ഒരൊന്നൊന്നര മുരിങ്ങക്കായ്

drum-stick
SHARE

മലയാളികൾക്ക് എന്നും പ്രിയപ്പെട്ടൊരു പച്ചക്കറിയാണ് മുരിങ്ങക്കായ് ..സീസണല്ലങ്കിൽ വിലകൂടി നമ്മളെ വെട്ടിലാകും ഈ നീണ്ട കോല് .അതില്ലാതെ പറ്റുകയുമില്ല ..എന്നാൽ മുരിങ്ങയ്ക്ക ഇഷ്ടമല്ലാത്തവരുമുണ്ട്.

."ഈ മുരിങ്ങയ്ക്കാ എനിക്കിഷ്ടമേയല്ല "മോളി പറയാറുണ്ട് ."വേറെ ഒന്നുമല്ല .എന്റെ കുട്ടിക്കാലത്ത് രണ്ടു പടുകൂറ്റൻ മുരിങ്ങയുണ്ടായിരുന്നു വീട്ടിൽ .ഈശ്വരാ ..അങ്ങോട്ട് കായ്ക്കാൻ തുടങ്ങിയാൽ എന്നും ഉണ്ടാവും മുരിങ്ങയ്ക്ക കൊണ്ടൊരു കറി .തിന്നു തിന്നു മടുത്തിട്ടുണ്ട് ."

നാഗരികത വേഷം കെട്ടിക്കാത്ത ഒരുവികസിത ഗ്രാമമായിരുന്നില്ലേ അന്ന് നമ്മുടെ കേരളം .നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നല്ലേ  വിശ്വാസം .പറമ്പിൽ നിന്നുള്ള വിഭവങ്ങൾ തന്നെയാണ് മിക്കവാറും കറിക്കൂട്ടുകൾ .ചക്കക്കാലത്ത്  ചക്ക .അതോ ചക്കയുടെ മുള്ളൊഴികെ എല്ലാം ഭക്ഷ്യയോഗ്യം  .കപ്പ ,ചേന ചേമ്പു .കാച്ചിൽ ,അങ്ങനെ നീളും വീട്ടിലെ വിളകൾ .മത്തനോ ,കുമ്പളമോ ,പാവലോ പടവലമോ പടർന്നു വളർന്നു കയറിയാലോ ,പിന്നെ രക്ഷയില്ല .അന്നുള്ളവരുടെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം അതായിരുന്നു എന്ന് ഇന്ന് തോന്നുന്നുണ്ട് . 

ഞങ്ങളുടെ വീടുകളിലുമൊക്കെയുണ്ടായിരുന്നു മുരിങ്ങ .സർവ്വഗുണ സമ്പന്നമായ ഒരു വെജിറ്റബിൾ ആയാണ് അവിടെ മുരിങ്ങയെ കരുതി പോന്നത് .മണവും ഗുണവും മാത്രമല്ല മുരിങ്ങക്കായ് ഒരുസൗന്ദര്യ ആരോഗ്യ സംവർദ്ധക വസ്തുവാണ് എന്നും വിശ്വസിച്ചു പോന്നു ..

കൗമാരം കടക്കുന്ന ഏതൊരു പെൺകുട്ടിയുടെയും മോഹമാണ് അഴക് .സുന്ദരമായ മുഖം പോലെ പെൺകുട്ടികളുടെ സ്വപ്നം തന്നെയാണ് വടിവുറ്റ ഉടലഴകും.!സൗന്ദര്യത്തെക്കുറിച്ച്  വളരെ ബോധമുള്ള ഒരു സംഘം പെൺകുട്ടികളിൽ ഒന്നായിരുന്നു കൗമാരകാലത്ത്  ഞാനും .(ഇപ്പോഴുമതെ )ഇന്നത്തെപ്പോലെ ബ്യുട്ടി പാർലറുകളോ സൗന്ദര്യ വർദ്ധക വസ്തുക്കളോ അന്നില്ല .മഞ്ഞളുംഎണ്ണയും താളിയും കടലമാവും പയറുപൊടിയുമൊക്കെ തന്നെ ..മുഖ  സൗന്ദര്യത്തോടൊപ്പം ശരീരവടിവുകളെക്കുറിച്ചും ഞങ്ങൾ ശ്രദ്ധാലുക്കളായിരുന്നു .ആ കുസൃതിക്കൂട്ടത്തിലെ എല്ലാവരും  തന്നെ  നൃത്തം പഠിക്കുന്നവരുമായിരുന്നു .ഉറച്ച കൊച്ചു മാറിടവും ഒരുങ്ങിയ ഇടുപ്പും ആലില വയറും നിറഞ്ഞ പുറവടിവും അന്നും ചന്തത്തിന്റെ മാനദണ്ഡങ്ങൾ തന്നെ .ഒഴിവു സമയങ്ങളിൽ ഞങ്ങളുടെ ചർച്ചാ വിഷയവും ഇതൊക്കെ തന്നെയായിരുന്നു .

