പ്രണയം ഒരൗഷധം

love-845x440
SHARE

മനുഷ്യമനസ്സിനുള്ള ഏറ്റവും വലിയ സാന്ത്വനമാണ്  പ്രണയം .അതിൽ സംശയമില്ല .പ്രണയം എന്നത് കൊണ്ടിവിടെ ഉദ്ദേശിക്കുന്നത് തീരെ സാധാരണമായ ഒരു ശാരീരിക മാനസിക വികാരത്തെയല്ല .സ്നേഹം ,സൗഹൃദം ,ആദരവ്,വിശ്വാസം ,വാത്സല്യം ഇതെല്ലം ചേരുമ്പോഴുള്ള അത്യപൂർവമായ ഒരനുഭൂതി .അതാണ് പ്രണയം.അത് ആർക്കു ആരോട് എപ്പോൾ തോന്നുന്നു എന്ന് പറയാനാവില്ല .ജാതിയോ മതമോ പ്രായമോ വർണമോ കാലമോ സ്ഥലമോ ഒന്നും അതിനു തടസ്സമാവുകയുമില്ല .കേവലം സങ്കുചിതമായ ഒരർത്ഥത്തിൽ അല്ല അത്തരം പ്രണയങ്ങളെ നോക്കിക്കാണേണ്ടത്.ചിലർക്കത് ആത്മാവ് ആത്മാവിലലിയുന്ന അനുഭൂതിയാണ് . മറ്റു ചിലർക്കത് കേവലം ശാരീരികമായ ഒരാർത്തി മാത്രം .വാത്സല്യം വഴിയുന്ന ,സൗഹൃദം നിറഞ്ഞ ,അനുരാഗം തുളുമ്പുന്ന ,പരിഭവം കലർന്ന ,കാമം കത്തുന്ന എത്രയോ തരം  സ്നേഹങ്ങളുണ്ട് .ഇതെല്ലം കൂടിച്ചേർന്നതാണോ പ്രണയം ?

കുറച്ചു  മുൻപ് യൗവനവും സൗന്ദര്യവും നിലനിർത്താനും ആരോഗ്യം സംരക്ഷിക്കാനും രോഗങ്ങളെ ചെറുത്തു നിർത്താനും കഴിവുള്ള ദിവ്യഔഷധമാണ് പ്രണയം എന്ന് എവിടെയോ വായിക്കാനിടയായി .അപ്പോൾ ഞാനൊരു പഴയ പ്രണയകഥ ഓർത്തുപോയി .ഈ കഥ പണ്ടെപ്പോഴോ ഞാൻ എവിടെയൊക്കെയോ പറഞ്ഞിട്ടുണ്ട്  .എന്നാലും പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ കൊതിക്കുന്നവർക്കും വേണ്ടി വീണ്ടും പറയട്ടെ .

ആദ്യം കാൻസർ ബാധിച്ചു് കീമോതെറാപ്പി എടുക്കുന്ന കാലം .മരണതുല്യമായ ഒരു കടുത്ത ചികിത്സ രീതിയാണ് കീമോ .അതിന്റെ പ്രത്യാഖാതം താങ്ങാനാവാതെ ഞാൻ തളർച്ചയിൽനിന്നു തളർച്ചയിലെക്കു താഴ്ന്ന്  അവശയായി  .എന്റെ കറുത്തിരുണ്ട ചുരുൾ മുടി ഒന്നൊഴിയാതെ കൊഴിഞ്ഞു വീണു.മുഖവും ശരീരവും കരുവാളിച്ചു .ചുണ്ടുകളും വായുടെ ഉൾഭാഗവും  പൊട്ടി കീറി .നഖങ്ങൾ കരിനീലനിറമായി .പുരികവും കൺപീലി  .....

കളും  കൊഴിഞ്ഞു .അപ്പോഴും ഞാൻ ഉരുവിട്ട് കൊണ്ടിരുന്നു ."ഇല്ല ഞാൻ തോൽക്കില്ല .എനിക്ക് ജീവിക്കണം .ജീവിച്ചേ തീരൂ "

അത്യന്തം ആശ്ചര്യജനകമായ ,അവിശ്വസനീയമായ ,അപൂർവമായ ഒരനുഭവം അപ്പോഴാണുണ്ടായത് .ധൈര്യം കൈവിടാതിരിക്കാൻ കഠിനമായി ശ്രമിച്ചു കൊണ്ടിരിക്കെതന്നെ എന്റെ മനസ്സിന്റെ ഇടനാഴിയിലെവിടെയോ നിരാശ പതുങ്ങി നിൽക്കുന്നത് ഞാനറിഞ്ഞു .ഞാൻ ഒരു സാധാരണ സ്ത്രീയല്ലേ ?അമ്മയല്ലേ ?ജീവന് ആപത്തു വരുമ്പോൾ ഭയപ്പെടാതിരിക്കാനാവുമോ ?

