മറുനാട്ടിൽ

Career
SHARE

കാലമെത്ര മാറി എന്നത് നമ്മുടെ ഊഹാപോഹങ്ങൾക്കപ്പുറമാണ് .പണ്ട് പ്രീഡിഗ്രി അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ്  കഴിഞ്ഞാൽ എൻജിനീറിങ് ,മെഡിസിൻ ഒക്കെ ലക്ഷ്യം വയ്ക്കും.സാധിച്ചില്ലെങ്കിലോ ഏതെങ്കിലും വിഷയം മെയിനായി എടുത്ത് ഡിഗ്രി കോഴ്സിനു ചേരും .ഇന്നും അതൊക്കെ തന്നെ ചെയ്യുന്നവരുണ്ട്.പക്ഷെ ഇതിൽനിന്നു വ്യത്യസ്തരായി ചിലരുണ്ട് .അവർ രാജ്യത്തൊട്ടാകെയുള്ള യൂണിവേഴ്സിറ്റികളിൽ അന്വേഷണങ്ങൾ നടത്തും .അവിടെ എത്രയോ കോഴ്സ്കൾ .സൈറ്റുകളിൽ കയറി ഇതൊക്കെ കണ്ടെത്തി മനസ്സിലാക്കാൻ ഇന്നൊരു പ്രയാസവുമില്ലല്ലോ .എന്നാൽ മിക്കയിടങ്ങളിലും ഒരു ഡിഗ്രിക്ക് ചേരാൻ പോലും വലിയ ടെസ്റ്റും ഇന്റർവ്യൂവും ഒക്കെയുണ്ട് .ഇതിനു പുറമെ  പന്ത്രണ്ടാം ക്ലാസ്സിലെ മാർക്കും പരിഗണിക്കും.

അങ്ങനെ രാമുവും പന്ത്രണ്ടാം ക്ലാസ് കടന്നു .എൻട്രൻസ് എഴുതുന്നില്ല എഞ്ചിനീറിങ്ങിനു പോകുന്നില്ല എന്നൊക്കെ അവൻ നേരത്തെ തീരുമാനമറിയിച്ചിരുന്നു . പഠനത്തിന്റെ കാര്യത്തിൽ കുട്ടികളെ നിര്ബന്ധമായി അച്ഛനമ്മമാരുടെ ഇഷ്ടങ്ങൾക്കു വിധേയരാക്കുക എന്നൊരു രീതി എന്റെ വീട്ടിലില്ല.അതിനാൽ ഞങ്ങൾ അവനെ അവന്റെ വഴിക്കു വിട്ടു .ഫിസിക്സ് ,കെമിസ്ട്രി ,മാത്‍സ് ,കമ്പ്യൂട്ടർ ആണ് പന്ത്രണ്ടിൽ എടുത്തെങ്കിലും ഡിഗ്രിക്ക് ആർട്ലേക്ക്‌ തിരിയാം എന്നതും അവന്റെ തീരുമാനം തന്നെ. ഏതെങ്കിലും ഒരു കോളേജിൽ ചേർന്നാൽ പോര സ്റ്റേറ്റിന് പുറത്ത് ഏതെങ്കിലും വലിയ യൂണിവേഴ്സിറ്റിയിൽ ചേരണമെന്നതും രാമുവിന്റെ ആഗ്രഹം തന്നെ .അതോടെ തുടങ്ങി അവനും അവന്റെ അമ്മയും സൈറ്റുകളിൽ തപ്പലും അപ്ലിക്കേഷൻ അയക്കലും ബുക്ക്കൾ വാങ്ങലും പഠിപ്പും തയാറെടുക്കലും തിരുതകൃതിയായി തുടങ്ങി.പിന്നെ ടെസ്റ്റ്കളുടെ വരവായി .രാമു ഒന്നൊന്നായി എഴുതി തുടങ്ങി .ഒടുവിൽ ഒരു ടെസ്റ്റ് പാസ്സായി ഇന്റർവ്യൂ വന്നു  .രാമു ബംഗളൂരുവിലേക്ക് യാത്രയായി .ഒറ്റക്കാണ് പോയത് .ഇന്റർവ്യൂ വിനുള്ള ക്യുവിൽ നിൽക്കുമ്പോൾ ആരോ ഒരാൾ അവനോടു സംസാരിക്കാനെത്തി.കേരളത്തിൽ നിന്നാണെന്നു രാമു പറഞ്ഞപ്പോൾ അയാൾ ചോദിച്ചു ."ഓ മലയാളിയാണല്ലേ ".തിരിച്ചുവന്നപ്പോൾ രാമു പറഞ്ഞു "പരിചയമില്ലാത്തൊരിടത്ത് ,അന്യ ഭാഷ സംസാരിക്കുന്നവരുടെ ഇടയിൽ നിൽക്കുമ്പോൾ ഒരു മലയാളിയെ കാണും പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല ".

