ഇടയവഴിയിൽ സുകൃതതാരം

Mail This Article
വത്തിക്കാൻ സിറ്റി ∙ പാരമ്പര്യത്തനിമയും ആചാരപ്രൗഢിയും നിറഞ്ഞ ചടങ്ങുകൾക്കിടെയാണു ലിയോ പതിനാലാമൻ മാർപാപ്പ കത്തോലിക്കാ സഭയുടെ 267–ാം അധ്യക്ഷനായി ഔദ്യോഗികമായി ചുമതലയേറ്റത്. സ്ഥാനാരോഹണച്ചടങ്ങിനു സാക്ഷ്യം വഹിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് ഒഴുകിയെത്തിയതു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രണ്ടുലക്ഷത്തിലധികം വിശ്വാസികൾ. ലോകനേതാക്കളും വിവിധ മതങ്ങളുടെ തലവന്മാരും ചടങ്ങുകളിൽ പങ്കാളികളായി. ചടങ്ങുകൾക്കു മുന്നോടിയായി മാർപാപ്പ തുറന്ന വാഹനത്തിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്കെത്തി വിശ്വാസികളെ ആശീർവദിച്ചു. പോപ്മൊബീൽ എന്നറിയപ്പെടുന്ന വാഹനത്തിൽ ഇതാദ്യമായാണ് ലിയോ മാർപാപ്പ വിശ്വാസികളെ ആശീർവദിച്ച് ചത്വരത്തിലൂടെ നീങ്ങിയത്. ‘വിവ ഇൽ പാപ്പ’ (പാപ്പ നീണാൾ വാഴട്ടെ) എന്നും ‘പാപ്പ ലെയോണെ’ (ഇറ്റാലിയൻ ഭാഷയിൽ മാർപാപ്പയുടെ പേര്) എന്നും ഉച്ചത്തിൽ ആർപ്പുവിളിച്ചാണു വിശ്വാസിസാഗരം മാർപാപ്പയെ വരവേറ്റത്. ജനക്കൂട്ടത്തെ ആശീർവദിച്ചും അവർക്കുനേരെ കൈവീശിയും പാപ്പ ബസിലിക്കയിലേക്കു നീങ്ങി.
പൗരസ്ത്യസഭകളിലെ പാത്രിയർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കൽ പ്രാർഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തതിനുശേഷം പ്രദക്ഷിണമായാണു മാർപാപ്പ ബലിവേദിയിലേക്കെത്തിയത്. വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ഉള്ളിൽ, കബറിടത്തിനു മുന്നിൽ നടന്ന ഈ ചടങ്ങ് റോമിന്റെ മെത്രാനായ പാപ്പയ്ക്കു വിശുദ്ധ പത്രോസുമായും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വവുമായുള്ള അഭേദ്യബന്ധത്തെ സൂചിപ്പിക്കുന്നതായി. മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ കുർബാനയർപ്പണം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രത്യേകമായി ഒരുക്കിയ ബലിവേദിയിലായിരുന്നു. സ്ഥാനീയചിഹ്നങ്ങളായ പാലിയവും മുദ്രമോതിരവും കുർബാനമധ്യേ മാർപാപ്പയെ അണിയിച്ചു. ലത്തീൻ, ഗ്രീക്ക് ഭാഷകളിലെ സുവിശേഷ വായനയ്ക്കുശേഷമായിരുന്നു ഇത്.

