പരീക്ഷാപ്പേടി 

HIGHLIGHTS
  • ഈ പരീക്ഷയിൽ നല്ല മാർക്ക് കിട്ടിയില്ലെങ്കിൽ എന്താകും എന്ന ചിന്തയാണ്
  • പരീക്ഷ ഹാളിൽ ഇരിക്കുമ്പോൾ ചോദ്യ പേപ്പറും ഉത്തര കടലാസ്സും മാത്രമേകാണാവൂ
exam-fear-and-solution
SHARE

ഇത് പരീക്ഷാക്കാലമാണ്. പത്താം ക്ലാസ് പരീക്ഷ, പന്ത്രണ്ടാം ക്ലാസ് പരീക്ഷ. ഇത് രണ്ടും വഴിത്തിരിയുന്ന കടമ്പകൾ (turning points ). പത്തു കഴിയുമ്പോൾ പിന്നെ സയൻസ് പഠിക്കണോ, ആർട്സ് പഠിക്കണോ, കോമേഴ്‌സ് പഠിക്കണോ. കുട്ടികൾ തീരുമാനമെടുക്കണം. (കുട്ടികളാണോ അതോ രക്ഷാകർത്താക്കളോ )പന്ത്രണ്ടു കഴിഞ്ഞാലോ. ഡോക്ടർ ആകണോ എഞ്ചിനീയർ  ആകണോ മറ്റെന്തെങ്കിലുമാകണോ. കുട്ടികൾ ആകെ കുഴയും. മാതാപിതാക്കൾ നെട്ടോട്ടമോടും. പിന്നെ ഒരു കടമ്പ എൻട്രൻസ്. മനസ്സിൽ കൊടുംകാറ്റും തീമഴയും അത്യാവശ്യം ഒരു പ്രളയം കൂടി ഉണ്ടാക്കുന്ന കടുത്ത പരീക്ഷണമാണ് മിക്കകുട്ടികൾക്കും ഈ എൻട്രൻസ് ഭൂതം.

ഏതെങ്കിലും ഒരു നല്ല കോഴ്‌സിന് അഡ്മിഷൻ കിട്ടിയാൽ രക്ഷപ്പെട്ടു. ഇല്ലെങ്കിൽ കുട്ടികൾ വലിയ നിരാശയിലാകും. രക്ഷകർത്താക്കൾ ദുഃഖാർത്തരാകും. എങ്ങനെയെങ്കിലും മക്കളെ ഒരു കരയ്ക്കെത്തിക്കുക എന്നത് അച്ഛനമ്മമാരുടെ കടമയല്ലേ ? അത് മാത്രമോ ഇതവരുടെ ഒരു അന്തസ്സ് പ്രശ്നം (prestige ) കൂടിയല്ലേ ? അതാണ് വലിയ പ്രശ്നം. പിന്നെ വലിയ തുക കൊടുത്താണെങ്കിലും അന്തസ്സിനു യോജിച്ച ഒരിടത്ത്  മക്കൾക്ക് അഡ്മിഷൻ ശരിയാക്കണം. ഈ വിഷയങ്ങളുടെ കാലങ്ങളായുള്ള ചർച്ചകളും കണക്കുകൂട്ടലുകളും എല്ലാം കൂടി ഓർമ്മവച്ചനാൾ മുതലേ കുട്ടികളുടെ മനസ്സിൽ ഉരുണ്ടു കൂടി അവരെ എത്തിക്കുന്നതോ 'പരീക്ഷാപ്പേടി 'എന്ന ഭീകാരാവസ്ഥയിൽ !

ഇതെല്ലം വിട്ടേക്കൂ. പരീക്ഷ ഹാളിൽ ചോദ്യ കടലാസ്സും ഉത്തരമെഴുതാനുള്ള കടലാസുകെട്ടുമായി ഇരിക്കുമ്പോൾ എത്ര നന്നായി പഠിക്കുന്ന കുട്ടികൾക്കും പഠിക്കാത്ത കുട്ടികൾക്കും ഒരു പേടി വരുക സ്വാഭാവികം. എഴുതി തുടങ്ങുമ്പോൾ ഈ പേടി പതുക്കെ പതുക്കെ മാറുമെന്ന്  പല കുട്ടികളും എന്നോട് പറഞ്ഞിട്ടുണ്ട്. (ഒരു അധ്യാപികയുടെ കുപ്പായം ഞാനും കുറച്ചു കാലം അണിഞ്ഞതല്ലേ ?) അപ്പോഴും അവരെ അലട്ടുന്ന ഒരു കാര്യം, ഈ പരീക്ഷയിൽ നല്ല മാർക്ക് കിട്ടിയില്ലെങ്കിൽ എന്താകും എന്ന ചിന്തയാണ്. വീട്ടിൽ എന്ത് പറയും, മറ്റുള്ളവർ എന്ത് വിചാരിക്കും, അധ്യാപകർ കുറ്റപ്പെടുത്തുകയില്ലേ ? ഇത് പരീക്ഷ എഴുതുമ്പോൾ വേണ്ട ഏകാഗ്രതയെ സാരമായി ബാധിക്കും എന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. 

