ഏപ്രിൽ മഴ 

kerala-rain
SHARE

പൊടുന്നനെ കൊച്ചിയിൽ മഴ പെയ്തു .നഗരം മഴയിൽ കുളിച്ചു കുളുർന്നു .പക്ഷെ വിറച്ചില്ല എന്ന് കൊച്ചി പരിഭവിച്ചു ..അതിനു മാത്രം പെയ്തില്ലല്ലോ എന്ന് മഴ കളി  പറഞ്ഞു .നന്നായി കാറ്റ്  വീശുന്നുണ്ടായിരുന്നു .കാറ്റ്  എന്നെ പഴയ ഓർമകളിലേക്ക് അടിച്ചു പറത്തുന്നത് അല്പം നൊമ്പരം കലർന്ന സന്തോഷത്തോടെ ഞാനറിഞ്ഞു .

അവിചാരിതമായി ഒരു മഴ പെയ്താലുടൻ എന്റെ മകൻ സൂരജ് പാടുകയായി "ഡുംഡും ഡുംഡും ദുന്ദുഭി നാദം നാദം " .വൈശാലിയിലെ ആ പാട്ട് !വർഷങ്ങളോളം മഴ കാത്തിരുന്നിട്ട് ,ഒടുവിൽ മഴ വന്നപ്പോൾ ഒരു രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും ഹർഷോന്മാദ നൃത്തത്തിന്റെ സുന്ദരമായ ആവിഷ്കാരമായിരുന്നു ആ രംഗം .സൂരജിന്റെ പാ 

ടു കേൾക്കാത്ത  താമസം ഞാനും മകളും മുറ്റത്തെ മഴയിലേക്ക് ചാടിയിറങ്ങുകയായി .സൂരജും  വീട്ടിൽ എനിക്ക് സഹായിയായി ഉണ്ടായിരുന്ന രാധയും കൂടെ കൂടുകയായി .രസകരമായ ആ മഴക്കുളികൾ എത്ര വർഷങ്ങൾക്കു മുൻപ് നടന്നതാണ് .പക്ഷെ ഇന്നും അതോർക്കുമ്പോൾ കുളിരു കോരുന്നു .

ഞങ്ങളുടെ വീടിന്റെ പിന് ഭാഗത്ത് നല്ല പ്രൈവസി യുണ്ട് .ഉയർന്ന മതിൽ ഉള്ളത് കൊണ്ട് ആർക്കും ഞങ്ങളെ കാണാനാവില്ല .മഴ ശക്തിയാർജിക്കുമ്പോൾ വീടിന്റെ മേൽക്കൂരയിൽ നിന്ന് ഒരു ജലപാതം പോലെ പാത്തിയിലൂടെ വെള്ളം ചാടും .അത് ഞങ്ങളുടെ കുറ്റാലം വെള്ളച്ചാട്ടമാണ് .നിന്നവേഷത്തിൽ ആ വെള്ളച്ചാട്ടത്തിൻ കീഴിൽ നിന്ന്  കുളിക്കുന്നത് ഞങ്ങളുടെ മഴക്കാലവിനോദമാണ് .രണ്ടു കുട്ടികളും (അത്ര കുട്ടികളല്ല , ഒരാൾ പ്രീഡിഗ്രിയും മറ്റെയാൾ  പ്രൈമറി ക്ലാസും)അതിലും കുട്ടിയായ ഒരമ്മയും ഞങ്ങൾക്ക് മൂന്നാൾക്കും കുട്ടിയായ രാധയും .ഈ മഴക്കുളിയുടെ ഫലമോ ?അടുത്തനാൾ ജലദോഷമോ പനിയോ ഒരാൾക്ക് ,അല്ലെങ്കിൽ മൂന്നു പേർക്കും . എന്നിട്ടെന്താ അടുത്ത മഴക്കാലത്തും മാറ്റമൊന്നുമില്ല . 

ഒരു ഭയങ്കര മഴദിനത്തിൽ ഓഫീസിൽ പോകാതെ ഞാൻ ലീവെടുത്തിരുന്നു .കോളേജ് വിദ്യാർത്ഥിയായ മകൻ പിന്നെ പോകുമോ ?അവധിക്കാലമായതിനാൽ മകൾ 'അമ്മുമ്മ അപ്പൂപ്പാ വീട്ടിലേക്ക് പോയിരുന്നു .മുറ്റത്തെ മഴപ്പുഴയിൽ കടലാസ്സു വഞ്ചി കൾ  ഒഴുക്കി വിട്ട് ഒരു പകൽ മുഴുവൻ കളിച്ച ഒരമ്മയും മകനും വേറെ ഉണ്ടാവുമോ ?അറിയില്ല .അത്രയും കളിച്ചു രസിച്ച ഒരു മഴ പ്പകൽ അതിനു മുൻപോ അതിനു ശേഷമോ എന്റെ ജീവിതത്തിലുണ്ടായിട്ടില്ല .മകൾ കോളേജ് വിദ്യാർത്ഥിനിയായിരിക്കുമ്പോഴും അവളുമൊത്ത് ടെറസ്സിൽ പെരുമഴയിൽ ഞാൻ  ആർത്തു കുളിച്ചിരുന്നു .അപ്പോഴേക്ക് ഒരു ഭീകരരോഗത്തിൽ നിന്ന് ഞാൻ രക്ഷപ്പെട്ടതാണെന്നത് പോലും മറന്നു കഴിഞ്ഞിരുന്നു എങ്കിലും  .ആരോഗ്യം തീരെ അനുവദിച്ചിരുന്നില്ല എന്റെയീ മഴവിളയാട്ടങ്ങൾ .എന്നാലും ആ മാനസികോല്ലാസം അവർണനീയമായി ഇന്നും ഓർമകളിൽതെളിഞ്ഞു നിൽക്കുന്നു . 

മഴക്കമ്പം ബാല്യത്തിലും കൗമാരത്തിലും മാത്രമല്ല മുതിർന്നിട്ടും അമ്മയായിട്ടും ഇന്നിതാ ഒരുപാടു പാകതയെത്തേണ്ട പ്രായമായിട്ടും എന്നെ വിട്ടു പോയിട്ടില്ല .

പ്ര തികരിക്കില്ലെങ്കിലും മകനോട് ഞാൻ പറയാറുണ്ട് "നോക്കൂ സൂ മഴപെയ്യുന്നു എഴുന്നേൽക്കൂ നമുക്ക് മഴനനയാം ".ഓഫീസു  വിട്ടു പെരുമഴയിൽ നനഞ്ഞൊ ലി ച്ചെത്തുന്ന  മകളോ ടും ഞാനാ പഴയ മഴയോർമകൾ പങ്കുവച്ചു രസിക്കാറുണ്ട് .ആ കാലം ഒരു ദിവത്തേക്കൊന്നു തിരിച്ചു കിട്ടിയെങ്കിൽ എന്നാശിക്കാറുമുണ്ട് . 

ഇടപ്പാതിയെന്നുംതുലാവർഷ മെന്നുമൊക്കെ പറഞ്ഞിരുന്ന മഴക്കാലങ്ങളും  അകലെയായി .ഇപ്പോൾ അകാലമഴകൾ ,ആസിഡ് മഴകൾ ,പ്രളയമഴകൾ .എന്നാലും ഇപ്പോഴും സുന്ദരമഴകളും സുഖ ശീതള മഴകളും ഇടിമിന്നൽ മഴകളും എന്റെ റൊമാന്റിക് ഭാവനകളിൽ പനിനീര് തളിക്കുന്നു!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