Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഔപചാരികത പൂർത്തിയായി; ട്രംപ് പ്രസിഡന്റ്

US-POLITICS-TRUMP

വാഷിങ്ടൺ ∙ ഡോണൾ‍ഡ് ട്രംപിനെ യുഎസ് പ്രസിഡന്റായി ഔപചാരികമായി തിരഞ്ഞെടുത്തു. നവംബർ എട്ടിനു നടന്ന വോട്ടെടുപ്പിലൂടെ ജനങ്ങൾ തിരഞ്ഞെടുത്ത ഇലക്ടറൽ കോളജ് ഓരോ സംസ്ഥാനത്തും ചേർന്ന് വോട്ടു രേഖപ്പെടുത്തുകയായിരുന്നു. ട്രംപിനു 304 വോട്ടും ഹിലറിക്ക് 227 വോട്ടുമാണ് ഇലക്ടറൽ കോളജിൽ ലഭിച്ചത്. 538 അംഗ ഇലക്ടറൽ കോളജിൽ 270 വോട്ടാണു ജയിക്കാൻ വേണ്ടത്. അപൂർവമായി മാത്രം കണ്ടിട്ടുള്ള കൂറുമാറ്റത്തിനും ഇലക്ടറൽ കോളജ് സാക്ഷ്യംവഹിച്ചു.

306 വോട്ടു കിട്ടേണ്ടിയിരുന്ന ട്രംപിനു രണ്ടു വോട്ടു കുറഞ്ഞു. 232 പേരുടെ പിന്തുണയുണ്ടായിരുന്ന ഹിലറിക്കാകട്ടെ, അഞ്ചു വോട്ട് കുറച്ചേ കിട്ടിയുള്ളൂ. ആകെ ഏഴുപേർ കൂറുമാറിയെന്നർഥം. കൂറുമാറിയ ഏഴുപേരും മൽസരരംഗത്തില്ലാതിരുന്ന നേതാക്കൾക്കാണു വോട്ടു ചെയ്തത്. ബേണി സാൻഡേഴ്സ്, കോളിൻ പവൽ, റോൺ പോൾ, ജോൺ കസിക്, ഫെയിത്ത് സ്പോട്ടട് ഈഗിൾ എന്നിവർ കൂറുമാറിയവരുടെ വോട്ടു കിട്ടിയവരിൽ ഉൾപ്പെടുന്നു.

ഇലക്ടറൽ കോളജിലെ റിപ്പബ്ലിക്കൻ വോട്ടർമാരെ സ്വാധീനിച്ചു ട്രംപിനെ അട്ടിമറിക്കാൻ നീക്കമുണ്ടായിരുന്നുവെന്നു നേരത്തേ ആരോപണമുയർന്നിരുന്നു. എന്നാൽ, ഹിലറിക്കാണു കൂടുതൽ നഷ്ടമുണ്ടായത്. യുഎസിലെ 51 സംസ്ഥാനങ്ങളിൽ (50 സംസ്ഥാനങ്ങളും രാജ്യതലസ്ഥാനം ഉൾപ്പെടുന്ന ഡിസ്ട്രിക്ട് ഓഫ് കൊളംബിയയും) നിന്നു ജനസംഖ്യാനുപാതികമായി തിരഞ്ഞെടുക്കപ്പെട്ടവർ ചേർന്നതാണ് ഇലക്ടറൽ കോളജ്. ഒരു സംസ്ഥാനത്തു മുൻതൂക്കം നേടുന്ന പാർട്ടിക്ക് ആ സംസ്ഥാനത്തെ ഇലക്ടറൽ കോളജ് അംഗങ്ങളുടെ മുഴുവൻ വോട്ടും കിട്ടും. ഉദാഹരണത്തിന്, ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോർണിയയിൽ നിന്ന് 55 ഇലക്ടറൽ കോളജ് അംഗങ്ങളാണുള്ളത്. വോട്ടെടുപ്പിൽ ഇവിടെ ഹിലറിക്ക് 62.5% വോട്ടും ട്രംപിനു 31.5% വോട്ടുമാണു കിട്ടിയത്.

ഹിലറി ഭൂരിപക്ഷം നേടിയതോടെ കാലിഫോർണിയയിലെ 55 ഇലക്ടറൽ വോട്ടും ഹിലറിക്കു സ്വന്തമായി. ഇത്തരത്തിൽ ഓരോ സംസ്ഥാനത്തും ഭൂരിപക്ഷം നേടുന്നയാൾക്ക് ആ സംസ്ഥാനത്തെ ഇലക്ടറൽ വോട്ടു മുഴുവനും കിട്ടും. ഇത്തരത്തിൽ മുൻകൂർ ഉറപ്പിച്ച വോട്ടുകളിൽനിന്നാണ് ഇന്നലെ കൂറുമാറ്റമുണ്ടായത്. ഇലക്ടറൽ കോളജിൽ ട്രംപ് വ്യക്തമായ വിജയം നേടിയെങ്കിലും നവംബർ എട്ടിലെ വോട്ടെടുപ്പിൽ ജനകീയവോട്ടിൽ ഹിലറിയാണു മുന്നിലെത്തിയത്. ട്രംപിനെക്കാൾ 30 ലക്ഷത്തോളം വോട്ടുകൾ ഹിലറിക്കു കൂടുതൽ കിട്ടി. എന്നാൽ, ഇലക്ടറൽ കോളജിലെ വിജയമാണു പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനം. ജനുവരി 20നു യുഎസിന്റെ 45–ാം പ്രസിഡന്റായി ട്രംപ് സ്ഥാനമേൽക്കും.

related stories