യുഎസ്.
55,760 കോടി രൂപ
2024–25 വർഷങ്ങളിലെ ആകെ ബജറ്റ് 55,760 കോടി രൂപ.
ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങളുടെ ഫണ്ടിന്റെ 50% യുഎസാണു നൽകുന്നത്.
പല പദ്ധതികളിലും യുഎസിന്റെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) ഡബ്ല്യുഎച്ച്ഒമായി ചേർന്നു പ്രവർത്തിക്കുന്നു. സിഡിസിയുടെ പല പദ്ധതികൾക്കുമുള്ള ഗവേഷണ വിവരങ്ങൾക്ക് ആശ്രയിക്കുന്നത് ഡബ്ല്യുഎച്ച്ഒയെ.പല ദരിദ്ര രാജ്യങ്ങളിലെ വാക്സിനേഷനുകൾക്കു നേതൃത്വം നൽകുന്നത് ഡബ്ല്യുഎച്ച്ഒ ആണ്. ആ പ്രവർത്തനങ്ങളും അവതാളത്തിലാവും.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)
യുഎന്നിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഡബ്ല്യുഎച്ച്ഒ. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണു പ്രവർത്തനം. പകർച്ചവ്യാധികളും മറ്റുമുണ്ടാകുമ്പോൾ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുക, രാജ്യങ്ങൾക്കു സാങ്കേതിക സഹായം നൽകുക, ഗവേഷണങ്ങൾക്കു നേതൃത്വം നൽകുക എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. 194 അംഗ രാജ്യങ്ങൾ.
സ്ഥാപിച്ചത്: 1948 ഏപ്രിൽ 7
ആസ്ഥാനം: ജനീവ
ലോകാരോഗ്യ ദിനം ഏപ്രിൽ 7
ഇപ്പോഴത്തെ ഡയറക്ടർ ജനറൽ – ടെഡ്രോസ് അഡാനം ഗബ്ര്യൂസ്യൂസ് (ഇത്യോപ്യ)