Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപ് സമ്മതിച്ചു: ഹാക്കിങ് നടത്തിയത് റഷ്യ തന്നെ; പക്ഷേ, മറ്റു രാജ്യങ്ങളും ചെയ്തിരിക്കാം

Trump, Putin നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ

ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സൈബർ ആക്രമണത്തിലൂടെ റഷ്യൻ ഇടപെടലുണ്ടായെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യമായി അംഗീകരിച്ചു. ന്യൂയോർക്കിലെ തന്റെ ഹോട്ടലായ ട്രംപ് ടവറിൽ നടത്തിയ പത്രസമ്മേളനത്തിലാണു ട്രംപ് റഷ്യയും സൈബർ ആക്രമണത്തിന് ഉത്തരവാദികളാണെന്നു പറഞ്ഞത്. ‘ഹാക്കിങ്... അതു നടത്തിയതു റഷ്യയാണ്. പക്ഷേ, മറ്റു രാജ്യങ്ങളും വ്യക്തികളും അതു ചെയ്തിട്ടുണ്ടാകാം’ – ട്രംപ് പറഞ്ഞു.

തിരഞ്ഞെടുപ്പുകാലത്തു ഡമോക്രാറ്റിക് പാർട്ടിയുടെ ഇ–മെയിൽ വിവരങ്ങളും മറ്റും ചോർന്നതിനു പിന്നിൽ റഷ്യൻ ഇടപെടലുണ്ടായെന്നു വിവിധ യുഎസ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ട്രംപും ട്രംപിന്റെ അടുപ്പക്കാരും റഷ്യയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന വിവാദം യുഎസിൽ സജീവമായി നിൽക്കുകയാണ്. വ്യക്തിപരവും ബിസിനസ് സംബന്ധവുമായ ചില രഹസ്യവിവരങ്ങൾ വച്ചു റഷ്യ ട്രംപിനെ ബ്ലാക്മെയിൽ ചെയ്യുകയാണെന്നും ആരോപണമുണ്ട്.

എന്നാൽ, അതെല്ലാം വ്യാജമാണെന്നു തള്ളിക്കളയുകയാണു ട്രംപ്. റഷ്യയുമായി തനിക്ക് യാതൊരു ബിസിനസ് ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ട്രംപിനെ റഷ്യൻ പ്രസിഡന്റ് പുടിന് ഇഷ്ടമാണെങ്കിൽ അതു യുഎസിനു ഗുണകരമാണ്. ട്രംപ് നേതാവായിരിക്കുമ്പോൾ റഷ്യ യുഎസിനെ കൂടുതൽ ബഹുമാനിക്കും’ – നിയുക്ത പ്രസിഡന്റ് പറഞ്ഞു. വിവാദങ്ങളുടെ തോഴനായ ട്രംപിന് ഇന്നലത്തെ പത്രസമ്മേളനത്തിലും മാറ്റമൊന്നുമുണ്ടായിരുന്നില്ല. യുഎസ് രഹസ്യാന്വേഷണ ഏജൻസികളെയും മാധ്യമങ്ങളെയും കണക്കറ്റു പരിഹസിക്കാൻ ഒരു മടിയും ട്രംപ് കാട്ടിയില്ല.

റഷ്യ തന്നെ ബ്ലാക്മെയിൽ ചെയ്യുന്നുവെന്നുള്ള ആരോപണം യുഎസ് രഹസ്യാന്വേഷണ ഏജൻസികളാണു പുറത്തുവിട്ടതെന്നു പറഞ്ഞ ട്രംപ് ‘നാസി ജർമനിയിലേതു പോലെയാണ് ഏജൻസികൾ പ്രവർത്തിക്കുന്നതെന്നും’ ആരോപിച്ചു. സിഎൻഎൻ ചാനലിന്റെ റിപ്പോർട്ടറുമായി വാഗ്വാദത്തിൽ ഏർപ്പെട്ട ട്രംപ് ‘സിഎൻഎൻ എന്നാൽ വ്യാജവാർത്ത’ എന്നാണർഥമെന്നും വിമർശിച്ചു. ദൈവം സൃഷ്ടിച്ച ഏറ്റവും മഹാനായ തൊഴിൽദാതാവാണു താനെന്നും ട്രംപ് അവകാശപ്പെട്ടു. സ്വകാര്യ കമ്പനികളിലൂടെ അമേരിക്കക്കാർക്കു കൂടുതൽ തൊഴിലവസരങ്ങൾ എത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധനാണു താൻ – ട്രംപ് പറഞ്ഞു.

സ്ഥാനമേറ്റാലുടൻ മെക്സിക്കോ അതിർത്തിയിൽ മതിൽ പണി ആരംഭിക്കുമെന്നു ട്രംപ് ആവർത്തിച്ചു. ഇതിനുള്ള ചെലവ് മെക്സിക്കോ വഹിച്ചേക്കില്ല. എന്നാൽ, അവരിൽനിന്ന് അതു പല രീതിയിൽ ഈടാക്കിയിരിക്കും – ട്രംപ് പറഞ്ഞു. സൈബർ സുരക്ഷയിൽ യുഎസ് പിന്നിലാണെന്നും സ്ഥാനമേറ്റ് 90 ദിവസത്തിനുള്ളിൽ ഹാക്കിങ് തടയാനുള്ള രൂപരേഖ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയുക്ത പ്രസിഡന്റ് എന്ന നിലയിൽ ട്രംപ് നടത്തിയ ആദ്യ മുഴുനീള പത്രസമ്മേളനമായിരുന്നു ഇത്. മുന്നൂറോളം പത്രപ്രവർത്തകരാണ് ഇതിൽ പങ്കെടുത്തത്.

ട്രംപിന്റെ റഷ്യൻ ബന്ധം: വിവരം നൽകിയത് മുൻ ബ്രിട്ടിഷ് ചാരൻ?

വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപിനെക്കുറിച്ചുള്ള ‘ഇക്കിളിപ്പെടുത്തുന്ന’ ചില വിവരങ്ങൾ റഷ്യയുടെ പക്കലുണ്ടെന്നു കണ്ടെത്തിയതു മുൻ ബ്രിട്ടിഷ് ചാരൻ. ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജൻസിയായ എംഐ 6നു വേണ്ടി റഷ്യയിലും ഫ്രാൻസിലും മറ്റും ചാരനായി ദീർഘകാലം പ്രവർത്തിച്ച ക്രിസ്റ്റഫർ സ്റ്റീൽ ആണ് യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐയ്ക്ക് ഇതു സംബന്ധിച്ച വിവരങ്ങൾ നൽകിയതെന്നാണു റിപ്പോർട്ട്.

മുൻപ് രാജ്യാന്തര ഫുട്ബോൾ സംഘടന ‘ഫിഫ’യിലെ അഴിമതി പുറത്തുകൊണ്ടുവന്നതും സ്റ്റീൽ ആയിരുന്നു. എംഐ 6ൽനിന്നു വിരമിച്ച ശേഷമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ സ്റ്റീൽ പുറത്തുവിട്ടത്. യുഎസ് തിരഞ്ഞെടുപ്പുകാലത്തു റിപ്പബ്ലിക്കൻ പാർട്ടിയിലെ ട്രംപ് വിരുദ്ധർ സ്റ്റീലിന്റെ സഹായം തേടിയിരുന്നതായും റിപ്പോർട്ടുണ്ട്. ട്രംപ് സ്ഥാനാർഥിത്വം നേടുന്നതു തടയുന്നതിനു രഹസ്യവിവരങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം.

Your Rating: