ഐസ് ക്രീം

icecream-845
SHARE

കുട്ടികൾ വിനോദ യാത്ര പോകുന്ന ഒരു ബസ് .അതിൽ നിന്നുയരുന്ന ഒരു പാട്ട് .

"ഐ സ്ക്രീം  ,യു സ്ക്രീം  ,വീ ഓൾ സ്‌ക്രീം ഫോർ ഐസ്ക്രീം "ഈ വിളി ഒരു മുദ്രാവാക്യം പോലെ ഉയർന്നു കൊണ്ടിരുന്നു .ഒടുവിൽ ബസ് നിർത്തി കുട്ടികൾക്ക് ഐസ്ക്രീം വാങ്ങിക്കൊടുക്കാൻ ടീച്ചർമാർ  തീരുമാനിച്ചു.ഇത് ഒരു പഴയ കഥയാണ് .ഐസ്ക്രീം കുട്ടികളുടെ ഒരു സ്വപ്‌നമായിരുന്ന കാലത്തെക്കാര്യം .അന്ന് മുക്കിനു മുക്കിന് ഐസ്ക്രീം പാർലർ കളില്ല .വലിയ ഹോട്ടലുകളിൽ ഒരു പക്ഷെ കണ്ടേക്കും .അതിനു ഇന്നുള്ളത് പോലെയുള്ള സ്റ്റാർ ഹോട്ടലുകൾ ഉണ്ടോ ?ഐസ്ക്രീം കിട്ടുന്ന ഇടങ്ങളിൽ പോകുന്നതും കഴിക്കുന്നതുമൊക്കെ അപൂർവം .സൈക്കിളിൽ ഒരു വലിയ നീലപ്പെട്ടി വച്ചുകെട്ടി തുടർച്ചയായി മണിയടിച്ചു കൊണ്ട് പോകുന്ന ഐസ് സ്റ്റിക് കാരൻ അന്ന് കുട്ടികളുടെ ഇഷ്ടക്കാരനാണ് .മണിയടി കേട്ടാൽ കുട്ടികൾ അയാൾക്ക്‌ ചുറ്റും ഓടി കൂടുകയായി .അമ്മയോടോ അച്ഛനോടോ നിർബന്ധം പിടിച്ചു വാങ്ങിയ ചില്ലറയുമായി .പിന്നെ ഒരു സ്റ്റിക്കിൽ പൊതിഞ്ഞിരിക്കുന്ന ഐസ് മിട്ടായി നുണയുമ്പോഴുള്ള തണുപ്പും മധുരവും അവർണനീയമാണ് .അശുദ്ധജലം, ബാക്ടീരിയ, ഇ കോളി എന്നൊക്കെയുള്ള പേടികളന്നില്ല .കഴിച്ചത് കൊണ്ട് അസുഖം വരുന്നതും ചുരുക്കം .(ഇന്നും ആ  ഐസ് പെട്ടിക്കാരൻ ഉണ്ടെന്നു തോന്നുന്നു മണിയടിച്ചു പോകുന്നത് കാണാം .പക്ഷെ പണ്ടത്തെപ്പോലെ കുട്ടികൾ ഓടിക്കൂടാറില്ല .ആരെങ്കിലുമൊക്കെ വാങ്ങുന്നുണ്ടാവും അതല്ലേ അയാൾ വരുന്നത് .)

ഇന്നത്തെ കുട്ടികൾക്ക് ഐസ്ക്രീം ഒരു അപൂർവ മധുരമല്ല.എവിടെനോക്കിയാലും ഐസ് ക്രീം കടകൾ .ഒരായിരം തരം  ഐസ് ക്രീമുകൾ !.അവിടത്തെ തിക്കും തിരക്കുമോ ?വിലയോ ?ഒന്നും ഇന്നത്തെ തലമുറയ്ക്ക് പ്രശ്നമല്ല .പോകുക വാങ്ങുക ,കഴിക്കുക .പെട്ടിക്കണക്കിനു വാങ്ങി വീട്ടിൽ കൊണ്ട് വരിക ,ഫ്രിഡ്ജ് നിറയ്ക്കുക .തോന്നുമ്പോഴൊക്കെ തിന്നുക .സമ്പന്നകുടുംബങ്ങളിലെ കാര്യമല്ല സാധാ രണ കുടുംബങ്ങളിലും ഇതൊക്കെ തന്നെ രീതികൾ .

പക്ഷെ അങ്ങനെയല്ലാത്ത കുടുംബങ്ങളുമുണ്ട് .തൊണ്ടവേദനിക്കും ,പനിവരും എന്നൊക്കെ ഉത്കണ്ഠപ്പെട്ടു കുട്ടികൾക്ക് ഐസ് ക്രീം കൊടുക്കാത്ത മാതാപിതാക്കളുണ്ട് .ഇതൊക്കെ ആരോഗ്യത്തിനു ഹാനികരം എന്ന് വിശ്വസിക്കുന്നവർ .വല്ലപ്പോഴും വീണു കിട്ടുന്ന അവ സരങ്ങളിൽ ഈ കുട്ടികളിൽ പലരും ഐസ്ക്രീം ആർത്തിപിടിച്ചു കഴിക്കുന്നത് കാണാം .മിക്കവാറും അസുഖം പിടിപെടുകയും  ചെയ്യും .

ഇന്ന് ഈ ഐസ് ക്രീം കഥകൾ ഓർത്തെടുത്തു എഴുതാൻ പ്രേരിപ്പിച്ചത് നാലു ചെറിയ കുട്ടികളാണ് .ഞങ്ങളുടെ അയൽപക്കത്തു താമസിക്കുന്നവർ .മിലിയുടെ കളിക്കൂട്ടുകാർ .മൂന്നു സഹോദരിമാരും ഒരു ഇളയ സഹോദരനും .അവർ അത്ര ധനികരല്ല .തീരെ പാവങ്ങളുമല്ല .

അവർ നാലുപേരും ഗേറ്റിനരികിൽ കാത്ത് നിൽക്കുന്നത് കണ്ടു ഞാൻ ചോദിച്ചു ."ങും ..എന്താ ഇവിടെ "?

"പപ്പാ ഐസ് ക്രീം വാങ്ങാൻ പോയിരിക്കയാ "ഏറ്റവും ചെറിയ നാലുവയസ്സുകാരൻ പറഞ്ഞു .

ഞാൻ അതിശയിച്ചു .ഐസ് ക്രീം അത്ര പുതുമയല്ലാത്ത ഇക്കാലത്ത് ,ഫോണിൽ ഒരു വിരൽ തൊട്ടാൽ ഏതു ടൈപ്പ് ഐസ്ക്രീം വേണമെങ്കിലും വീട്ടു വാതിൽക്കൽ എത്തുന്ന ഈ സമയത്ത് ,കുട്ടികൾ പടിവാതുക്കൽ പോയി ഐസ്ക്രീം വാങ്ങി വരുന്ന അച്ഛനെ നോക്കി നിൽക്കുകയോ ?

അപ്പോൾ അവരിൽ മൂത്തവൾ പറഞ്ഞു .'എപ്പോഴും ഐസ് ക്രീം വാങ്ങാനൊന്നും പറ്റാറില്ല '.

എനിക്കല്പം വിഷമം തോന്നി .ഒരാളുടെ വരുമാനത്തിൽ ഒരു കുടുംബം കഴിയുമ്പോൾ ,അതും നാലുകുട്ടികൾ ,ആഡംബരമായി മാറുന്നു ചില കൊച്ചു കാര്യങ്ങൾ പോലും .കുറെ നേരം കഴിഞ്ഞു ഞാൻ മടങ്ങി വരുമ്പോഴും ആ നാലു കുട്ടികൾ  ഗേറ്റിനരികെ ഉണ്ട് .

"അച്ഛൻ വന്നില്ലേ ."ഞാൻ ചോദിച്ചു .

"അച്ഛൻ വന്നു പക്ഷെ ഐസ്ക്രീം കൊണ്ടുവന്നില്ല .പിന്നെയും പോയിരിക്കുകയാ "നക്ഷത്ര ക്കണ്ണുള്ള മൂന്നാമത്തവൾ പറഞ്ഞു .അവളുടെ കണ്ണുകളിലെ പ്രതീക്ഷ എന്നെ ചിരിപ്പിച്ചു .

കുറേക്കഴിഞ്ഞപ്പോൾ ഗേറ്റിങ്കൽ അവരെക്കണ്ടില്ല .വൈകുന്നേരം വീണ്ടും അവർ ഗേറ്റിലേക്ക് നടക്കുന്നത് കണ്ടു ഞാൻ അടുത്ത് ചെന്നു ."അച്ഛൻ പിന്നെയും ഐസ്ക്രീം കൊണ്ടുവന്നില്ല .ഇവർ മൂന്നാളും കരച്ചിലായി .ഇ പ്പോഴിതാ അമ്മ പൈസ തന്നു . നാല് ബോൾ ഐസ്ക്രീം വാങ്ങണം ."

നാലു പേരും  പോവുകയാണ് ."ഒരാൾ പോയി വാങ്ങിക്കൊണ്ടു വന്നാൽപ്പോരേ .ഈ തിരക്കിൽ നാലാളും റോഡിൽ പോകുന്നതെന്തിനാ "എന്ന് ചോദിക്കും മുന്നേ അവർ പോയിത്തുടങ്ങി .ഐസ് ക്രീമിനുള്ള ഓട്ടമല്ലേ ?ഞാൻ മിണ്ടിയില്ല .

ഞാൻ മിലിയോടും രാമുവിനോടും ഈ കഥ വിവരിച്ചു .രണ്ടാളും അല്പം വിഷാദത്തോടെയാണ് കേട്ടിരുന്നത്.

"നോക്കൂ ഇങ്ങനെയുള്ള കുട്ടികളും നമ്മുടെ ചുറ്റുവട്ടത്തിലുണ്ട് .എത്ര മാത്രം സുഖവും ആർഭാടവുമാണ് നമ്മൾക്കുള്ളതെന്ന് ഓർക്കണം .ഈശ്വരന് നന്ദി പറയണം"എന്ന് ഞാൻ പറഞ്ഞപ്പോൾ ഇരുവരും തലയാട്ടി .

സുഖസൗകര്യങ്ങളിൽ മുഴുകി ജീവിക്കുന്നവർ ചിന്തിക്കാറുണ്ടോ അവർ നിസ്സാരമെന്നു കരുതുന്ന ചിലത് മറ്റുള്ളവർക്ക് വലിയ ലക്ഷ്വറി യാണ് .കുട്ടികളിൽ ആ ബോധം ഉണ്ടാവണം .നമ്മുക്ക് കിട്ടുന്ന സുഖങ്ങൾ നിസ്സാരമല്ല എന്ന് അപ്പോഴേ അവർ മനസ്സിലാക്കുകയുള്ളു 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA