ലബനനിൽ പുതിയ സർക്കാർ; നവാഫ് സലാം പ്രധാനമന്ത്രി

Mail This Article
ബെയ്റൂട്ട് ∙ ലബനനിൽ 2 വർഷത്തിനുശേഷം പുതിയ സർക്കാർ അധികാരമേറ്റു. യുദ്ധവും നിരന്തരമായ സംഘർഷങ്ങളും മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന രാജ്യത്ത് സർക്കാരുണ്ടാക്കാൻ പ്രധാനമന്ത്രിയായി നവാഫ് സലാമിനെ പ്രസിഡന്റ് ജോസഫ് ഔൻ നിർദേശിക്കുകയായിരുന്നു. ക്രിസ്ത്യൻ, മുസ്‍ലിം വിഭാഗങ്ങൾക്ക് തുല്യ പ്രാതിനിധ്യം നൽകി സലാം 24 അംഗ മന്ത്രിസഭയുണ്ടാക്കി.
2022ൽ കാവൽ മന്ത്രിസഭ രാജിവച്ചതിനെത്തുടർന്ന് ഇവിടെ മന്ത്രിസഭയുണ്ടായിരുന്നില്ല. രാജ്യത്തിന്റെ തെക്കൻ അതിർത്തിയിൽ തുടർന്നിരുന്ന ഇസ്രയേൽ–ഹിസ്ബുല്ല യുദ്ധത്തിൽ കഴിഞ്ഞ നവംബറിൽ വെടിനിർത്തൽ നിലവിൽ വന്നിരുന്നു. പുതിയ പ്രധാനമന്ത്രി സലാമിനെ പിന്തുണയ്ക്കാൻ ഹിസ്ബുല്ല തയാറായിട്ടില്ലെങ്കിലും മന്ത്രിസഭയിലെ മുസ്‍ലിം പ്രാതിനിധ്യം സംബന്ധിച്ച് ചർച്ചകൾക്കു തയാറായിരുന്നു. മുൻ സൈനിക മേധാവിയായ ജോസഫ് ഔനിനെ കഴിഞ്ഞ മാസമാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്.