യുദ്ധമേഖലകളിൽ സമാധാനം നിറയട്ടെ: ലിയോ മാർപാപ്പ

Mail This Article
വത്തിക്കാൻ സിറ്റി ∙ യുദ്ധംമൂലം കഷ്ടപ്പെടുന്നവർക്കായി പ്രാർഥിച്ച് ലിയോ മാർപാപ്പ. സ്ഥാനാരോഹണച്ചടങ്ങിന്റെ ഭാഗമായി നടന്ന കുർബാനയ്ക്കൊടുവിലാണു ലിയോ പതിനാലാമൻ മാർപാപ്പ യുദ്ധമേഖലകളിൽ സമാധാനം പുലരാനായി പ്രാർഥന നടത്തിയത്. ഗാസയിലും മ്യാൻമറിലും യുക്രെയ്നിലും യുദ്ധം മൂലം ദുരിതത്തിലായ ജനങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നതായി മാർപാപ്പ പറഞ്ഞു.
തന്റെ മേന്മകൊണ്ടല്ല മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതെന്നു കുർബാനമധ്യേ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ‘ഭീതിയും വിറയലും മാറാതെ, ഒരു സഹോദരനെന്ന നിലയിലാണു ഞാൻ നിങ്ങളുടെ അടുക്കലേക്കു വരുന്നത്. നിങ്ങളുടെ വിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും സേവകൻ ആവുക എന്നതാണ് എന്റെ ലക്ഷ്യം. ദൈവസ്നേഹത്തിൽ നിങ്ങൾക്കൊപ്പം നടക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്. ഏതു വെല്ലുവിളിയെയും മറികടക്കാൻ ക്രിസ്തുവിന്റെ സ്നേഹം കരുത്തുപകരും’ – സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ജനാവലിയോടു മാർപാപ്പ പറഞ്ഞു.
‘അധികാരത്തിന്റെ ദണ്ഡ് കാട്ടി ഭയപ്പെടുത്തി ഭരിക്കാനല്ല ഞാൻ ആഗ്രഹിക്കുന്നത്. മതപരമായ ഒരു ദുരുദ്ദേശ്യ അജൻഡയും എനിക്കില്ല. ക്രിസ്തു സ്നേഹിച്ചതുപോലെ എല്ലാവരെയും സ്നേഹിച്ചു കീഴ്പ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. സ്നേഹത്തിന്റെ മണിക്കൂറുകളാണ് നമുക്കാവശ്യം.
-
Also Read
ഇടയവഴിയിൽ സുകൃതതാരം
ദൈവസ്നേഹത്തിൽ ആശ്രയിച്ചു മുന്നേറിയാൽ ലോകത്തു സമാധാനം പുലരും. ക്രിസ്തുവിൽ ഒന്നാകാനുള്ള വിളിയാണ് ഓരോ വിശ്വാസിയുടേതും. പരിശുദ്ധാത്മാവിൽ ശക്തി സംഭരിച്ച് സഭയെ വളർത്താനുള്ള ശ്രമങ്ങളിൽ പങ്കാളികളാകാം’ – മാർപാപ്പ പറഞ്ഞു.
കുർബാനമധ്യേ നടത്തിയ പ്രസംഗത്തിൽ ഏഴു തവണയാണ് ഐക്യത്തെപ്പറ്റി മാർപാപ്പ പരാമർശിച്ചത്. സൗഹാർദം നാലുതവണയും പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടു.