Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യയുടെ 35 നയതന്ത്രപ്രതിനിധികളെ യുഎസ് പുറത്താക്കി; ട്രംപ് പ്രസിഡന്റാകുന്നതു വരെ പകരം നടപടി വേണ്ടെന്ന് പുടിൻ

Russia Putin

മോസ്കോ/വാഷിങ്ടൺ ∙ റഷ്യയുടെ 35 നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ യുഎസ് നടപടിക്കു പകരമായി യുഎസിന്റെ 35 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള നീക്കം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മരവിപ്പിച്ചു. ‘എന്റെ സുഹൃത്ത് ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതുവരെ നമുക്കു കാത്തിരിക്കാം’ എന്നു വ്യക്തമാക്കിക്കൊണ്ടാണു പുടിന്റെ നടപടി.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ അനധികൃത ഇടപെടൽ നടത്തിയെന്ന് ആരോപിച്ചാണു യുഎസ് കഴിഞ്ഞദിവസം നയതന്ത്രപ്രതിനിധികളെ പുറത്താക്കിയത്. സാമ്പത്തിക ഉപരോധവും നയതന്ത്രശാസനയും അടക്കം പല ‘ശിക്ഷണ’ നടപടികൾ റഷ്യയ്ക്കെതിരെ സ്വീകരിക്കുമെന്നു കഴിഞ്ഞദിവസം യുഎസ് അറിയിച്ചിരുന്നു. ഇതിലെ ആദ്യ നടപടിയാണു നയതന്ത്ര പ്രതിനിധികളെ പുറത്താക്കൽ.

വാഷിങ്ടണിലെ റഷ്യൻ എംബസി, സാൻഫ്രാൻസിസ്കോയിലെ കോൺസുലേറ്റ് എന്നിവിടങ്ങളിൽ നിന്നാണു 35 പ്രതിനിധികളെ പുറത്താക്കിയത്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. അടിക്കു തിരിച്ചടി എന്ന നിലയിലാണ്, റഷ്യൻ വിദേശകാര്യ മന്ത്രാലയം 35 യുഎസ് പ്രതിനിധികളെ രാജ്യത്തുനിന്നു പുറത്താക്കാൻ പ്രസിഡന്റ് പുടിനോട് ആവശ്യപ്പെട്ടത്.

മോസ്കോയിലെ യുഎസ് എംബസിയിൽനിന്നു 31 പേരെയും സെന്റ് പീറ്റേഴ്സ്ബർഗിലെ യുഎസ് കോൺസുലേറ്റിൽനിന്നു നാലുപേരെയും പുറത്താക്കാനായിരുന്നു ശുപാർശ. എന്നാൽ, ട്രംപ് വരുന്നതുവരെ കാത്തിരിക്കാമെന്നു പറഞ്ഞ് പുടിൻ ഇതു തടഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്ലബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെ വിജയം ഉറപ്പാക്കാൻ റഷ്യ ഇടപെട്ടുവെന്നാണ് യുഎസ് ആരോപിക്കുന്നത്.

ഡമോക്രാറ്റ് സ്ഥാനാർഥി ഹിലറി ക്ലിന്റനെ തോൽപിക്കുക എന്നതു വ്ലാഡിമിർ പുടിന്റെ ‘ജീവിതലക്ഷ്യ’മായിരുന്നുവെന്നും യുഎസ് കരുതുന്നു. പ്രചാരണത്തിനിടെ ഡ‍മോക്രാറ്റിക് പാർട്ടിയുടെ വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറിയ ഹാക്കർമാർ ഒട്ടേറെ ഇ–മെയിലുകൾ പുറത്തുവിട്ടു.

ഡമോക്രാറ്റ് പാർട്ടി ഹിലറിക്കായി നടത്തിയ വഴിവിട്ട നീക്കങ്ങൾ പലതും ഇതിലൂടെ പുറത്തുവന്നു. പ്രചാരണത്തിന്റെ നിർണായകഘട്ടത്തിൽ ഇതു ഹിലറിക്കു തിരിച്ചടിയാവുകയും ചെയ്തു. ഡമോക്രാറ്റ് ദേശീയ കൺവൻഷൻ അധ്യക്ഷൻ ഡെബി വാസർമാൻ ഷുൾട്സ് രാജിവച്ചു. തന്റെ തോൽവിക്കു റഷ്യയുടെ ഇടപെടൽ കാരണമായെന്നു ഹിലറി പിന്നീടു പറയുകയും ചെയ്തു.

ഇതിനിടെ, തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച വിശദമായ റിപ്പോർട്ട് യുഎസ് പുറത്തുവിട്ടു. യുഎസ് ആഭ്യന്തര സുരക്ഷാവിഭാഗവും എഫ്ബിഐയും സംയുക്തമായി നടത്തിയ വിലയിരുത്തൽ റിപ്പോർട്ടിൽ, യുഎസ് രാഷ്ട്രീയ വെബ്സൈറ്റുകളും ഇ–മെയിലുകളും ഹാക്ക് ചെയ്തതിൽ റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഇടപെടൽ എടുത്തു പറയുന്നുണ്ട്.

ഡമോക്രാറ്റ് സൈറ്റിൽനിന്നു ‘കവർന്ന’ മെയിലുകൾ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്ത വ്യക്തിക്കു റഷ്യൻ ബന്ധമുണ്ടെന്നും രേഖകളിൽ വ്യക്തമാക്കുന്നു. യുഎസ് ആരോപണങ്ങൾ റഷ്യ നിഷേധിച്ചിരുന്നു.

related stories