ഈ ജയിലിലുണ്ട്, 9/11 ചാവേറുകളുടെ റിക്രൂട്ടർ

Mail This Article
വടക്കുകിഴക്കൻ സിറിയയിൽ റോജാവയിലെ അൽ ഹാസക്ക പട്ടണത്തിലേക്കുള്ള യാത്ര മുഹമ്മദ് ഹൈദർ സമ്മാറിനെ കാണാനായിരുന്നു. 2001 സെപ്റ്റംബർ 11ലെ ന്യൂയോർക്കിലെ ലോകവ്യാപാരാകേന്ദ്രത്തിന്റെ ടവറുകൾ വിമാനമിടിച്ചു തകർത്ത ഭീകരാക്രമണത്തിൽ ചാവേറുകളായ യുവാക്കളെ അൽഖായിദയിൽ ചേർത്ത ആൾ. കുർദിഷ് സ്വയംഭരണ പ്രവിശ്യയായ അൽ ഹാസക്കയിൽ ഐഎസുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലിലാണ് 64 കാരനായ സമ്മാർ.
ജർമൻ പൗരത്വമുള്ള സമ്മാർ, അൽ ഖായിദ നേതാവ് ഉസാമ ബിൻ ലാദനു കീഴിൽ അഫ്നിസ്ഥാനിലാണ് പരിശീലനം നേടിയത്. അൽ ഖായിദയുടെ ചാവേറുകളാകാൻ യുവാക്കളെ കണ്ടെത്തിയതിലും ജർമനിയിലെ ഹംബർഗിൽ അവരെ അൽ ഖായിദയുടെ ആശയങ്ങളിലേക്കു പരിവർത്തനം ചെയ്തെടുത്തതിലും സമ്മാറിനു നിർണായക പങ്കുണ്ടായിരുന്നു. ഐഎസിന്റെ സ്ഥാപകനായ അബൂബക്കർ അൽ ബഗ്ദാദിയെ സമ്മാർ ജയിലിൽ വച്ചു പരിചയപ്പെട്ടുവെന്നാണു കുർദിഷ് അധികൃതർ പറഞ്ഞത്. ജനുവരി 30ന് സിറിയയുടെ ഇടക്കാല പ്രസിഡന്റായ അബു മുഹമ്മദ് അൽ ജുലാനിയും ഇക്കാലത്തു സിറിയൻ ജയിലിൽ ഉണ്ടായിരുന്നു.
അൽ ഖായിദ–ഐഎസ് തീവ്രനിലപാടുകളിൽ അയവുവരുത്തിയ സമ്മാറിനെ അനാരോഗ്യം തളർത്തിയിരിക്കുന്നു. കുടുംബാംഗങ്ങളെ കാണണമെന്ന ആഗ്രഹം മാത്രമേ ഇപ്പോഴുള്ളു. 2018 ൽ ഐഎസ് തോൽപ്പിക്കപ്പെട്ട ശേഷം ഇതാദ്യമാണ് ഒരു മാധ്യമത്തിന് അഭിമുഖം നൽകുന്നത്.
‘എനിക്ക് വയറിന് അസുഖമുണ്ട്. കാറപടകത്തിൽ കാലൊടിഞ്ഞു കിടപ്പിലായതോടെയാണു ഞാൻ കീഴടങ്ങിയത്’– സമ്മാർ പറഞ്ഞു. സമ്മാറിന്റെ ആദ്യഭാര്യ സിറിയക്കാരിയാണ്. അവർ ഇപ്പോൾ ജർമനിയിലാണ്. രണ്ടാം ഭാര്യ മൊറോക്കക്കാരിയും. അവരിൽ 6 മക്കളുണ്ട്.
