ADVERTISEMENT

ന്യൂയോർക്ക്∙ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ്എഐ തങ്ങളുടെ എഐ ചാറ്റ്ബോട്ടായ ‘ഗ്രോക് 3’ ഇന്ത്യൻ സമയം നാളെ രാവിലെ 9.30ന് പുറത്തിറക്കും. ചാറ്റ്ബോട്ടിന്റെ സവിശേഷതകൾ വിവരിച്ചുള്ള ലൈവ് ഡെമോയും ഓൺലൈനായി അതേസമയം എക്സ്എഐ നടത്തും.

‘ഭൂമിയിലെ ഏറ്റവും സ്മാർട്ടായ എഐ’ എന്നാണു ഗ്രോക് 3ക്ക് മസ്ക് നൽകിയിരിക്കുന്ന വിശേഷണം. ജനറേറ്റീവ് എഐ രംഗത്തെ പ്രമുഖ പ്ലാറ്റ്ഫോമായ ചാറ്റ്ജിപിടിക്കൊരു വെല്ലുവിളി എന്ന നിലയിലാണു ഗ്രോക് 3 വരുന്നത്. നിലവിലുള്ള എല്ലാ എഐ പ്ലാറ്റ്ഫോമുകളെയും പിന്തള്ളുന്ന പ്രകടനമായിരിക്കും ഗ്രോക് 3 നടത്തുകയെന്നും കമ്പനി അവകാശപ്പെടുന്നു.

ഡിജിറ്റൽ വിവരങ്ങൾ അഥവാ ഡേറ്റ ഉപയോഗിച്ചാണ് എഐ പ്ലാറ്റ്ഫോമുകൾ പ്രവർത്തിക്കുന്നത്. ഒരു കുട്ടി ചുറ്റുമുള്ള കാര്യങ്ങൾ മനസ്സിലാക്കി വളരുന്നതുപോലെ ഡേറ്റ പഠിച്ചും വിലയിരുത്തിയുമാണ് എഐയും വികാസം തേടുന്നത്. വരുത്തുന്ന തെറ്റുകൾ ഡേറ്റ നോക്കി വീണ്ടും വീണ്ടും പരിഹരിക്കുന്ന സവിശേഷത ഗ്രോക് 3 പുലർത്തുന്നുണ്ടെന്നാണു കമ്പനിയുടെ വാദം. ഡേറ്റയിൽ തെറ്റുണ്ടെങ്കിൽ അതു കണ്ടെത്തി നീക്കാനും ഇതിനു കഴിയും. സ്ഥിരതയും കൃത്യതയും ഇതുവഴി പ്ലാറ്റ്ഫോം ഉറപ്പുവരുത്തുമെന്നു മസ്ക് പറയുന്നു.

ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺഎഐയുടെ സ്ഥാപകരിൽ ഒരാൾ ഇലോൺ മസ്ക് ആയിരുന്നു. എന്നാൽ പിന്നീട് ഓപ്പൺഎഐയുടെ വലിയ വിമർശകനായി മസ്ക് മാറി. ലാഭരഹിത രീതിയിൽ വിഭാവനം ചെയ്യപ്പെട്ട കമ്പനി ലാഭക്കണ്ണുകളോടെ പ്രവർത്തിക്കുന്നെന്നായിരുന്നു മസ്കിന്റെ ആരോപണം. നിയമയുദ്ധങ്ങളിലേക്കും ഇതു വഴിവച്ചു. അടുത്തിടെ ഓപ്പൺഎഐ ഏറ്റെടുക്കാൻ മസ്ക് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു, എന്നാൽ ഓപ്പൺഎഐ സിഇഒ സാം ആൾട്മാൻ ആ ഓഫർ തുടക്കത്തിലേ തള്ളി. ഈ പശ്ചാത്തലത്തിൽ ഗ്രോക് 3 കൂടി വരുന്നതോടെ സാങ്കേതികരംഗത്ത് എഐ യുദ്ധം മുറുകുകയാണ്.

English Summary:

Elon Musk's Groq 3: The ChatGPT challenger arrives

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com