നിർമിതബുദ്ധി മനുഷ്യകുലം നേരിടുന്ന വൻ വെല്ലുവിളിയെന്ന് മാർപാപ്പ

Mail This Article
വത്തിക്കാൻ സിറ്റി ∙ മനുഷ്യകുലം നേരിടുന്ന സങ്കീർണമായ വെല്ലുവിളിയാണ് നിർമിതബുദ്ധിയെന്ന് (എഐ) ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. മനുഷ്യമഹത്വവും നീതിയും തൊഴിലും സംരക്ഷിക്കുന്നതിന് വലിയ വെല്ലുവിളി ഉയർത്തുന്ന നിർമിതബുദ്ധി ലോകം നേരിടുന്ന പ്രധാന വിഷയമാണെന്നും മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം കർദിനാൾസംഘവുമായുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു.
കത്തോലിക്കാ സഭയെ ആധുനികവൽകരിക്കുന്നതിനായി മുൻഗാമി ഫ്രാൻസിസ് മാർപാപ്പ തുടക്കമിട്ട പരിഷ്കാരങ്ങൾ തുടരുമെന്ന് മാർപാപ്പ വ്യക്തമാക്കി. പാവങ്ങളുടെ സേവനത്തിനായി പൂർണമായും സമർപ്പിച്ച ഫ്രാൻസിസ് പാപ്പയുടെ മഹത്തായ പാരമ്പര്യം എല്ലാവരും പിന്തുടരണം. സഭയുടെ ആധുനികവൽകരണത്തിൽ പ്രധാന ചുവടുവയ്പായ 1962–65 ലെ രണ്ടാം വത്തിക്കാൻ കൗൺസിൽ തീരുമാനങ്ങൾ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധനാണെന്നും ഇക്കാര്യത്തിൽ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.