ശുഷ്കിച്ച മാറിടമുള്ളവർക്ക് വലിയ വിഷമവും നിരാശയുമായിരുന്നു .പ്ലേഗ്രൗണ്ട്  ,ടെന്നീസ് കോർട്ട്, സ്റ്റേഡിയം എന്നൊക്കെ പറഞ്ഞ് കൂട്ടുകാർ തന്നെ അവരെ കളിയാക്കിഅപകർഷതാബോധം വർധിപ്പിക്കും .അപ്പോഴാണ് ഞങ്ങളുടെ അന്വേഷണകൗതുകം ഇതിനൊരു മരുന്ന് കണ്ടു പിടിച്ചത് .'മുരിങ്ങക്കായ് '!!മുരിങ്ങക്കായിൽ സ്ത നങ്ങൾ വളർത്താനുള്ള ഗുണഗണങ്ങൾ (ഹോർമോൺസ് )ഉണ്ടത്രേ .മുരിങ്ങയ്ക്ക ധാരാളമായി കഴിച്ചാൽ മതി അമ്പലത്തിലെ ശില്പങ്ങളുടെ മാറിടരൂപഭംഗി കിട്ടാൻ !എന്റമ്മേ അന്ന് തൊട്ടു തുടങ്ങിയില്ലേ  ഞങ്ങൾ മുരിങ്ങയ്ക്ക തീറ്റ മത്സരം .ഇല്ലാത്തവർക്ക് ഉണ്ടാവണം ഉള്ളവർക്ക് അല്പം കൂടി വേണം .കിട്ടാനുള്ള മുരിങ്ങയ്ക്ക  മുഴുവൻ ഞങ്ങൾ തിന്നു  .വീട്ടുകാർ അന്തം വിട്ടു .ഈ പരിശ്രമത്തിന്റെ ഫലമെന്തായി എന്നല്ലേ ?അത് ചോദിക്കല്ലേ ?

ഏറെ വർഷങ്ങളൾക്കുശേഷം ഭാഗ്യരാജിന്റെ "മുന്താണെ മുടിച്ചു "എന്ന തമിഴ് ചിത്രത്തിൽ വീണ്ടും മുരിങ്ങയ്ക്കാ പ്രകീർത്തിക്കപ്പെട്ടു .വിരക്തനായ ഭർത്താവിനെ ഉത്തേജിപ്പിക്കാനായി ഒരു ഗ്രാമീണ പെൺകുട്ടി മുതിർന്നവരാരോ ഉപദേശിച്ചത് കേട്ട് മുരിങ്ങയ്ക്ക മാത്രമല്ല ഒരു മുരിങ്ങ മുഴുവനായി വെട്ടിയെടുത്തു കൊണ്ട് വരുന്ന രംഗം തീയേറ്ററിൽ പൊട്ടിച്ചിരിയുയർത്തിയത് ഇന്നുമോർക്കുന്നു .മുരിങ്ങയില മുരിങ്ങപ്പൂവ് ,എന്തിനു മുരിങ്ങത്തടിയുടെ തൊലി പോലും തീവ്രമോഹമുണർത്താൻ പര്യാപ്തമാണെന്ന് പലനാടുകളിലും വിശ്വാസമുണ്ടെന്ന് അന്നാണറിഞ്ഞത് .(പെണ്ണിന് മാത്രമല്ല ആണിനും ).

കാലം കുറെ കടന്നു പോയി .എന്റെ മകൾ കോളേജിലായി .അവിടെയും ഈ മൈതാനമാറിടപ്രശ്നം അവളുടെ  കൂട്ടുകാരികളെ അലട്ടുന്നു എന്ന് മകൾ വന്ന് പറഞ്ഞപ്പോൾ  മകളോട് ഞാൻ ഞങ്ങളുടെ ആ മുരിങ്ങയ്ക്കാ ചികിത്സയുടെ കഥ പറഞ്ഞു കേൾപ്പിച്ചു .മുരിങ്ങയ്ക്ക കഴിച്ചാൽ വിശ്വസുന്ദരിമാരുടെ മെയ്യളവുകളിലൊന്ന് .കൈവരുമോ ?അതായി പിന്നെ മെലിഞ്ഞ സുന്ദരിമാരുടെ സംശയം .കൂട്ടുകാരോട് അവൾ ആ കഥ പറഞ്ഞവസാനിപ്പിച്ചു "അങ്ങനെ നഗരത്തിലെ മുരിങ്ങയ്ക്ക മുഴുവൻ എന്റെ അമ്മയും കൂട്ടുകാരികളും കൂടി തിന്നു തീർത്തു "അവർ കണ്ണ് മിഴിച്ചു ."എന്നിട്ടോ ?എന്നിട്ടെന്തുണ്ടായി ?"എന്ന് കൂട്ടുകാർ ചോദിച്ചപ്പോൾ അവൾ പൊട്ടിചിരിച്ചത്രേ ?എന്നോട് ആ ചോദ്യം ഇപ്പോൾ ഈ ലേഖനം വായിക്കുന്നവർ ചോദിച്ചാലും എനിക്കതു തന്നെ മറുപടി ഒരു പൊട്ടിച്ചിരി!! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