ഒരു സോറിയിൽ ഒതുങ്ങുമോ?

Apologise
SHARE

ഒരു സോറിയിൽ ഒതുങ്ങുമോ ദുഃഖം ?താങ്ക്‌സിൽ തീരുമോ കൃതജ്ഞത ? 

ഈയിടെയായി നമ്മൾ ഒരുപാട് ഉപയോഗിക്കുന്നു  ഈ പദം .എന്ത് ചെറിയ തെറ്റിനും എത്രവലിയ കുറ്റത്തിനും ഒരു സോറി പറഞ്ഞാൽ മതി കുറ്റമില്ല എന്ന മട്ടായിട്ടുണ്ട് .അതുപോലെ  മറ്റൊരു വാക്ക് .താങ്ക്സ് .ഏറ്റവും ചെറിയ കാര്യത്തിനും വളരെ വലിയ കാര്യത്തിനും നമ്മുടെ നന്ദി പ്രകടനം .

ഉപയോഗിച്ചുപയോഗിച്ചു തിളക്കം നഷ്ടപ്പെട്ട രണ്ടു വാക്കുകൾ .ഒട്ടും ആത്മാർത്ഥതയില്ലാതെ ആർക്കും എടുത്തു പ്രയോഗിക്കാം എന്തിനും എപ്പോഴും.

ആരെങ്കിലും മരിച്ചുപോയി എന്നറിഞ്ഞാൽ അവരുടെ ബന്ധുക്കൾക്കു നൽകാംഒരു ഗദ്ഗദ സോറി .

വഴിയിലൂടെ നടക്കുമ്പോൾ ഒരാളുടെ ദേഹത്തൊന്നു മുട്ടിയാൽ ഉടനെ പുറപ്പെടും ഒരു സോറി .വണ്ടി കൊണ്ടിടിച്ചു ഒരാളുടെ കയ്യോ കാലോ ഒ ടിച്ചിട്ടാലും പറയാം അയ്യോ സോറി സോറി എന്ന് .ഒരു വാഗ്ദാനം മറന്നാലും സോറി തന്നെ ശരണം .കടുത്ത പ്രണയത്തിൽ നിന്ന് മോചനം നേടി രക്ഷപ്പെടണോ ഒരു സോറി കൊണ്ട് എളുപ്പത്തിൽ രക്ഷ നേടാം ഒരു അവിഹിത ബന്ധത്തിൽ കുടുങ്ങി ഭാര്യ യോ അമ്മയോ അത് കണ്ടു പിടിച്ചു വീട്ടിൽ കലഹമുണ്ടാവുമ്പോഴും രക്ഷപ്പെടാനുള്ള പതിനെട്ടാമത്തെ അടവ് ഈ സോറി തന്നെ (പെണ്ണുങ്ങൾക്ക് അതിനു കഴിഞ്ഞെന്നു വരില്ല ).ഇനി ഒരാളെ കൊന്നാൽ പോലും ഒരു സോറി മതി  എന്ന് തോന്നും .  

"ഇംഗ്ലീഷു കാർ പോയിട്ടു കൊല്ലമെത്രയായി .ഇനിയും ഉപേക്ഷിക്കാറായില്ലേ ഈ അർത്ഥ ശൂന്യമായ വാക്കുകൾ "എന്ന് ഒരിക്കലൊരു വലിയ മഹാൻ ചോദിക്കുന്നത് കേട്ടിരുന്നു .ശരിയാണ് എന്നപ്പോൾ തോന്നി  എങ്കിലും അതിനു പകരം എന്താണ് പറയുക എന്ന് ഞാനും ചിന്തിച്ചു പോയി .

എന്റെ തറവാട്ടിൽ സോറിയും താങ്ക് യുവും ഒന്ന് മുണ്ടായിരുന്നില്ല .വിദ്യാ സമ്പന്നരാണ് എല്ലാവരും തന്നെ .'അയ്യോ പോട്ടെ സാരമില്ല ','എന്നോ കഷ്ടമായിപ്പോയി  എന്നോ'' ,'സമാധാനപ്പെടൂ എന്ത് ചെയ്യാനാണ് എന്നോ ഒക്കെയാണ് സോറിക്ക് പകരം പറഞ്ഞിരുന്നത് . അതീവ സങ്കടകരമായ സന്ദർഭങ്ങളിൽ കണ്ണ് നിറച്ചു മിണ്ടാതെ നിൽക്കും .അവിടെ ഒരു സോറിക്ക് എന്ത് പ്രസക്തി ?

