രക്ഷാപ്രവർത്തകരെ വെടിവച്ചുകൊന്ന സംഭവം: ഇസ്രയേൽ അതിക്രമത്തിന് തെളിവായി വിഡിയോ

Mail This Article
ന്യൂയോർക്ക് ∙ കഴിഞ്ഞ മാസം ഗാസയിൽ പലസ്തീൻ അടിയന്തര വൈദ്യസഹായ സംഘത്തിലെ 15 പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം തെറ്റെന്നു തെളിയിക്കുന്ന വിഡിയോ പുറത്ത്. കൊല്ലപ്പെട്ട രക്ഷാപ്രവർത്തകന്റെ ഫോണിലെ വിഡിയോ കണ്ടെടുത്തതോടെ, വൈദ്യസഹായ സംഘമാണെന്നറിഞ്ഞിട്ടും ഇസ്രയേൽ സൈന്യം വെടിവച്ചുകൊല്ലുകയായിരുന്നുവെന്നു തെളിഞ്ഞു. കുഴിച്ചിട്ട മൃതദേഹങ്ങൾ ഒരാഴ്ചയ്ക്കുശേഷമായിരുന്നു ലഭിച്ചത്.
പലസ്തീൻ ആംബുലൻസുകളിൽ എമർജൻസി ലൈറ്റുകളോ സിഗ്നലുകളോ ഇല്ലായിരുന്നുവെന്നും ഇതുമൂലം വെടിയുതിർത്തുവെന്നാണു ഇസ്രയേൽ സൈന്യം ആദ്യം അവകാശപ്പെട്ടത്. ആംബുലൻസുകളിൽ ഹമാസ് സംഘമായിരുന്നുവെന്നും സൈന്യം പിന്നീട് അവകാശപ്പെട്ടു. എന്നാൽ, പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയും സിവിൽ ഡിഫൻസ് ടീമും എമർജൻസി വാഹനങ്ങളിൽ ലൈറ്റുകൾ ഫ്ലാഷ് ചെയ്തു സാവധാനം നീങ്ങുന്നതു വിഡിയോയിൽ കാണാം. റെഡ് ക്രസന്റ് ലോഗോയും വ്യക്തം.
പരുക്കേറ്റവരെ കൊണ്ടുവരാൻ പോയ ആംബുലൻസുകളിലൊന്നു മടങ്ങിവരാതെ വന്നപ്പോൾ അവരെ സഹായിക്കാനായിരുന്നു ഇവർ പോയത്. ഓറഞ്ചു യൂണിഫോമണിഞ്ഞ് 3 ആരോഗ്യപ്രവർത്തകരാണ് ആദ്യം പുറത്തിറങ്ങിയത്. വഴിയിൽ കിടക്കുന്ന ആദ്യത്തെ ആംബുലൻസിനുനേരെ ഇവർ നീങ്ങുന്നതു കാണാം. അപ്പോഴേക്കും കനത്ത വെടിവയ്പുണ്ടായി. ആദ്യം ഒരാൾ വെടിയേറ്റു വീണു. ഫോണിൽ വീഡിയോ എടുത്തുകൊണ്ടിരുന്നയാൾ പരിഭ്രാന്തിയോടെ പ്രാർഥിക്കുന്നതു കേൾക്കാം. ‘അമ്മേ, ക്ഷമിക്കൂ, മനുഷ്യരെ സഹായിക്കാനുള്ള വഴിയാണു ഞാൻ തിരഞ്ഞെടുത്തത്’– 6 മിനിറ്റ് 40 സെക്കൻഡ് വിഡിയോ അവസാനിക്കും മുൻപേ കരച്ചിലോടെ അയാളുടെ സ്വരം നേർത്തുപോകുന്നു.
കഴിഞ്ഞ മാസം 23നു പുലർച്ചെ ഗാസയിൽ 8 റെഡ് ക്രസന്റ് പ്രവർത്തകരും 6 സിവിൽ ഡിഫൻസ് പ്രവർത്തകരും ഒരു യുഎൻ സ്റ്റാഫുമടക്കം 15 പേരാണ് ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടത്. റഫയിലെ ടെൽ അൽ സുൽത്താൻ മേഖലയിലായിരുന്നു സംഭവം. മൃതദേഹങ്ങൾ സഹിതം വാഹനങ്ങൾ ബുൾഡോസർ കൊണ്ട് ഇടിച്ച് കുഴിയിലിട്ടു മൂടുകയായിരുന്നു. ഒരാഴ്ചയ്ക്കുശേഷം യുഎൻ സംഘവും രക്ഷാപ്രവർത്തകരുമെത്തിയാണു മൃതദേഹങ്ങൾ വീണ്ടെടുത്തത്.
കൊല്ലപ്പെട്ട രക്ഷാപ്രവർത്തകന്റെ പോക്കറ്റിൽനിന്നാണ് വിഡിയോ ദൃശ്യങ്ങളടങ്ങളടിയ ഫോൺ കണ്ടെടുത്തതെന്നു പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി വൈസ് പ്രസിഡന്റ് മർവാൻ ജിലാനി പറഞ്ഞു. വിഡിയോ പലസ്തീൻ അംബാസഡർ യുഎൻ രക്ഷാസമിതിക്കു കൈമാറി. യുഎൻ നയതന്ത്രപ്രതിനിധിയിൽനിന്നു ലഭിച്ച വിഡിയോ വാർത്താ ഏജൻസി അസോഷ്യേറ്റ് പ്രസാണു പുറത്തുവിട്ടത്.
സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാണു റെഡ് ക്രസന്റ് സൊസൈറ്റി ആവശ്യപ്പെട്ടത്. റഫയിൽ കാണാതായ മറ്റൊരു ആരോഗ്യപ്രവർത്തകനെ ഇസ്രയേൽ സൈന്യം പിടിച്ചുകൊണ്ടുപോയതാണെന്നും ആരോപിച്ചു.