പറന്നു പറന്ന്

905516736
Shot of an unrecognizable delivery man receiving payment from a female customer for her takeaway
SHARE

ചിറകടിച്ചു പറക്കുന്ന പക്ഷികളെ കുറിച്ചല്ല .ആകാശയാത്ര നടത്തുന്ന വിമാനങ്ങളെ കുറിച്ചല്ല ഭാവനയുടെ ലോകത്ത് പറന്നു നടക്കുന്ന മനുഷ്യ മനസ്സ് കളെക്കുറിച്ചുമല്ല പറയുന്നത് .പറന്നു വരുന്ന ഭക്ഷണസാധനങ്ങളെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത് .എന്ത് ?ഭക്ഷണസാധനങ്ങൾ പറന്നു വരികയോ ?എങ്കിൽ എന്ത് നന്നായി ..ദാരിദ്ര്യമൊക്കെ പമ്പ കടക്കും .ങാ നന്നായി .

കുറച്ചൊന്നു പറക്കാം  നമുക്ക് പിന്നിലേക്ക് .ഭൂതകാലം പകർന്നു നൽകുന്ന കുളിരോർമ്മകളിലേക്ക് !അന്നത്തെ ഭക്ഷണരീതികളെപ്പറ്റി ,വസ്ത്രങ്ങളെപ്പറ്റി ജീവിതത്തെപ്പറ്റി ഒക്കെ എന്നെപ്പോലെയുള്ള പഴമക്കാർ പറയാൻ തുടങ്ങിയാൽ ഇന്നത്തെ  തലമുറ വിശ്വസിച്ചു എന്ന് വരില്ല .

പ്രഭാതത്തിൽ  ആവിപറക്കുന്ന ഇഡലിയോ ദോശയോ പുട്ടോ ഇടിയപ്പമോ കഴിച്ചിട്ട് സ്കൂളിലേക്കുള്ള നടപ്പ് .കുറച്ചു ദൂരം ഉണ്ടെങ്കിലും നടന്നേ പറ്റൂ .ഇന്നത്തെ പ്പോലെ കാറിലും സ്കൂട്ടറിലും ഓട്ടോ യിലുമൊക്കെ അച്ഛനോ അമ്മയോ സ്കൂളിൽ കൊണ്ട് വിടുകയൊന്നുമില്ല .അയല്പക്കത്തെ കൂട്ടുകാരോടൊപ്പം കളിച്ചു ചിരിച്ചു വർത്തമാനം പറഞ്ഞ്  ഉല്ലാസകരമായിരുന്നു ആ നടപ്പ് .ബാഗിനുള്ളിൽ ഭക്ഷണ പൊതി,അല്ലെങ്കിൽ  ലഞ്ച് ബോക്സ് .അതിനുള്ളിൽ ഉച്ചഭക്ഷണം .അത് ചോറോ പ്രഭാത ഭക്ഷണം തന്നെയോ ആവാം .സ്കൂളിൽ അന്ന് കാന്റീൻ ഒന്നും ഇല്ല .സ്കൂൾ വിട്ടുവിശന്നു വലഞ്ഞു വന്നാലോ   വീട്ടിൽ ഉണ്ടാവും രുചികരമായ ഹോം മെയിഡ് വിഭവങ്ങൾ !

ഇപ്പോഴാണെങ്കിലോ ?കുട്ടികൾക്ക് തീരുമാനിക്കാം എന്ത് കഴിക്കണമെന്ന് .വീട്ടിലെ വിഭവങ്ങൾ തൃപ്തി കരമല്ലെങ്കിൽ അപ്പോൾ മൊബൈൽ എടുത്തു് ഓർഡർ ചെയ്യാം .ഏതു ഹോട്ടലിൽ നിന്ന് എന്ത് ഭക്ഷണം വേണം .ക്ഷണം കൊണ്ടെത്തിക്കും  .പറന്നു പറന്ന് !കൊണ്ട് വരുന്നതോ കറുത്ത ഓവർ കോട്ടിട്ട്(കറുപ്പിന്റെ കൂടെ പച്ചയും ,ഓറഞ്ചുമൊക്കെയാവാം) ,ആ കോട്ടിനു പിറകിൽ കമ്പനിയുടെ പേരെഴുതി വച്ച് ,കറുത്ത ഒരു ബാഗ് പിന്നിൽ തൂക്കിയിട്ട് ,പറ്റിയാൽ ഒരു കറുത്ത വാഹനത്തിൽ തന്നെ (അത് സ്കൂട്ടറോ ബൈക്കോ ആവാം ).ഈ കൂട്ടരേ ഏന്തു വിളിക്കും ?ഭക്ഷ്യ വാഹകരെന്നോ ?റോഡിലിറങ്ങിയാൽ പാഞ്ഞു പോകുന്ന ഇവരെ കാണാതെ യിരിക്കില്ല .അത്രക്ക് ബഹുലമാണ് ഓർഡറുകളും അതിന്റെ ഡെലിവറിയും എന്തൊരു സൗകര്യം ...അപ്പോഴപ്പോൾ പൈസ കൊടുക്കുകയും വേണ്ട .അത് നമ്മുടെ അക്കൗണ്ടിൽ നിന്ന് താനെ പൊക്കോളും .കുട്ടികളുടെ ആഹാരകാര്യത്തെക്കുറിച്ചു അമ്മമാർക്കിനി ഉത്കണ്ഠയെ വേണ്ട .