ഇത്തരം അനുഭവങ്ങൾ പഴയൊരു ബോംബെ ജീവിതകാലത്ത് എനിക്കുണ്ടായിട്ടുണ്ട് .അന്ന് എനിക്ക് ഇരുപത്തിമൂന്നോ ഇരുപത്തി നാലോ വയസ്സാണ്.കൂട്ടുകാരിയായ പ്രസന്നയുമൊരുമിച്ചു നഗരത്തിൽ കറങ്ങുക പതിവായിരുന്നു .ബസിൽ  കയറുമ്പോൾ പിന്നിൽ  നിന്ന് അല്ലെങ്കിൽ മുന്നിൽ നിന്ന് മലയാളം  ഒഴുകും .എന്റെ ഭാഷ എത്ര സുന്ദരം എന്ന് ഓരോ തവണയും തോ ന്നുമായിരുന്നു .പ്രസന്നയുടെ ഫ്ലാറ്റിലാണെങ്കിലവർ ഇംഗ്ലീഷിലാണ്‌ അവർ സംസാരിക്കുക .നേവിയിലാണ് പ്രസന്നയുടെ അശോകന് ജോലി .അവരുടെ അതിഥികളും സുഹൃത്തുക്കളും ഉത്തരേന്ത്യക്കാർ .കൂട്ടത്തിൽ  മലാളികൾ ഉണ്ടെങ്കിൽ പോലും അവരെല്ലാം ഇംഗ്ലീഷിലെ സംസാരിക്കൂ .ഇംഗ്ലീഷ് അറിയാമെങ്കിലും ഞാനന്ന് നിശ്ശബ്ദയാകും .ഇടയ്ക്കു മലയാളികളാരെങ്കിലും സ്നേഹപൂർവ്വം  (അതോ ഇംഗ്ലീഷ് അറിയാത്ത പാവം എന്ന സഹതാപത്തിലോ )അടുത്ത് വന്നു കുശലം പറയും.ഏതെങ്കിലും തീയേറ്ററിൽ മലയാളം സിനിമ പ്രദര്ശിപ്പിക്കുമ്പോൾ പ്രസന്നയും ഞാനും കൂടി പോകും .തീയേറ്റർ മലയാളികളെ കൊണ്ട് നിറഞ്ഞിരിക്കും .ചലപിലകലപില മുഴങ്ങുന്ന മലയാളം ഒരു ബഹളമായല്ല എനിക്ക് തോന്നാറ് . എന്നെ വന്നു പൊതിയുന്ന കുളിര് .എന്റെ കാതിൽ  തേന്മഴയായി ചൊരിയുന്ന സംഗീതം .'എന്തൊരു അലപ്പാണ് "എന്ന് പ്രസന്ന പറയുമ്പോൾ ഞാൻ തിരുത്തും ."അല്ല പ്രസന്നേ ഇത് ജീവാമൃതമാണ് .നമ്മുടെ ഭാഷ !നമ്മുടെ മലയാളം .'

വിദേശത്തു നിന്നും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന മലയാളികൾ പലപ്പോഴും  ഒന്നുകിൽ ഇംഗ്ലീഷിൽ അല്ലെങ്കിൽ ഹിന്ദിയിൽ ആണ് സംസാരം .അവർക്കിടയിൽ മൗനമായിരിക്കുമ്പോൾ ഒരിക്കൽ ഒരാൾ ചോദിച്ചു .'എന്താദേവി മിണ്ടാതിരിക്കുന്നത് .?'ഇംഗ്ലീഷ് സംസാരിക്കാനറപ്പുണ്ടോ 'എന്നൊരു സംശയം  ചോദ്യത്തിൽ തെളിഞ്ഞിരുന്നു ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു ."ഇംഗ്ലീഷറിയാം ,ഹിന്ദിയും തമിഴുമറിയാം .പക്ഷെ മലയാളികൾ തമ്മിൽ സംസാരിക്കുമ്പോളെന്തിനാണ് മറ്റൊരുഭാഷ". 

അയാൾക്ക്‌ ബോധ്യപ്പെട്ടോ  ആവോ ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
FROM ONMANORAMA