ADVERTISEMENT

ഗാസ ∙ ആക്രമണവും വെ‌ടിനിർത്തൽ ചർച്ചയും സമാന്തരമായി നടക്കുന്നതിനിടെ ഗാസയിൽ കൂട്ടക്കുരുതി തുടരുന്നു. ശനിയാഴ്ച രാത്രി മുതലുള്ള ഇസ്രയേൽ ആക്രമണങ്ങളിൽ 135 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. സുരക്ഷാമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള അൽ മവാസിയിലെ ആക്രമണത്തിൽമാത്രം 36 പേർ കൊല്ലപ്പെട്ടു. 

ഗാസയുടെ വടക്കും തെക്കും സേനയെ ഇറക്കിയുള്ള ആക്രമണം ഇസ്രയേൽ പ്രഖ്യാപിച്ചതിനിടെയാണിത്. കഴിഞ്ഞ ഒരാഴ്ച മാത്രം 464 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ആശുപത്രികളെല്ലാം പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. ആകെയുണ്ടായിരുന്ന ഇന്തൊനീഷ്യൻ ഹോസ്പിറ്റലും കഴിഞ്ഞ ദിവസങ്ങളിലെ ഇസ്രയേൽ ആക്രമണത്തോടെ പ്രവർത്തനം അവസാനിപ്പിച്ചു.

ഇതിനി‌‌ടെ, ഹമാസ് മേധാവി മുഹമ്മദ് സിൻവർ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രയേൽ, അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് സമാധാന ചർച്ചകളെ വീണ്ടും പ്രതിസന്ധിയിലാക്കി. ഇക്കാര്യത്തിൽ ഹമാസ് മൗനം തുടരുകയാണ്. ഖാൻ യൂനിസിലെ തുരങ്കകേന്ദ്രങ്ങളിലൊന്നിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനു പിന്നാലെ മുഹമ്മദ് സിൻവറിന്റെ മൃതദേഹം കണ്ടെത്തിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

ശനിയാഴ്ച രാത്രയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ സിൻവറുടെ മറ്റൊരു സഹോദരനും ഗാസ യൂണിവേഴ്സിറ്റിയിലെ ചരിത്രാധ്യാപകനുമായ സക്കറിയ അൽ സിൻവറും കുടുംബവും കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട മുൻ ഹമാസ് നേതാവ് യഹിയ സിൻവറിന്റെ സഹോദരന്മാരാണ് ഇരുവരും.  

ദോഹയിൽ വെടിനിർത്തൽ ചർച്ചകൾ ശനിയാഴ്ച പുനരാരംഭിച്ചെങ്കിലും പുരോഗതിയില്ല. ഉടനടി വെടിനിർത്തലാണ് ഹമാസിന്റെ ആവശ്യമെന്നിരിക്കെ, ബന്ദികളുടെ മോചനമാണ് ഇസ്രയേൽ മുന്നോട്ടുവയ്ക്കുന്നത്. ബന്ദികളെ വിട്ടയയ്ക്കാൻ ഹമാസിനു മേൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായി ഗാസയിലെ സഹായവിതരണം ഇസ്രയേൽ തടഞ്ഞിരിക്കുകയാണ്. 

ഗാസയിൽ ഇന്നലെ 5 മാധ്യമപ്രവർത്തകർ കൂടി കൊല്ലപ്പെട്ടു. ഇതോടെ, ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന മാധ്യമപ്രവർത്തകരുടെ എണ്ണം 230 ആയി.

English Summary:

Israel Launches Ground Offensive in Gaza: Hundreds Killed, Ceasefire Talks Fail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com