പരീക്ഷ ഹാളിൽ ഇരിക്കുമ്പോൾ ചോദ്യ പേപ്പറും ഉത്തര കടലാസ്സും മാത്രമേ കാണാവൂ.മറ്റെല്ലാം മറന്നേക്കൂ എന്നാണവരെ പറഞ്ഞുമനസ്സിലാക്കേണ്ടത്. പക്ഷിയെ അമ്പെയ്യാനൊരുങ്ങുമ്പോൾ അതിനെ മാത്രമേ കാണാവൂ ചുറ്റുമുള്ളതൊന്നും കണ്ണിൽ പെടരുതെന്ന് പ്രാചീന ആചാര്യന്മാർ വരെ കർശനമായി നിർദ്ദേശിച്ചിട്ടുള്ളത് നമുക്കറിയാവുന്നതല്ലേ ? 'ഞാൻ നന്നായി പഠിച്ചിട്ടുണ്ട് നന്നായി എഴുതാൻ കഴിയും. അല്ലെങ്കിൽ എനിക്കിത്രയേ പഠിക്കാനാവൂ എന്റെ കഴിവിനനുസരിച്ചു ഞാൻ പഠിച്ചിട്ടുണ്ട്. പറ്റുന്നത്ര ഞാൻ ഉത്തരക്കടലാസിൽ പകർത്തും ' ഇങ്ങനെ ഒരു ധൈര്യം മിടുക്കന്മാർക്കും മിടുക്കരല്ലാത്തവർക്കും ഒരു പോലെ പകർന്നു നൽകാൻ പറ്റുന്നവരാണ്  രക്ഷകർത്താക്കളും അധ്യാപകരും സഹപാഠികളും. 

പത്തും പന്ത്രണ്ടും അവിടെ നിൽക്കട്ടെ. ഒന്നാം ക്ലാസ്സു മുതൽ തുടങ്ങുകയായി കുട്ടികൾക്ക് പരീക്ഷപ്പേടിയും അച്ഛനമ്മമാർക്ക് ടെൻഷനും. ഒന്നാം ക്ലാസ്സു മുതൽ പ്രൊഫിഷ്യൻസി നേടിവേണം മുന്നോട്ടു പോകാൻ എന്ന് കുട്ടിത്തലകളിൽ അടിച്ചു കയറ്റി അവരുടെ ശൈശവവും ബാല്യവുമൊക്കെ മുരടിപ്പിക്കുകയാണ് മുതിർന്നവർ ചെയ്യുന്നത്. ഐ എ എസ് പരീക്ഷയുടെ ഗൗരവത്തോടെയാണ് പ്രൈമറി ക്ലാസ് മുതൽ കുട്ടികൾ പരീക്ഷക്ക് പഠിക്കുന്നത്. മുഴുവൻ മാർക്കും നേടുന്നതും ക്ലാസ്സിൽ ഒന്നാമതാകുന്നതും പ്രോഫിഷ്യൻസി സമ്മാനം നേടുന്നതും നല്ലതു തന്നെ. പക്ഷെ അതിനു വേണ്ടിയുള്ള കഠിന ശ്രമവും ഉത്കണ്ഠയും കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നഷ്ടമാക്കുകയില്ലേ? തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക എന്നൊരു ചൊല്ല് തന്നെയില്ലേ ?

ഒരു അമ്മയായും അമ്മൂമ്മയായും അദ്ധ്യാപികയായും നിന്നു  കൊണ്ടു പറയുകയാണ് മാതാപിതാക്കളും ബന്ധുക്കളും അധ്യാപകരും ദയവായി കുട്ടികളെ പേടിപ്പിക്കരുതേ. അവർ സ്വസ്ഥമായി സമാധാനമായി ആത്മവിശ്വാസത്തോടെ പരീക്ഷകൾ പൂർത്തിയാക്കട്ടെ. പരീക്ഷയെഴുതുന്ന എല്ലാകുട്ടികൾക്കും ആശംസകൾ നേരുന്നു. അവർക്കായി പ്രാർത്ഥിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
FROM ONMANORAMA