അപ്പോഴാണ് ഒരു  കത്ത് കിട്ടിയത് .അപരിചിതമായ കൈപ്പട .പക്ഷെ പരിചിതം എന്ന് തോന്നുന്ന വാക്കുകൾ എന്നെ അടുത്തറിയുന്ന ഒരാൾ എന്റെ രോഗവിവരമറിഞ്ഞ് ആശ്വസിപ്പിക്കാനെത്തുന്നു .ഞാൻ അമ്പരന്നു വീണ്ടും വീണ്ടും ആ വാക്കുകൾ വായിച്ചു .ദേവിയെ വളരെയേറെ സ്നേഹിക്കുന്നൊരാൾ എന്നേ  കത്തിലുള്ളു .എനിക്ക് നേരിയ ഭയം തോന്നി .ഒന്നാമത് ഒറ്റക്കൊരുവൾ .രണ്ടാമത് രണ്ടു  മക്കളുടെ അമ്മ .പോരെങ്കിൽ കാൻസർ രോഗി .ഈ അവസരത്തിൽ എനിക്കൊരു പ്രണ യ ലേഖനമോ ?ഒരായിരം തുണ്ടുകളായി കീറി ആ പ്രണയകാവ്യം ഞാൻ കാറ്റിൽ  പറത്തി .എന്നിട്ടും ..തിരമാലപോലെ ആ വരികൾ എന്റെ മനസ്സിലേക്ക് വന്നു കൊണ്ടിരുന്നു .അപ്പോൾ അതാ വരുന്നു അടുത്ത കത്ത് .കൂടുതൽ ഭയത്തോടെ അമ്പരപ്പോടെയെങ്കിലും ഞാനാ കത്ത് ആർത്തിയോടെ വായിച്ചു.

,വീണ്ടും വീണ്ടും .എന്റെ രൂപത്തെ ,സ്വഭാവത്തെ ,പെരുമാറ്റരീതികളെയൊക്കെ അഭിനന്ദിച്ചിട്ടുണ്ട് .എന്റെ സംസാരം ,ചിരി ,നിൽപ്പും നടപ്പും വരെ സൂക്ഷ്മമായി നിരീക്ഷിച്ച് വർണിച്ചിട്ടുണ്ട് .ഇതാരാണ് ?എനിക്ക് പിടികിട്ടിയതേയില്ല .പിന്നെയും തുടരെ തുടരെ വരവായി തീവ്രമായ പ്രണയം തുളുമ്പുന്ന കത്തുകൾ .എനിക്ക് നല്ല രസം തോന്നി .രണ്ടു കുട്ടികളുടെ അമ്മയാണെങ്കിലും ഞാനന്ന് ചെറുപ്പം .സുന്ദരി തന്നെ എന്നഭിമാനിച്ചിരുന്നു താനും .പക്ഷെ മാരകമായ ഒരു രോഗത്തിന്റെ നിഷ്ഠൂരമായ ചികിത്സ എന്റെ അഴകിന്റെ തൂവലുകൾ മുഴുവൻ പറിച്ചു കളഞ്ഞ്  എന്നെ അത്യന്തം വിരൂപയും അവശയും ആക്കിയിരിക്കുന്ന ഈ അവസരത്തിലാണല്ലോ ഇങ്ങനെ ഒരനുഭവം !.എനിക്ക് ധൈര്യം പകരാനും എന്നെ സുഖപ്പെടുത്തി രക്ഷിക്കാനും ഈ പ്രണയം അത്യാവശ്യമാണെന്ന് ആ കത്തുകൾ ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നു ."നിന്നെ ഞാൻ എന്റെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു .എന്റെ കരവലയം ഭേദിച്ച് നിന്നെ കൊണ്ടുപോകാൻ  രോഗത്തിനോ മരണത്തിനോ കഴിയില്ല ".ആ വാക്കുകൾ എന്റെ സിരകളിലൂടെ പ്രണയവും ധൈര്യവും ആത്മവിശ്വാസവും ഒഴുക്കി .ക്രമേണ ഞാനാ പ്രണയ ലേഖനത്തിനായി കാത്തിരിക്കാൻ തുടങ്ങി .എങ്കിലും മനസ്സ് പരിപൂർണമായി കീഴ്‌പ്പെട്ടു പോവാതരിക്കാൻ ഞാൻ ശ്രദ്ധിച്ചു .ഒടുവിൽ വലിയ നിരാശയിൽപെട്ട് ഞാൻ താഴ്ന്നു പോകരുതല്ലോ .

രോഗം നിശ്ശേഷം മാറി ഞാൻ പഴയ ദേവി ആയപ്പോഴേക്ക് ആ കത്തുകൾ പതുക്കെ പതുക്കെ കുറഞ്ഞ് എന്നെ ഒട്ടും നോവിക്കാതെ തന്നെ നിലച്ചു .എന്നെ രക്ഷിക്കാൻ ശ്രമിച്ച ആ സുഹൃത്ത് ആരായിരുന്നു?ഇന്നുമെനിക്കറിയില്ല  .പ്രഗത്ഭരായ ഡോക്ടർമാർ ,ശക്തമായ മരുന്നുകൾ പ്രിയപ്പെട്ടവരുടെ മുഴുവൻ പ്രാർത്ഥനകൾ .അതോടൊപ്പം അജ്ഞാതമായ ഒരു പ്രണയവും സഹായിച്ചു എന്െ രോഗവിമുക്തിക്ക് എന്ന് ഞാനിന്നും വിശ്വസിക്കുന്നു .ഒളിഞ്ഞു നിന്ന് ചൊരിഞ്ഞ ആ പ്രണയത്തെ ഞാനിന്നും കാത്തിരിക്കുന്നു .

(ഈ ലേഖനത്തിലെ കുറെ ഭാഗങ്ങൾ ദേവിയുടെ തന്നെ കാൻസർ അനുഭവങ്ങൾ പങ്കിടുന്ന 'സാന്ത്വനസ്പർശങ്ങൾ എന്ന കൃതിയിൽ നിന്ന് ')

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA