വിഷപ്പാമ്പുകളുടെ വിചിത്രദ്വീപ്!; ഒരൊറ്റ മനുഷ്യൻ പോലും താമസിക്കാത്ത സ്നേക്ക് ഐലൻഡ്

Mail This Article
പാമ്പുകൾക്കു മാത്രമായി ഒരു ദ്വീപ്...അതാണു ബ്രസീലിലെ ‘ഇല ഡാ ക്വയ്മഡ ഗ്രാൻഡെ’ അഥവാ സ്നേക്ക് ഐലൻഡ്. ബ്രസീലിലെ സാവോ പോളോ നഗരത്തിൽനിന്ന് 120 കിലോമീറ്റർ അകലെയാണ് 110 ഏക്കർ വിസ്തീർണമുള്ള ഈ വിചിത്രദ്വീപ്. ഗോൾഡൻ ലാൻസ്ഹെഡ് എന്ന അപൂർവയിനം പാമ്പുകളാണ് ഇവിടെയുള്ളത്. തെക്കേ അമേരിക്കയിലെ മറ്റു പാമ്പുകളെ അപേക്ഷിച്ച് 6 ഇരട്ടി വീര്യമുള്ള വിഷമാണ് ദ്വീപിലെ ഈ പാമ്പുകൾക്ക്. കടി ഏൽക്കുന്നിടത്തെ മാംസം ഉരുകും. അരമണിക്കൂറിനുള്ളിൽ മരണം ഉറപ്പാണ്.
കടൽക്കൊള്ളക്കാരാണ് ഈ പാമ്പുകളെ ഇവിടെ കൊണ്ടുവന്നതെന്ന് ഒരു കെട്ടുകഥയുണ്ട്. എന്നാൽ, ഇതിൽ കഴമ്പില്ലെന്നും 11,000 വർഷം മുൻപ് ഭൂമിയിൽ ഹിമയുഗത്തിൽ ജലനിരപ്പുയർന്നപ്പോൾ ഈ പാമ്പുകൾ ദ്വീപിൽ പെട്ടുപോകുകയായിരുന്നെന്നും ഗവേഷകർ പറയുന്നു. ദ്വീപിൽ അകപ്പെട്ട പാമ്പുകളെ ഭക്ഷിക്കുന്ന ജീവികളൊന്നുമില്ലായിരുന്നു. അതിനാൽ ഇവയുടെ എണ്ണം പെരുകി. ദ്വീപിലെത്തുന്ന ദേശാടനപ്പക്ഷികളെയാണ് ഇവ ആഹാരമാക്കുന്നത്. 20–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ ദ്വീപിൽ ലൈറ്റ്ഹൗസ് നിയന്ത്രിക്കാനായി കുറച്ചാളുകളുണ്ടായിരുന്നു. ഇവർ പോയതോടെ ദ്വീപിൽ മനുഷ്യസാന്നിധ്യമില്ലാതായി.
ബ്രസീൽ നാവികസേന സംരക്ഷിക്കുന്ന സ്നേക് ഐലൻഡിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല. കരിഞ്ചന്തയിൽ ഗോൾഡൻ ലാൻസ്ഹെഡ് പാമ്പിന് 7– 21 ലക്ഷം രൂപ വരെ ലഭിക്കും. ഇതിനാൽ കള്ളക്കടത്തുകാരും കൊള്ളക്കാരും ഇവയെ പിടിക്കാൻ എത്താറുണ്ട്.