അമ്മയ്ക്കൊരു ദിനം

mothers-day
SHARE

അമ്മ മാഹാത്മ്യങ്ങളെപ്പറ്റി പാടാത്ത, പറയാത്ത, ചിത്രമെഴുതാത്ത, ശിൽപം കൊത്താത്ത കലാകാരന്മാരുണ്ടാവില്ല. അമ്മയെ ഓർക്കാത്ത ആശ്രയിക്കാത്ത സ്നേഹിക്കാത്ത മക്കളും ചുരുക്കം. എന്നാലും ഇപ്പോൾ അമ്മയെ ഓർക്കാൻ ഒരു ദിവസം. മതേർസ് ഡേ. അമ്മ ദിനം ! പത്രങ്ങളിലും സോഷ്യൽ മീഡിയ കളിലുമൊക്കെ അമ്മദിനത്തിന്റെ വിശേഷങ്ങൾ.. അമ്മമാരുടെ ചിത്രങ്ങൾ, അമ്മമാരോടൊപ്പമുള്ള ചിത്രങ്ങൾ ഒക്കെ മക്കൾ മത്സരിച്ചാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. താഴെ കമന്റ് ഇടാനും ലൈക് ഇടാനും റിയാക്റ്റു ചെയ്യാനുമൊക്കെ ഫ്രണ്ട്സിന്റെ ഉന്തും തള്ളും. ഇതൊക്കെ ഇപ്പോഴത്തെ രീതികളാണ്. കുറ്റം പറയാനാവില്ല. കാലം ഒരു പാട് മാറിപ്പോയില്ലേ ?

ഇതിനിടയിൽ ഇതൊക്കെ കേവലം പ്രഹസനങ്ങൾ ആണെന്നും ബോറാണെന്നും ഒരു അനിയത്തി പറഞ്ഞു. "ഒരാൾ മരിക്കുമ്പോൾ വീണ്ടും വീണ്ടും അവരെക്കുറിച്ചെഴുതുന്നത് ഒടുക്കത്തെ സ്നേഹം കൊണ്ടൊന്നുമല്ല. എഴുതുന്നയാൾ ശ്രദ്ധിക്കപ്പെടണം. മതേഴ്സ് ഡേ, ഫാതേഴ്സ് ഡേ, ആ ഡേ, ഈ ഡേ, മറ്റേ ഡേ ഇതിന്റെയൊക്കെ പോസ്റ്റുകളും അത് തന്നെ. അവനവൻ ശ്രദ്ധിക്കപ്പെടണം "അവൾ കൂട്ടിച്ചേർത്തു.. ഇതൊക്കെ എല്ലാവർക്കും വേണ്ടതല്ലേ- ഞാനവളെ ചൊടിപ്പിക്കാൻ നോക്കി.

കൂടുതൽ എന്തിനാ പറയുന്നത്. ഞാനും ഇട്ടു എഫ് ബി യിൽ ഒരു മതേഴ്സ് ഡേ പോസ്റ്റ്. എന്റെ മകൻ പിറക്കുമ്പോൾ എനിക്കു വയസ്സ് 21 ! എന്റെ അമ്മയ്ക്ക് നല്ല ഫോട്ടോ ഭ്രമമുണ്ട്. കുഞ്ഞിനെ എടുത്തു ഞാനിരിക്കുന്ന ഒരു പടം എടുപ്പിച്ചു. വർഷങ്ങൾ ഏറെയായെങ്കിലും അത് എനിക്കൊരു അമ്മദിന സ്മരണ തന്നെയാണ്. ഒന്ന് അമ്മയായതിന്റെ ഓർമ്മ. പിന്നെ ആ പടം ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന എന്റെ അമ്മയെക്കുറിച്ചുള്ള ഓർമ്മകളും.കയ്യിലിരിക്കുന്ന മകൻ കൗതുകത്തോടെ ചുണ്ടു കൂർപ്പിച്ച് എന്നെനോക്കുന്നതു കണ്ടപ്പോൾ "ഹാപ്പി മതേഴ്സ് ഡേ എന്നാണോ സൂ പറയുന്നത് "എന്നൊരു അടിക്കുറിപ്പോടെ ഞാനാ പടം ഫേസ്ബുക്കിലിട്ടു. (മാതൃദിനം ആശംസിക്കാൻ  ഇന്നവന് കഴിയില്ലല്ലോ എന്ന് സങ്കടപ്പെടുകയും ചെയ്തു)

ഒരുപാടു അമ്മമാർ സന്തോഷത്തോടെയും സങ്കടത്തോടെയും ആ ചിത്രത്തിന് അടിക്കുറിപ്പുകളിട്ടു. എന്നാൽ എന്നെയും എന്റെ മകൻ സൂരജിനേയും ഒരുപാടു സ്നേഹിക്കുന്ന പ്രിയ (പ്രിയ.എ.എസ് .എന്ന പ്രശസ്ത എഴുത്തുകാരി) ആ പടത്തിനിട്ട നീണ്ട കുറിപ്പ് ഒരു പാട് പേരെ കണ്ണീരിലാഴ്ത്തി. എന്റെ കാര്യം പറയാനുണ്ടോ? സങ്കടം ഒരു കടലായി മാറി ഞാനതിൽ മുങ്ങിപ്പോയി. പ്രിയയുടെ 'തന്മയം എന്ന പുസ്തകത്തിലും 'ദേവിയുടെ തിരുമുറിവുകൾ 'എന്ന പേരിൽ പ്രിയ എന്നെക്കുറിച്ചും എന്റെ മകനെക്കുറിച്ചും എഴുതിയിട്ടുണ്ട്. ദേവിയെന്ന അമ്മയെ കുറിച്ച് ഇത്രയും ഹൃദയസ്പർശിയായി മറ്റാരും ഇതുവരെ സംസാരിച്ചിച്ചിട്ടില്ല. നന്ദി പ്രിയ !

എന്റെ അമ്മയെ ഞാൻ ഓർക്കാത്ത ദിവസമില്ല. അതിനു ഒരു ദിനവും പ്രത്യേകമായി വേണ്ട. മനസ്സിൽ കണ്ണീരിന്റെ കാർമേഘങ്ങൾ ഉരുണ്ടു കൂടി പെയ്യുന്നത് അമ്മയെ ഓർക്കുമ്പോഴാണ്.

ദേവി എന്ന സ്ത്രീ, ദേവി എന്ന എഴുത്തുകാരി, ദേവി എന്ന സുഹൃത്ത്, ഇതിലൊക്കെ ഏറെയായി എന്നെ അറിയുന്നവർ മാനിക്കുന്നത് ദേവി എന്ന അമ്മയെയാണ്. അമ്മേ എന്ന് വിളിക്കുന്ന മക്കളെനിക്കേറെ. ഈ മാതൃ ദിനത്തിൽ ഞാനും പറയട്ടെ. എല്ലാ അമ്മമാർക്കും എന്റെ ആശംസകൾ !  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
FROM ONMANORAMA