സിംഗപ്പൂരിൽ പ്രതിപക്ഷനേതാവിന് പിഴശിക്ഷ; നുണമൊഴിയിൽ ഉറച്ചുനിൽക്കാൻ പറഞ്ഞതിന് 14,000 ഡോളർ പിഴ

Mail This Article
സിംഗപ്പൂർ ∙ പാർലമെന്റ് സമിതിക്കു തെറ്റായ മൊഴി നൽകിയ 2 കേസുകളിലായി ഇന്ത്യൻ വംശജനായ പ്രതിപക്ഷനേതാവ് പ്രീതം സിങ്ങിന് കോടതി 14,000 സിംഗപ്പൂർ ഡോളർ (ഒൻപതര ലക്ഷത്തോളം രൂപ) പിഴ വിധിച്ചു. വർക്കേഴ്സ് പാർട്ടി സെക്രട്ടറി ജനറൽ കൂടിയായ സിങ് 2021 ൽ പാർട്ടി എംപിയായിരുന്ന റയീസ ഖാനെ രക്ഷിക്കുന്നതിനു നടത്തിയ ശ്രമമാണ് വിനയായത്.
ഒരു ലൈംഗികാതിക്രമത്തിലെ ഇരയെ പൊലീസ് ഉപദ്രവിച്ചു എന്ന് റയീസ ഖാൻ പാർലമെന്റ് സമിതിക്കു തെറ്റായി മൊഴി നൽകിയിരുന്നു. എന്നാൽ, പറഞ്ഞത് നുണയായിരുന്നുവെന്ന് പിന്നീട് അവർ സമ്മതിക്കുകയും പിഴ ശിക്ഷ ലഭിച്ചതിനെത്തുടർന്ന് എംപി സ്ഥാനം രാജിവയ്ക്കുകയും പാർട്ടി വിടുകയും ചെയ്തു. മൊഴിയിൽ ഉറച്ചുനിൽക്കാൻ റയീസ ഖാനോട് പറഞ്ഞ സിങ് അതുസംബന്ധിച്ച പാർലമെന്ററി സമിതിയുടെ ചോദ്യങ്ങൾക്കു തെറ്റായ വിവരം നൽകിയതാണ് കേസിനിടയാക്കിയത്.
ശിക്ഷിക്കപ്പെട്ടെങ്കിലും നവംബറിലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രീതം സിങ് പറഞ്ഞു. ഒരു കേസിൽ 10,000 ഡോളറിലേറെ പിഴയോ ഒരു വർഷം തടവോ ലഭിച്ചാൽ ഭരണഘടനയനുസരിച്ച് മത്സരിക്കാനാവില്ല. എന്നാൽ, ഓരോ കേസിലും 7000 ഡോളർ വീതം പിഴയാണ് പ്രീതം സിങ്ങിന് ശിക്ഷ ലഭിച്ചതെന്നതിനാൽ മത്സരിക്കാൻ വിലക്കില്ല.