ഗാസ വലിയ റിയൽ എസ്റ്റേറ്റ്: ട്രംപ്; ഗാസ സ്വന്തമാക്കുമെന്ന പ്രഖ്യാപനം ആവർത്തിച്ച് യുഎസ് പ്രസിഡന്റ്

Mail This Article
ജറുസലം ∙ ഗാസ വാങ്ങുകയും സ്വന്തമാക്കുകയും ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ, എന്ത് അധികാരത്തിലാണ് യുഎസ് ഇതു ചെയ്യാൻ പോകുന്നതെന്നു ട്രംപ് വ്യക്തമാക്കിയില്ല. ‘ ഗാസ ഇടിച്ചുനിരത്തിയ ഇടമാണ്. അവശേഷിക്കുന്നതും പൂർണമായി നിരത്തും. അവിടെ ഇനി ഹമാസ് അടക്കം ആരുമുണ്ടാവില്ല. ഗാസ ഒരു വലിയ റിയൽ എസ്റ്റേറ്റ് സ്ഥലമാണ്. അമേരിക്ക അതു സ്വന്തമാക്കും. മനോഹരമായി പുനർനിർമിക്കും ’–ട്രംപ് പറഞ്ഞു.

ഗാസ മുനമ്പിന്റെ ഭാഗങ്ങൾ മനോഹരമായി പുനർനിർമിക്കാൻ മധ്യപൂർവദേശത്തെ മറ്റു സമ്പന്ന രാജ്യങ്ങളെ യുഎസ് അനുവദിക്കും. എന്നാൽ ഹമാസിന്റെ മടങ്ങിവരവ് അനുവദിക്കില്ല–ന്യൂഓർലിയൻസിലേക്കുള്ള യാത്രയ്ക്കിടെ എയർഫോഴ്സ് വണിൽ മാധ്യമപ്രവർത്തകരോട് പ്രസിഡന്റ് പറഞ്ഞു. ഗാസയിലെ 20 ലക്ഷത്തിലേറെ വരുന്ന പലസ്തീൻകാർ ഒഴിയണമെന്ന വാദവും ആവർത്തിച്ചു. കുറച്ചു പലസ്തീൻകാരെ അമേരിക്ക സ്വീകരിക്കാൻ ഒരുക്കമാണ്. എന്നാൽ ഓരോ അപേക്ഷയും പ്രത്യേകം പരിശോധിക്കും.
ഗാസ യുഎസ് ഏറ്റെടുത്ത് അവിടെ ഉല്ലാസകേന്ദ്രം നിർമിക്കുമെന്ന് അധികാരമേറ്റതിനുപിന്നാലെ ട്രംപ് പ്രഖ്യാപിച്ചത് രാജ്യാന്തര പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ നീക്കം യുഎസ് സഖ്യകക്ഷികളായ അറബ് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും തള്ളുകയും ചെയ്തു.
അതേസമയം, ജനുവരി 19ന് ആരംഭിച്ച ഗാസ വെടിനിർത്തലിന്റെ ഭാവി സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞ ദിവസം ദോഹയിലെത്തിയ ഇസ്രയേൽ പ്രതിനിധി സംഘം ഇന്നലെ മടങ്ങി. ഹമാസ് ബന്ദികളെ വിടുന്ന ദൃശ്യങ്ങൾ നാത്‌സി തടങ്കൽപാളയങ്ങളിൽ നിന്നു മോചിപ്പിക്കപ്പെട്ടവരെ അനുസ്മരിപ്പിക്കുന്നുവെന്നും ഇതു ക്ഷമ കെടുത്തുന്നെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം വിട്ട മൂന്ന‌് ഇസ്രയേലി ബന്ദികൾ അവശനിലയിലായിരുന്നതു പരാമർശിച്ചാണു ട്രംപ് ഇതു പറഞ്ഞത്. തീവ്രനിലപാടുകാരായ നെതന്യാഹുവിന്റെ സഖ്യകക്ഷികൾ വെടിനിർത്തൽ അവസാനിപ്പിക്കാൻ സമ്മർദം ശക്തമാക്കിയിട്ടുണ്ട്. ഗാസയിൽ ശേഷിക്കുന്നത് 76 ബന്ദികളാണ്.
കൂടുതൽ ബന്ദികളെ മോചിപ്പിക്കുകയും ഇസ്രയേൽ സൈന്യം പൂർണമായും പിന്മാറുകയും ചെയ്യുന്ന രണ്ടാം ഘട്ടം വെടിനിർത്തൽ സംബന്ധിച്ച ചർച്ച ഈ മാസം 4 ന് ആരംഭിക്കേണ്ടതായിരുന്നു. നെതന്യാഹു ഇന്നു സുരക്ഷാ കാബിനറ്റ് യോഗം വിളിച്ചിട്ടുണ്ട്.