അത് പോലെ തന്നെ താങ്ക്‌സും .ഒരുപകാരത്തിനും ഒരു സമ്മാനത്തിനും ഒരു അഭിനന്ദനത്തിനും നന്ദി  വാക്കുകൾ ഉപയോഗിക്കുന്നത്  എന്റെ വീട്ടിൽ ഞാൻ കേട്ടിട്ടില്ല . .പക്ഷെ പറയാതെ പറയുന്ന ഭാവഹാവാദികൾ എല്ലാവര്ക്കും സ്വായത്തമായിരുന്നു താനും .

ഒരു ഗിഫ്റ്റ് ,അല്ലെങ്കിൽ ഒരു പ്രശംസ ,ഒരു അനുമോദനം ഇതിനൊക്കെ നന്ദി പറയേണ്ടത് തന്നെ .പക്ഷെ താങ്ക്സ് എന്ന് പറയുമ്പോൾ അത് തീരെ ഔപചാരികമായിപ്പോകുന്നു .പക്ഷെ സന്തോഷം ,നന്ദി എന്നൊക്കെ പറഞ്ഞാൽ ഒരു എഫക്ട് ഇല്ലാത്തതു പോലെ .പിന്നെന്താ പറയുക .ഒന്നും പറയാതിരിക്കാനും വയ്യ .സന്തോഷം കൊണ്ട് മുഖം തെളിക്കുന്ന ഒരു ചിരിയോടെ സമ്മാനം സ്വീകരിച്ചാൽ പോരെ ?"ഓ ഇതൊന്നുംവേണ്ടയിരുന്നു" എന്നൊരിക്കലും പറയരുത് .സന്തോഷത്തോടെ തരുന്നതാണ് സമ്മാനം .അത് തരുന്ന ആളുടെ ഇഷ്ടമാണ് .അത് അതെ മനോഭാവത്തോടെ സ്വീകരിക്കുകയാണ് വേണ്ടത് .താങ്ക്സ് എന്ന് പറഞ്ഞാൽ ചിലർക്കത് വിഷമമാകും .'അയ്യോ എന്നോട് നന്ദി പറയല്ലേ' എന്ന് പറയുന്നവർ എത്രയോ ഉണ്ട് .

സോഷ്യൽമീഡിയകൾ വന്നശേഷമാണ് നമുക്കീ ഫോർമാലിറ്റികൾ കൂടിക്കൂടി വരുന്നത് .സോറിയും താങ്ക്‌സും മാത്രമല്ല ഗുഡ്മോർണിംഗും ഗുഡ്‌നെറ്റും ദിനചര്യയുടെ ഭാഗമാവുന്നു .'നിന്നെ ഞാൻ ഓർക്കുന്നു "എന്ന് പറയുന്നതിന് പകരമാണിതെല്ലാം  .എങ്കിലും .വിരസം തന്നെ.പണ്ട് ഈ വാക്കുകൾ പ്രയോഗിക്കാതെ തന്നെ നമ്മൾ ഓർത്തിരുന്നില്ലേ പലരെയും ?

മനസ്സിന്റെ ഉള്ളിൽ നിന്ന് വരുന്നതല്ല ഇതൊന്നും .വെറുതെ സമയം കളയാൻ എന്ന് തോന്നിക്കഴിഞ്ഞാൽ പിന്നെ എന്താണ് ഒരു സുപ്രഭാത്തിലും ശുഭ രാത്രിയിലും ഉള്ളത് ?ആത്മാർത്ഥമല്ലെങ്കിൽ പിന്നെ എന്ത് സോറി എന്ത് താങ്ക്സ് ?ശരിയല്ലേ ? 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA