ഗാസ വെടിനിർത്തൽ രണ്ടാംഘട്ടം ചർച്ചയ്ക്ക് ഒരുക്കം; ഇസ്രയേൽ സംഘം കയ്റോയിലേക്ക്

Mail This Article
ജറുസലം ∙ ഹമാസ് 4 ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിനു പിന്നാലെ 600 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചു. ഇതോടെ ജനുവരി 19ന് ആരംഭിച്ച ആറാഴ്ചത്തെ ഗാസ വെടിനിർത്തൽ ഒന്നാംഘട്ടം പൂർത്തിയായി. കയ്റോയിൽ നടക്കുന്ന രണ്ടാംഘട്ട ചർച്ചയിൽ ഇസ്രയേൽ പങ്കെടുക്കും. പ്രതിനിധിസംഘം പുറപ്പെട്ടതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ചർച്ചയ്ക്കു സന്നദ്ധമെന്നു ഹമാസും വ്യക്തമാക്കി.
അവശേഷിക്കുന്ന ബന്ദികളെയും തിരിച്ചെത്തിക്കുംവരെ വെടിനിർത്തൽ തുടരാൻ ജനസമ്മർദം നെതന്യാഹു സർക്കാരിനുമേലുണ്ട്. രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ മൂന്നാഴ്ച മുൻപേ ആരംഭിക്കേണ്ടതായിരുന്നുവെങ്കിലും ഇസ്രയേൽ നിസ്സഹകരണം മൂലം നീണ്ടുപോകുകയായിരുന്നു.
യുഎസ് മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതിയനുസരിച്ച് നാളെ മുതൽ ഗാസ–ഈജിപ്ത് അതിർത്തിയിലെ ഫിലഡെൽഫി ഇടനാഴിയിൽനിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങേണ്ടതാണ്. എന്നാൽ, സൈന്യം അതിർത്തിയിൽ തുടരുമെന്ന നിലപാടിലാണ് നെതന്യാഹു സർക്കാർ. രണ്ടാംഘട്ട ചർച്ചയിൽ ഇതായിരിക്കും പ്രധാന കീറാമുട്ടി. ഒന്നാംഘട്ട വെടിനിർത്തൽ കാലയളവിൽ കുട്ടികളടക്കം 456 പലസ്തീൻ തടവുകാരെയാണ് ഇസ്രയേൽ വിട്ടയച്ചത്.