ADVERTISEMENT

മോസ്കോ ∙ റഷ്യയിൽ യുക്രെയ്നിന്റെ കനത്ത ഡ്രോൺ ആക്രമണം. മോസ്കോ അടക്കം 10 പ്രവിശ്യകളിൽ ചൊവ്വാഴ്ച പുലർച്ചെ നടന്ന ആക്രമണങ്ങളിൽ 3 പേർ കൊല്ലപ്പെട്ടു. 18 പേർ‍ക്കു പരുക്കേറ്റു. റഷ്യയ്ക്കുനേരെ യുക്രെയ്ൻ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്. വിവിധ മേഖലകളിലായി 337 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ സേന അറിയിച്ചു. മോസ്കോയിലെ 6 വിമാനത്താവളങ്ങൾ അടച്ചിട്ടു. സൗദിയിലെ ജിദ്ദയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽസ് എന്നിവരുമായി യുക്രെയ്ൻ പ്രതിനിധി സംഘം നടത്തുന്ന സമാധാനചർച്ചയ്ക്കു മണിക്കൂറുകൾക്കു മുൻപാണ് ആക്രമണം.

യുക്രെയ്ൻ അതിർത്തിയോടു ചേർന്ന കർസ്ക്, ബെൽഗൊറോദ്, ബ്രയാൻസ്ക്, വൊറോനീഷ് എന്നിവയ്ക്കു പുറമേ ഉൾമേഖലകളിലെ കലുഗ, ലിപെറ്റ്സ്ക്, നിഷ്നി നോവ്ഗൊറോദ്, ഒറിയോൽ, റെയ്സൻ എന്നീ മേഖലകളിലും ആക്രമണമുണ്ടായി. റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമിട്ടെത്തിയ 70 ഡ്രോണുകളിലേറെയും വെടിവച്ചിട്ടെന്നു സൈന്യം അറിയിച്ചു. ഒട്ടേറെ പാർപ്പിടസമുച്ചയങ്ങൾക്കു കേടു പറ്റി.  നിർത്തിയിട്ടിരുന്ന കാറുകളും തകർന്നു. മോസ്കോ മേഖലയിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.അതേസമയം, വിവിധ യുക്രെയ്ൻ പ്രദേശങ്ങളിൽ റഷ്യൻ സൈന്യം മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. തെക്കൻ യുക്രെയ്നിലെ ഒഡേസയിൽ ബോംബാക്രമണത്തിൽ ഇന്ധന സംഭരണശാലയ്ക്കു തീപിടിച്ചു. കർസ്ക് പ്രവിശ്യയിൽ യുക്രെയ്ൻ കൈവശപ്പെടുത്തിയ പ്രദേശങ്ങളിൽ 100 ചതുരശ്ര കിലോമീറ്റർ തിരിച്ചുപിടിച്ചതായും റഷ്യ അവകാശപ്പെട്ടു.

English Summary:

Ukraine Drone Attack on Moscow: Casualties and Damage Reported

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com