ഇനി ഒരു കാര്യം കൂടി .എല്ലാവരും നിരുത്സാഹപ്പെടുത്തുന്ന ജങ്ക് ഫുഡ് ഒന്നുമല്ല .നിങ്ങൾക്കെന്തു വേണം ?പണ്ട് മുത്തശ്ശിമാരുണ്ടാക്കിയിരുന്ന നാടൻ വിഭവങ്ങളോ ?അമ്മമാരുടെ സ്പെഷ്യൽ പാചകങ്ങളോ ?ഒക്കെ റെഡി .ഇതാ ഫോണെടുക്കൂ .വിളിക്കൂ .ഇനി അതറിയില്ലെങ്കിൽ കുട്ടികളോട് പറയൂ .അവർ ഓർഡർ ചെയ്തു നിങ്ങളുടെ ഇഷ്ട രുചികൾ മുന്നിലെത്തിക്കും ,പറന്നു ത്തു പറന്നു വരും .

ഇതിനൊരു മറുവശം കൂടിയുണ്ട് .വല്ലപ്പോഴും  പുറത്തുപോയി ഇഷ്ടപ്പെട്ട ഹോട്ടലിൽ ഭക്ഷണം കഴിക്കുക എന്നത് ഇന്ന് നമ്മുടെയിടയിൽ സാധാ രണമാണ് ഇടയ്ക്കിടെ പോകുന്ന ഇടമാണെങ്കിൽ അവിടെ നമ്മൾ ഒരു പരിചയം ഉണ്ടാക്കിയെടുക്കും .ഇഷ്ടപ്പെട്ട ഇരിപ്പിടം ,പരിചയമുള്ള വെയ്റ്റർ ,നമ്മുടെ പ്രിയപ്പെട്ട  വിഭവങ്ങൾ  . മെനു നോക്കി പുതിയതെന്തെങ്കിലും പരീക്ഷിക്കുകയുമാവാം .ഈ സൗകര്യമൊന്നും പറക്കും ഭക്ഷണം ഓർഡർ ചെയ്താൽ കിട്ടില്ല .വാതിൽ പാതി തുറന്നു കൈ മാത്രം പുറത്തിട്ടു പാക്കറ്റ് വാങ്ങി കഴിക്കാം എന്നാണ് ചില കമ്പനികളുടെ പരസ്യം പോലും .എന്നിട്ടു വീട്ടിനകത്തടച്ചിരുന്നു ടി വിയിലോ ലാപ്ടോപ്പിലോ കണ്ണും നട്ട് രുചിപോലും ശ്രദ്ധിക്കാതെ കഴിച്ചു  തീർക്കാം .ഇത് ആരോഗ്യത്തെ എത്ര ബാധക്കുന്നു എന്ന് നമ്മൾ ചിന്തിക്കാറുണ്ടോ ?പുരോഗമനങ്ങൾ ഉണ്ടാകും തോറും മനുഷ്യർ തമ്മിൽ ഉള്ള ഇടപെടലുകൾ കൂടി ഇല്ലാതാക്കുന്നതിന് ഒരു ഉദാഹരണമാണിത്.അതിഥികൾ വന്നാലും ഇത് തന്നെ .അവരുമായി ഒത്തിരുന്നു നമ്മുടെ വീട്ടിൽ തന്നെയുണ്ടാക്കിയ ഭക്ഷണം കഴിക്കുകയോ ,എല്ലാവരുമായി പുറത്തുപോയി ഒരു ഹോട്ടലിൽ കഴിക്കുകയോ ഒക്കെയായാൽ അത് നമ്മൾ കൂടുതൽ ആസ്വദിക്കുകയില്ലേ ? .വല്ലപ്പോഴും പറക്കും സൗകര്യങ്ങൾ ആവാം .പക്ഷെ എന്നുമായാലോ ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