1961ൽ അലപ്പോയിലാണു ജനിച്ചത്. പിതാവ് 1963 ൽ ജർമനിയിലെത്തി. 1971ൽ സഹോദരിക്കൊപ്പം സമ്മാറും ജർമനിയിലെത്തി. ജർമൻഭാഷ പഠിച്ചു. പത്താം ക്ലാസിനുശേഷം മെർസിഡസ് ബെൻസിൽ മെക്കാനിക് ആയി ജോലി ചെയ്തു. പിന്നീട് സൗദിയിൽ പോയി. 2 വർഷത്തിനുശേഷം ജർമനിയിൽ തിരിച്ചെത്തി. സിറിയയിലേക്കും ജോർദാനിലേക്കും തുടർച്ചയായി യാത്ര ചെയ്തു. ഇക്കാലത്തു സിറിയയിലെ ഹഫീസ് അൽ അസദ് ഭരണത്തിനെതിരെ സായുധസമരം ചെയ്യുന്ന ഒരു സംഘടനയിൽ അംഗമായി. ഉസാമ ബിൻ ലാദന്റെ അൽ ഖായിദ ശക്തിപ്രാപിച്ചപ്പോൾ 1991 ൽ അഫ്ദാനിസ്ഥാനിലേക്ക് ആദ്യയാത്ര നടത്തി.
‘അഫ്ഗാനിലെ അൽ ഖായിദ ക്യാംപിൽ ബിൻ ലാദനൊപ്പം ഞാൻ 2 മാസമുണ്ടായിരുന്നു. പിന്നീട് ജലാലാബാദിൽ ലാദനൊപ്പം യുദ്ധം ചെയ്യാനും പോയി’ 9/11 ആക്രമണത്തിനു വിമാനങ്ങൾ റാഞ്ചിയ മുഹമ്മദ് അത്തായെയും കൂട്ടരെയും ചാവേറാകാൻ പ്രേരിപ്പിച്ചതു സമ്മാറാണെന്നാണ് 9/11 ഭീകരാക്രമണം സംബന്ധിച്ചുള്ള യുഎസ് കോൺഗ്രസ് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ, വായാടിയായ സമ്മാറിനു രഹസ്യം സൂക്ഷിക്കാനാവില്ലെന്ന പേരിൽ അയാളിൽനിന്ന് പദ്ധതി അൽ ഖായിദ നേതൃത്വം മറച്ചുവച്ചുവെന്നാണു സിഐഎയുടെ നിഗമനം. 9/11 നു ശേഷം ജർമനിയിൽ സമ്മാർ അറസ്റ്റിലായെങ്കിലും ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. പിന്നീട് മൊറോക്കോയിൽ രണ്ടാം ഭാര്യയ്ക്കൊപ്പം യാത്രയിലായിരിക്കെ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 23 ദിവസം കസ്റ്റഡിയിൽ വച്ചശേഷം സിറിയയ്ക്കു കൈമാറി. ഡമാസ്കസിലെ ഒരു ജയിലിലായിരുന്നു നാലരവർഷം. അതിനുശേഷം കുപ്രസിദ്ധമായ സെദ്നായ ജയിലിലേക്കു മാറ്റി. അവിടെ 12 വർഷം കഴിഞ്ഞു. ‘എന്നെ തൂക്കിക്കൊല്ലാനായിരുന്നു കോടതി വിധിച്ചത്. പിന്നീട് ജീവപര്യന്തമായി ഇളവു ചെയ്തു’.
ജയിലിലായിരിക്കേയാണ് ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ പരിചയപ്പെട്ടത്. 2013 ൽ ആണു സമ്മാർ ജയിൽമോചിതനായത്. 2014 ൽ ഐഎസിൽ ചേർന്നു. ഭീകരസംഘടനയുടെ പബ്ലിക് റിലേഷൻസ് വിഭാഗത്തിലായിരുന്നു ജോലി. ഐഎസിന്റെ പതനം ആരംഭിച്ചപ്പോൾ യുഎസ് പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിനു മുന്നിൽ കീഴടങ്ങി. ‘ഞാൻ രോഗിയായിരുന്നു. ഭാര്യ ഗർഭിണിയും. കീഴടങ്ങാതെ എനിക്ക് നിവൃത്തിയില്ലായിരുന്നു.’
അൽ ഹാസക്ക ജയിലിൽ ഇന്ത്യക്കാരായ 3 തടവുകാരുമുണ്ടെന്ന വെളിപ്പെടുത്തൽ കൂടി സംഭാഷണം അവസാനിപ്പിക്കും മുൻപ് സമ്മാർ നടത്തി. 2014നും 2016നുമിടയിൽ ഐഎസിൽ ചേർന്ന ഇവർ കശ്മീരിൽനിന്നുള്ളവരാണെന്ന സൂചനയാണു സമ്മാർ നൽകിയത്.(വിശദമായ അഭിമുഖം ഈ ലക്കം ‘ദ് വീക്ക്’ വാരികയിൽ)