മൂന്നു ഭൂഖണ്ഡങ്ങളിൽനിന്നുള്ള മൂന്നു കർദിനാൾമാരാണ് സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങുകൾ നിർവഹിച്ചത്. ഡീക്കൻ കർദിനാളായ ഡൊമിനിക് മാംബർട്ടി (യൂറോപ്പ്) മാർപാപ്പയെ പാലിയം അണിയിച്ചു. തുടർന്ന്, മാർപാപ്പയുടെമേൽ കർത്താവിന്റെ സാന്നിധ്യവും സഹായവും ഉണ്ടാകുന്നതിനായി കർദിനാൾ ഫ്രിദോലിൻ അംബോങ്ഗോ ബെസുംഗു (ആഫ്രിക്ക) പ്രത്യേക പ്രാർഥന ചൊല്ലി. അതിനുശേഷം കർദിനാൾ ലൂയി അന്റോണിയോ ടാഗ്‌ലെ (ഏഷ്യ) മോതിരമണിയിച്ചു. പാലിയവും മോതിരവും സ്വീകരിച്ചശേഷം പാപ്പ ബൈബിൾ കയ്യിലെടുത്ത് വിശ്വാസികളെ ആശീർവദിച്ചു. തുടർന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 12 പേർ, ക്രിസ്തുവിന്റെ 12 ശിഷ്യരുടെ പ്രതിനിധികളെന്നോണം പാപ്പയോടുള്ള വിധേയത്വം പ്രതീകാത്മകമായി പ്രഖ്യാപിച്ചു. അതിനുശേഷം പാപ്പയുടെ പ്രസംഗം. പിന്നീട് കുർബാന തുടർന്ന മാർപാപ്പ സമാപനത്തിലും വിശ്വാസികൾക്കു സന്ദേശം നൽകി. തുടർന്നു വീണ്ടും ആശീർവദിച്ചു. ചരിത്രമുഹൂർത്തത്തിനു സാക്ഷിയായതിന്റെ നിർവൃതിയിൽ ജനം സാവധാനം ചത്വരത്തോടു വിടപറഞ്ഞു.

സാക്ഷ്യം വഹിച്ച് ലോകനേതാക്കൾ
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലേക്ക് ലോകനേതാക്കളെത്തി. ഒട്ടേറെ രാജ്യങ്ങൾ ഔദ്യോഗിക പ്രതിനിധിസംഘത്തെ അയച്ചിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘത്തിൽ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. ഇന്ത്യൻ സംഘത്തെ നയിച്ചത് രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ്ങാണ്. നാഗാലാൻഡ് ഉപമുഖ്യമന്ത്രി യാൻതുംഗോ പാട്ടണും സംഘത്തിലുണ്ടായിരുന്നു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി അന്റോണി ആൽബനീസ്, സ്പെയിനിലെ രാജാവ് ഫിലിപ് ആറാമൻ, മൊണോക്കോയിലെ ആൽബർട്ട് രാജകുമാരൻ എന്നിവരുൾപ്പെടെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുത്തു.

നന്ദി പറഞ്ഞ് സെലെൻസ്കി
ലിയോ പതിനാലാമൻ മാർപാപ്പ സ്ഥാനാരോഹണ കുർബാനയ്ക്കുശേഷം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. കുർബാനയ്ക്കൊടുവിൽ യുക്രെയ്ൻ യുദ്ധത്തെ മാർപാപ്പ പരാമർശിച്ചിരുന്നു. യുക്രെയ്നിനെ പിന്തുണച്ച മാർപാപ്പയ്ക്കു നന്ദി പറയുന്നതായി സെലെൻസ്കി പിന്നീടു സമൂഹമാധ്യമത്തിൽ കുറിച്ചു. സമാധാനത്തിനും നീതിക്കും വേണ്ടി ലിയോ മാർപാപ്പ നടത്തുന്ന ഇടപെടലുകൾ അഭിനന്ദനം അർഹിക്കുന്നതായും സെലെൻസ്കി എഴുതി. യുക്രെയ്നും റഷ്യയും തമ്മിൽ നടക്കുന്ന ചർച്ചയ്ക്കു വേദിയാകാൻ സന്നദ്ധത പ്രകടിപ്പിച്ച വത്തിക്കാൻ നടപടിയെയും അദ്ദേഹം സ്വാഗതം ചെയ്തു. കഴിഞ്ഞയാഴ്ചയാണു ലിയോ മാർപാപ്പ ചർച്ചാവേദി വത്തിക്കാനിലാക്കാമെന്ന നിർദേശം പ്രഖ്യാപിച്ചത്.
