Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാംസങ് മേധാവിയെ 22 മണിക്കൂർ ചോദ്യം ചെയ്തു

SOUTHKOREA-POLITICS/SAMSUNG GROUP

സോൾ ∙ അഴിമതിക്കേസിൽ പ്രമുഖ വ്യവസായ സ്ഥാപനമായ സാംസങ്ങിന്റെ മേധാവിയെ 22 മണിക്കൂർ ചോദ്യം ചെയ്തു. അറസ്റ്റു വാറന്റ് പുറപ്പെടുവിക്കണമോ എന്ന് അടുത്ത ദിവസം തീരുമാനിക്കും. ഉറങ്ങാനോ വസ്ത്രം മാറാനോ അനുവദിക്കാതെയായിരുന്നു മാരത്തൺ ചോദ്യംചെയ്യൽ. സാംസങ് വൈസ് ചെയർമാനാണ് ജയ് വൈ ലീ.

ദക്ഷിണ കൊറിയയിലെ ആദ്യ വനിതാ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയെ (64) ഇംപീച്ച് ചെയ്യുന്നതിലേക്കു നയിച്ച അഴിമതിയാണ് രാജ്യത്തെ വ്യവസായ ഭീമൻമാരെയും ഉലയ്ക്കുന്നത്. പാർക് ഗ്യൂൻ ഹൈയുടെയും അവരുടെയും സുഹൃത്ത് ചോയ് സൂ സില്ലിന്റെയും ‘ഫൗണ്ടേഷനുകൾക്ക്’ വൻതുക സംഭാവന നൽകിയതാണ് വിവാദമായ കേസ്. വിവിധ വ്യവസായ ഭീമൻമാർ ഉൾപ്പെട്ട പട്ടികയിൽ 1.7 കോടി ഡോളർ (ഏതാണ്ട് 114 കോടി രൂപ) സംഭാവന നൽകിയ സാംസങ് ആണ് ഏറ്റവും മുന്നിൽ.

ചോദ്യം ചെയ്യൽ കഴിഞ്ഞ് ക്ഷീണിതനായി പുറത്തിറങ്ങിയ ലീ (48) മാധ്യമങ്ങൾക്ക് മുഖംകൊടുത്തില്ല. കഴിഞ്ഞ മാസം പ്രസിഡന്റിനെ ഇംപീച്ചു ചെയ്യുന്ന സന്ദർഭത്തിൽ പാർലമെന്റ് സമിതിയുടെ മുന്നിൽ തെറ്റായ മൊഴി കൊടുത്തു എന്ന ആരോപണവും ലീ നേരിടുന്നുണ്ട്. അന്ന് 13 മണിക്കൂർ ചോദ്യം ചെയ്യലിനിടെ കൈക്കൂലി കൊടുത്തു എന്ന ആരോപണം ലീ നിഷേധിച്ചിരുന്നു.