കുരുക്കിട്ട് മൊസാദ്; ഡ്രോണുകൾ പറന്നത് ഇറാനിലെ തന്നെ കേന്ദ്രങ്ങളിൽ നിന്ന്

Mail This Article
ഇറാൻ– യുഎസ് ആണവ ചർച്ചയുടെ അടുത്ത ഘട്ടത്തിനു മുൻപ് യുഎസ് സന്ദർശിക്കുമെന്ന് വാർത്താക്കുറിപ്പ് പുറത്തിറക്കിയ ഇസ്രയേൽ അടുത്ത ദിവസം പുലർച്ചെ ഇറാനിലേക്ക് 200 യുദ്ധവിമാനങ്ങൾ അയച്ചു. അതേസമയം, ഇറാനിൽനിന്നുതന്നെ ആയുധങ്ങൾ തൊടുക്കുകയായിരുന്നു അവരുടെ ചാരസംഘടനയായ മൊസാദ്. മാസങ്ങൾ മുൻപേ മൊസാദ് കമാൻഡോകൾ അവിടെയെത്തി താവളങ്ങളൊരുക്കിയിരുന്നു.
നേരത്തേ ഇറാനിൽവച്ച് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ വധിച്ചത് മൊസാദ് ആണെന്നു വ്യക്തമായിട്ടും സ്വന്തം മണ്ണിൽ മൊസാദ് ഒരുക്കിയ ആക്രമണപദ്ധതി മുൻകൂട്ടി അറിയാൻ ഇറാനു കഴിഞ്ഞില്ല.
തിങ്കളാഴ്ച തന്നെ ആക്രമണത്തിന്റെ സമയം നിശ്ചയിച്ചിരുന്നു. വ്യാഴാഴ്ച രാത്രി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ നടന്ന കാബിനറ്റ് യോഗത്തിൽ മൊസാദിന് അന്തിമ അനുമതി കിട്ടി. വെള്ളിയാഴ്ച പുലർച്ചെ ഇറാന്റെ ആണവ– സൈനിക കേന്ദ്രങ്ങൾ വ്യോമസേന ആക്രമിച്ചപ്പോൾ സൈനിക നേതൃത്വത്തെയും ആണവ ശാസ്ത്രജ്ഞരെയും ലക്ഷ്യമിടുകയായിരുന്നു മൊസാദ്. ഡ്രോണുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ വിവിധകേന്ദ്രങ്ങളിൽ ഒളിപ്പിച്ച വാഹനങ്ങളിൽ നിന്നാണ് തൊടുത്തത്.
ഇറാന്റെ വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിക്കുക, വ്യക്തികളെ കൃത്യതയാർന്ന ആക്രമണത്തിലൂടെ വധിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. മാസങ്ങളെടുത്ത് പല ഭാഗങ്ങളായി ഇറാനിലെത്തിച്ച ആയുധങ്ങൾ അവിടെവച്ച് കൂട്ടിച്ചേർത്ത് വിന്യസിക്കുകയായിരുന്നു. 2 മൊസാദ് കമാൻഡോകൾ ആയുധങ്ങൾ സജ്ജമാക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.
ഇസ്രയേൽ ഇറാനെ ആക്രമിക്കുമെന്ന സൂചനകൾ പുറത്തുവന്നപ്പോൾ ഇക്കാര്യം മാത്രം പറയാതെ മന്ത്രിമാർ പത്രസമ്മേളനങ്ങൾ നടത്തിയതും ശ്രദ്ധ മാറ്റാനായിരുന്നു. ഇറാനും യുഎസുമായുള്ള ചർച്ചകളിൽ സമ്മർദം ചെലുത്താനുള്ള തന്ത്രമായി യുദ്ധസൂചനകളെ ഇറാൻ തള്ളിയത് ഇസ്രയേലിന് കാര്യങ്ങൾ എളുപ്പമാക്കി.