Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവയവമായിരുന്നു, അറിഞ്ഞില്ലല്ലോ; മനുഷ്യശരീരത്തിലെ 79–ാം അവയവമായി

New-organ മഞ്ഞ നിറത്തിൽ കാണുന്നതാണ് മെസെന്ററി.

ലണ്ടൻ ∙ നൂറിലേറെ വർഷങ്ങളായി ‌മനുഷ്യശരീരത്തിൽ 78 അവയവങ്ങളുണ്ടെന്നാണ് അനാട്ടമി ക്ളാസുകളിൽ പഠിപ്പിച്ചിരുന്നത്. ഇനിയിതാ, പുതുതായി ഒരവയവം കൂടി: മെസന്റെറി. ഹൃദയം, മസ്തിഷ്കം, ശ്വാസകോശം, വൃക്ക തുടങ്ങിയ പ്രധാന അവയവങ്ങളടക്കം ജീവൻ നിലനിർത്തുന്ന 78 അവയവങ്ങളാണു ശരീരത്തിലുള്ളതെന്ന പാഠമാണു തിരുത്തിയെഴുതപ്പെടുന്നത്. മനുഷ്യശരീരത്തിന്റെ ഘടന പഠിക്കുമ്പോൾ, മെസന്റെറി ഇന്നേവരെ അവയവമായി പരിഗണിക്കപ്പെട്ടിരുന്നില്ല.

എന്നാൽ, അയർലൻഡിലെ ഒരു സംഘം ഗവേഷകരാണു കുടലിനെയും മറ്റും ഉദര ഭിത്തിയോടു (പെരിട്ടോണിയം) ചേർത്തുനിർത്തുന്ന, സ്തരങ്ങളുടെ മടക്കായ മെസന്റെറി അവയവം തന്നെയാണെന്നു തിരിച്ചറിഞ്ഞത്. ലിമറിക് യൂണിവേഴ്സിറ്റിയിലെ സർജറി പ്രഫസർ ജെ.കാൽവിൻ കൊഫീയുടെ നേതൃത്വത്തിലുള്ള സംഘമാണു ശരീരഘടനാ ശാസ്ത്രത്തിൽ ഈ പൊളിച്ചെഴുത്തു നടത്തിയത്.

ശരീരത്തിലെ ദഹനവ്യവസ്ഥയുടെ ഭാഗമായ മെസന്റെറി സ്വന്തം വ്യക്തിത്വം വീണ്ടെടുത്തതോടെ ഇതുമായി ബന്ധപ്പെട്ട രോഗങ്ങൾ കൂടുതൽ കൃത്യതയോടെ നിർണയിക്കാനും ചികിത്സിക്കാനും കഴിയും. മെസന്റെറിയുടെ കൃത്യമായ പ്രവർത്തനമെന്താണെന്നാണ് ഇനി കണ്ടെത്താനുള്ളത്. പല പാളികളായി വേർതിരിഞ്ഞുകിടക്കുന്നതുപോലെ തോന്നിപ്പിച്ച മെസന്റെറി മറ്റേതൊരു അവയവം പോലെയും ഏകീകൃത ഘടനയുള്ളതാണെന്നു ശാസ്ത്രജ്ഞർക്കു ബോധ്യമായി. മെസന്റെറിയെ അവയവമെന്ന നിലയിൽ സമീപിക്കുന്നതോടെ രോഗനിർണയത്തിലും പുതിയ തരംതിരിവു വേണ്ടിവരും. ഈ അവയവം ഇടയാക്കുന്ന രോഗങ്ങൾ മറ്റ് ആമാശയ രോഗങ്ങളിൽ നിന്നു വേർതിരിച്ചെടുക്കേണ്ടിവരും.

ഗാസ്ട്രോഎന്ററോളജി, ന്യൂറോളജി, കൊളോപ്രോക്ടോളജി എന്നിവ പോലെ തന്നെ മെസന്റെറിക് സയൻസ് എന്നൊരു പുതിയ പഠനശാഖ ഇനി രൂപപ്പെടും എന്നർഥം. മെസന്റെറി സംബന്ധിച്ചു കൂടുതൽ പഠനം നടത്തുന്നതോടെ ശസ്ത്രക്രിയകളുടെ ആവശ്യം കുറഞ്ഞേക്കാം. ചികിത്സയിലെ സങ്കീർണതകൾ കുറയും. അതിവേഗം രോഗമുക്തി ലഭിക്കാനും അങ്ങനെ ചികിത്സാച്ചെലവു കുറയാനും പുതിയ കണ്ടെത്തൽ സഹായകമാകുമെന്നു കരുതുന്നു. ഗവേഷണ വിവരങ്ങൾ ‘ദ് ലാൻസെറ്റ്’ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Your Rating: