ചൈന– പാക്ക് ബെൽറ്റ് റോഡിൽ രോഷം ഇരട്ടിച്ചു: ബലൂചികളുടെ സ്വാതന്ത്ര്യമോഹം തകർക്കുമോ ആ പദ്ധതി? തീരാ തലവേദന

Mail This Article
ന്യൂഡൽഹി ∙ പാക്കിസ്ഥാന്റെ തീരാതലവേദനയാണ് ബലൂചിസ്ഥാനിലെ വിഘടനവാദം. അർധമരുഭൂമിയെങ്കിലും ധാതുസമ്പത്തിനു പേരുകേട്ടതും വികസനത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നതുമായ പ്രവിശ്യ. പാക്കിസ്ഥാനിൽനിന്നു സ്വതന്ത്രമാകണമെന്ന പണ്ടേയുള്ള ആഗ്രഹത്തിനു പുറമേ, ധാതുസമ്പത്ത് പഞ്ചാബികളായ വരേണ്യവർഗം ചൂഷണം ചെയ്യുകയാണെന്നാണു ബലൂചികളുടെ വാദം. പർവേസ് മുഷറഫിന്റെ കാലത്ത് 2007–ൽ ബലൂച് നേതാവ് നവാബ് അക്ബർ ബുഗ്തിയെ സൈന്യം വെടിവെച്ചുകൊന്നത് അവരുടെ രോഷം ആളിക്കത്തിച്ചു. അതിനുശേഷം ബലൂചിസ്ഥാൻ സമാധാനമെന്തെന്ന് അറിഞ്ഞിട്ടില്ല.
പാക്ക് സർക്കാർ ചൈനയുടെ സഹായത്തോടെ ഗ്വാദറിൽ വൻ തുറമുഖം നിർമിച്ചത് ബലൂചിസ്ഥാന്റെ ധാതുസമ്പത്ത് ചൈനയ്ക്ക് നൽകി ചൂഷണം ചെയ്യാനാണെന്ന ആരോപണംകൂടി ഇതിനിടെ ഉയർന്നു. തുറമുഖത്തു നേരിട്ട് ആക്രമണമുണ്ടായില്ലെങ്കിലും തുറമുഖത്തേക്കുള്ള വാഹനങ്ങൾക്കു നേരെയും റോഡ്–റെയിൽ പാതകളെയും ബലൂചി വിഘടനവാദികൾ പതിവായി ആക്രമിച്ചു. 2017-ൽ ചൈനയുടെ ബെൽറ്റ് റോഡ് പദ്ധതിയിൽ പാക്കിസ്ഥാൻ ഭാഗമായതോടെ ആക്രമണം ശക്തമായി. ചൈനയിൽ നിന്നു പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള ഗിൽഗിത് – ബാൽട്ടിസ്ഥാൻ പ്രദേശത്തുകൂടി (ഇത് അധിനിവേശ കശ്മീരിനോടൊപ്പം ഇന്ത്യയിൽനിന്ന് 1947–48 ൽ അനധികൃതമായി പിടിച്ചെടുത്തതാണ്) തെക്കോട്ട് ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയും തുറമുഖമായ ഗ്വാദറും വരെയുള്ള വ്യാവസായിക ഇടനാഴി നിർമിക്കുക എന്നതാണു പദ്ധതി.
ഇതിന്റെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ചൈനീസ് എൻജിനിയർമാരാണു പാക്ക് സൈനികരോടൊപ്പം അടുത്തകാലത്തായി ബലൂചികളുടെ പ്രധാന ആക്രമണ ലക്ഷ്യമായി കണ്ടുവരുന്നത്. ബെൽറ്റ് റോഡ് പദ്ധതിയുടെ നട്ടെല്ലാണ് ക്വറ്റയിൽ നിന്നുള്ള റെയിൽപാത. അതിനാൽതന്നെ, ബലൂച് ലിബറേഷൻ ആർമി അടുത്തകാലത്തായി ട്രെയിനുകൾ, റെയിൽവേ സ്റ്റേഷനുകൾ, റെയിൽപാതകൾ എന്നിവയാണു കൂടുതൽ ആക്രമിക്കുന്നത്. ബലൂച് ലിബറേഷൻ ആർമിയുടെ ചാവേർ വിഭാഗമായ മജീദ് ബ്രിഗേഡ് ആണ് മിക്ക ആക്രമണങ്ങളുടെയും പിന്നിൽ. കഴിഞ്ഞകൊല്ലം ജനുവരിയിൽ മാച്ച് പട്ടണത്തിലെ പാക്ക് സൈന്യത്തിലെ ഫ്രോണ്ടിയർ കോറിന്റെ ആസ്ഥാനത്തോടൊപ്പം റെയിൽവേ സ്റ്റേഷനും ആകമിച്ചു. 4 റെയിൽവേ ജീവനക്കാരും 2 സിവിലിയൻമാരും 9 ചാവേറുകളും കൊല്ലപ്പെട്ടു. നവംബറിൽ ക്വറ്റയിൽതന്നെ മറ്റൊരു റെയിൽവേ സ്റ്റേഷൻ ആക്രമിച്ചതിൽ 25 പേരാണ് കൊല്ലപ്പെട്ടത്. സംഘർഷത്തെത്തുടർന്നു ക്വറ്റ–പെഷാവർ പാതയിൽ കഴിഞ്ഞ വർഷം ഒന്നര മാസം ട്രെയിൻ സർവീസ് നിർത്തിവച്ചിരുന്നു.
റഷ്യയും പാക്കിസ്ഥാനും തമ്മിൽ അടുത്തിടെ തുടക്കമിട്ട വാണിജ്യബന്ധങ്ങളുടെ ഭാഗമായി കറാച്ചിയിൽ നിന്നാരംഭിക്കുന്ന നേരിട്ടുള്ള ചരക്കുതീവണ്ടിയുടെ പൈലറ്റ് റൺ 15–നു നടക്കേണ്ടതാണ്. കറാച്ചിയിൽ നിന്നു പുറപ്പെട്ട് ബലൂചിസ്ഥാനിലൂടെ ഇറാൻ അതിർത്തിയിലെത്തി, അവിടെനിന്ന് തുർക്ക്മെനിസ്ഥാൻ, കസഖ്സ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ കടന്ന് റഷ്യയിലെത്തിക്കാനാണു ശ്രമം. ഇന്നലത്തെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈ യാത്രയുടെ കാര്യം സംശയത്തിലായി. ബിഎൽഎയ്ക്കു പുറമേ ജയ്ഷെ അൽ അദ്‌ൽ, ബലൂച് ലിബറേഷൻ ഫ്രണ്ട് എന്നിവരും ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.