പുതിയ ആണവക്കരാർ: ഖമനയിക്ക് ട്രംപിന്റെ കത്ത്

Mail This Article
വാഷിങ്ടൻ ∙ ഇറാനുമായി പുതിയ ആണവക്കരാറിലെത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം. ഇതു സംബന്ധിച്ച ചർച്ചയ്ക്കു വിളിച്ച് ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്കു കത്തയച്ചതായി ചാനൽ അഭിമുഖത്തിൽ ട്രംപ് വെളിപ്പെടുത്തി. ‘ചർച്ചയ്ക്കു തയാറാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു; കാരണം ഇറാന് അതു വലിയ ഗുണം ചെയ്യും’– എന്നാണ് കത്തിലെഴുതിയതെന്നും പ്രസിഡന്റ് പറഞ്ഞു. രണ്ടു രീതിയിൽ പ്രശ്നത്തെ സമീപിക്കാമെന്ന് ട്രംപ് അഭിമുഖത്തിൽ പറഞ്ഞു: സൈനികമായി കൈകാര്യം ചെയ്യുക, അല്ലെങ്കിൽ കരാറുണ്ടാക്കുക. ‘എനിക്കിഷ്ടം കരാറിന്റെ വഴിക്കു പോകാനാണ്. കാരണം, സൈനികമായി നേരിട്ട് ഇറാനു ബുദ്ധിമുട്ടുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർ നല്ല കക്ഷികളാണ്’– ട്രംപ് വിശദീകരിച്ചു.ട്രംപിന്റെ ആദ്യ ഭരണകാലത്ത്, 2018ൽ ആണ്, ആണവായുധമുണ്ടാക്കുന്നതിൽനിന്നു ഇറാനെ തടയുന്ന ബഹുരാഷ്ട്ര കരാറിൽനിന്നു യുഎസ് പിന്മാറിയത്. പുതിയ ആണവക്കരാറാണ് ട്രംപ് ഇപ്പോൾ ലക്ഷ്യമിടുന്നത്. യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾക്കു മധ്യസ്ഥത വഹിക്കാമെന്ന് റഷ്യ കഴിഞ്ഞ ദിവസം സന്നദ്ധത അറിയിച്ചിരുന്നു.