സങ്കടങ്ങൾ ….

pension
SHARE

യാദൃച്ഛികമായാണ് രഘുനന്ദനെ ഞാൻ പരിചയപ്പെട്ടത് .അയാളുടെ മേലുദ്യോഗസ്ഥയായ സൗമിനിയെ കാണാനാണ് ഞാൻ അവരുടെ ഓഫീസിൽ എത്തിയത് .അവൾ എന്റെ പഴയൊരു സ്നേഹിതയാണ്. സൗമിനി അവൾ എത്തിയിരുന്നില്ല .."മാഡം വരും .താങ്കൾ ഇരിക്കൂ "എനിക്ക് ഒരു ഇരിപ്പിടം തന്നിട്ട് അയാൾ പറഞ്ഞു .ഇരുന്നപ്പോൾ  ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു .കുശലങ്ങൾ കൈമാറി ..യാതൊരു മുന്പരിചയവുമില്ലാത്ത എന്നോട് രഘുനന്ദൻ പറഞ്ഞു തുടങ്ങി.

മൂത്തമകൻ എഞ്ചിനീയറിംഗ് കഴിഞ്ഞപ്പോൾ അവനു വിദേശത്തു പഠിക്കണം. എഞ്ചിനീറിങ്ങിനുതന്നെ ഒരുപാടു കാശായി .എന്നാലും അവന്റെ ആഗ്രഹമല്ലേ ?കടുത്തനിർബദ്ധം കൂടിയായപ്പോൾ വഴങ്ങി .ലക്ഷങ്ങൾ കടമെടുത്ത് അവനെ വിദേശത്തു പഠിക്കാനയച്ചു . ഇതുവരെ ഗൾഫിൽ കിടന്നു കഷ്ടപ്പെട്ടുണ്ടാക്കിയതും തീർന്നു. ഇപ്പോഴിതാ ഈ ഓഫീസിൽ ഒരു ചെറിയ ജോലിക്കു വന്നിരിക്കുന്നു .അയാൾ നെടുവീർപ്പിട്ടു .

"മക്കൾക്കു വേണ്ടിയല്ലേ  .സാരമില്ല "ഞാൻ ആശ്വാസവാക്കു പറഞ്ഞു.

അപ്പോൾ രഘുനന്ദൻ കഥ തുടർന്നു. വിദേശത്തു പോയ മകൻ അവിടെ ഒരു പാർട്ട് ടൈം ജോലി കൂടി നേടി .ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ അവൻ എന്താ ചെയ്തതെന്നോ! ഒന്നര ലക്ഷം രൂപ കൊടുത്ത് ഒരു ഫോൺ വാങ്ങി. ഞാൻ ഞെട്ടിപ്പോയി .അച്ഛന്റെ ഭാരിച്ച കടം വീട്ടുന്നതിൽ ഒരു പങ്കു വഹിക്കാതെ അവൻ സ്വന്തം ആഡംബരസുഖം തേടുകയാണ് ചെയ്തത് .ആ അച്ഛന്റെ മനസ്സിലെ വിഷമം എത്രയാവും ഒരപരിചിതയോടു ഹൃദയം തുറക്കണമെങ്കിൽ !

" ആൺ കുട്ടികൾക്ക് അച്ഛനോടും അമ്മയോടും അത്രയ്‌ക്കൊക്കെയേ ഉണ്ടാവൂ "നിരാശയോടെ അയാൾ പറഞ്ഞത് കേട്ടപ്പോൾ ഞാൻ മെല്ലെ ചിരിച്ചു .

"പെൺകുട്ടികളും ചിലപ്പോഴൊക്കെ അങ്ങനെയൊക്കെ തന്നെ ".

പിന്നെ ഞാനും ഒരു അനുഭവ കഥ പറഞ്ഞു .എന്റെ വീടിനടുത്താണ് ആനിയും കുടുംബവും താമസിച്ചിരുന്നത് .ആനിയുടെ ഭർത്താവ് ഒരു ജോലിക്കും പോവില്ല .ആനി അടുത്തൊക്കെയുള്ള വീടുകളിൽ പണിയെടുത്താണ് കുടുംബം പുലർത്തിയത് .സാധാരണ ഇത്തരം കുടുംബങ്ങളിൽ കാണാറുള്ളത് പോലെ തന്നെ ഇവിടെയും .ഭർത്താവിന് കുടിക്കാനും വലിക്കാനും പൈസ കൊടുത്തില്ലെങ്കിൽ ആനിക്ക് അടിയുടെ തൊഴിയുടെ ഇടിയുടെ പൂരം .അകമ്പടിയായി മക്കളുടെ നിലവിളി .അങ്ങനെ ഉപദ്രവം സഹിച്ച് ആനി വയസ്സിയായി .മക്കൾ വലുതായി .പാവപ്പെട്ട വീട്ടിലെ പെൺകുട്ടികൾ നഴ്സിംഗ് പഠിച്ച് വിദേശത്തു പോയി ആ കുടുംബത്തെ മുഴുവൻ രക്ഷപ്പെടുത്തിയ അദ്‌ഭുതകഥകൾ ആനിയുടെ മകളെ ആകർഷിച്ചു .അവൾ അമ്മയുടെ കാല് പിടിച്ചു, എങ്ങനെയെങ്കിലും നഴ്സിങ്ങിന് വിടണം .എത്ര കടമുണ്ടായാലും ജോലി ചെയ്ത് വീട്ടിക്കോളാം .മകളെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതി ആനി ജോലി ചെയ്തിരുന്ന ഒരു വീട്ടിലെ  ഗൃഹനായികയായ ബാങ്ക് ഓഫീസറുടെ കാലിൽ വീണു .അവരുടെ മനസ്സലിഞ്ഞു. ഒരു വിദ്യാഭ്യാസ ലോൺ തരപ്പെടുത്തി കൊടുത്തു. പിന്നെ നല്ലൊരു തുക കടവും കൊടുത്തു .ആനിയുടെ മകൾ നഴ്സിങ്ങിന് ചേർന്നു.നന്നായി പഠിച്ചവൾ പാസ്സായി. 

ആനിക്ക് പിന്നെയും ഒരുപാടു കടമായി .മകളുടെ ഫീസ് ഹോസ്റ്റൽ ഫീസ് മറ്റു ചിലവുകൾ അങ്ങനെയങ്ങനെ .മകൾക്കു ജോലിയായി .ഇനിയിപ്പോൾ കടം കുറേശ്ശേ വീട്ടാം .ആനി ആശ്വസിച്ചു .പക്ഷെ ഒരു പൈസപോലും മകൾ അയച്ചില്ല .അവൾക്കിഷ്ടപ്പെട്ട ഒരുത്തനെ കല്യാണം കഴിച്ച് അവൾ സ്ഥലം വിട്ടു .

തെല്ലാശ്വാത്തോടെ രഘുനന്ദൻ എന്നെ നോക്കി പുഞ്ചിരിച്ചു .

"മക്കൾ ചിലപ്പോൾ അങ്ങനെയാണ് .ആണെന്നോ പെണ്ണെന്നോ ഒന്നുമില്ല .കേട്ടിട്ടില്ലേ പോയ ജന്മത്തിലെ ശത്രുക്കളാണ് മക്കളായി പിറക്കുന്നത് എന്നൊരു ചൊല്ല് .നമ്മൾ അവർക്കു വേണ്ടി കഷ്ടപ്പെടും .അവർക്കു നന്ദിയോ കടപ്പാടോ നമ്മളോടുണ്ടാവണമെന്നില്ല "ഞാൻ കഥയ്ക്ക് ഒരടിക്കുറിപ്പു ചേർത്തു .

സ്വന്തം അമ്മയുടെ കാൻസർ ചികിത്സക്കായി അനുവദിച്ചു കിട്ടിയ സഹായധനവുമായി വിനോദയാത്രപോയ ഒരു മകനെപ്പറ്റി പറഞ്ഞു കരഞ്ഞ ഒരമ്മയുടെ രൂപം ഇപ്പോഴും എന്റെ മനസ്സിലുണ്ട് ഇനിയും ഇത് പോലെഎത്രയോ കദന കഥകൾ .

ഇങ്ങനെയുള്ള മക്കൾ പോയ ജന്മത്തിൽ മാത്രമല്ല ഈ ജന്മത്തിലും ശത്രുക്കൾ തന്നെ .ഏറ്റവും പ്രിയപ്പെട്ട ശത്രുക്കൾ !

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
FROM ONMANORAMA