ഇസ്രയേൽ വെടിവയ്പ്; വെസ്റ്റ് ബാങ്കിൽ 2 പേർ കൊല്ലപ്പെട്ടു

Mail This Article
ജറുസലം ∙ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നടത്തിയ വെടിവയ്പിൽ 2 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസിനോട് അനുഭാവം പ്രകടിപ്പിച്ച് ആഹ്ലാദ പ്രകടനം നടത്തിയ 12 പേരെ കിഴക്കൻ ജറുസലമിൽ അറസ്റ്റ് ചെയ്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു. വെടിനിർത്തലിനോടനുബന്ധിച്ച് നടപ്പിലാക്കിയ നിയന്ത്രണങ്ങളുടെ ലംഘനമാണിതെന്നും സൈന്യം അറിയിച്ചു.
തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇന്നലെ 5 പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ 36 പേർക്ക് പരുക്കേറ്റിരുന്നു. ആയുധങ്ങളുമായി പോയ ഹിസ്ബുല്ല വാഹനങ്ങളെയാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ വക്താവ് അറിയിച്ചു.
സിറിയയിൽ തുർക്കി പിന്തുണയുള്ള വിമതർ നടത്തിയ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും തുർക്കി പിന്തുണയുള്ള വിമതരുമായി സിറിയയിൽ പലയിടത്തും രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്.