വിദ്യാഭ്യാസം വീട്ടിൽ നിന്ന്

adyaksharam
The Vidyarambham function of Malayala Manorama Calicut unite on 28 September 2009 / Photo P Musthafa Clt #
SHARE

പാഠശാലയിൽ നിന്ന് മാത്രമല്ല വീട്ടിൽ നിന്നും പലതും പഠിക്കാൻ നമുക്ക് കഴിയും. കഴിയണം. ഇവയിൽ പലതും ജീവിതത്തിൽ നിന്നുള്ള ,അല്ലെങ്കിൽ ജീവിതത്തിനാവശ്യമായ പാഠങ്ങളാണ്.

ഇരുപതോ ഇരുപത്തിനാലോ അംഗങ്ങൾ ഉള്ള ഒരു വലിയ തറവാട്ടിൽ വളരുന്നകുട്ടികൾക്കു ലഭിക്കുന്ന സ്വാതന്ത്ര്യം , അറിവുകൾ , സമൃദ്ധികൾ ഒക്കെ ഇന്നത്തെ കുട്ടികൾക്ക്  പറഞ്ഞാൽ മനസ്സിലാവുകയേ ഇല്ല.

അങ്ങനെയൊരു വലിയ കുടുംബത്തിൽ ബാല്യകാലം ചെലവഴിച്ച ഭാഗ്യക്കുട്ടിയാണ് ഞാൻ. സമ്പൽ സമൃദ്ധിക്ക് കുറവില്ലാതിരുന്നത് കൊണ്ട് കുശുമ്പും  കുന്നായ്മയും അന്തരീക്ഷത്തിലുണ്ടായിരുന്നില്ല. കുട്ടികൾ കുറെയുണ്ട്. എന്റെ കുട്ടി നിന്റെ കുട്ടി എന്ന വ്യത്യാസങ്ങൾ ഇല്ല. പശുക്കൾ ഇഷ്ടം പോലെ , കോഴികൾ കൂടുകൾ നിറയെ ,കൃഷി കണ്ടമാനം. ഇതിനു പുറമെ കയറു പിരിക്കൽ വ്യവസായവുമുണ്ട്. തറവാടിന്റെ തലവനാണെങ്കിലോ അദ്ധ്യാപകൻ , എന്റെ അപ്പുപ്പൻ. വല്യകുടുംബത്തിന്റെ നായികയോ വിദ്യാസമ്പന്ന ,എന്റെ അമ്മുമ്മ. അധ്യാപികയായിരുന്നു.പിന്നെ ആ ജോലി വേണ്ടന്നു വച്ച് കുടുംബ ഭാരം ഏറ്റെടുത്തു ഇതൊക്കെ കേട്ടിട്ട് കോടീശ്വരന്മാർ എന്നൊന്നും ധരിച്ചു കളയരുത്. ഒരുപാട് അംഗങ്ങൾ ഇല്ലേ ?അവർക്കൊക്കെ ഉണ്ണാനും ഉടുക്കാനും വിദ്യാഭ്യാസത്തിനും വേണ്ടതൊക്കെയുണ്ട്. അത്രമാത്രം ആർഭാടങ്ങളും ആഡംബരങ്ങളും ധൂർത്തും തീരെയില്ല.

വിദ്യാഭ്യാസം നിർബന്ധം. കുട്ടികളെ മുഴുവൻ അക്ഷരം പഠിപ്പിക്കാനായി ഒരു ആശാനെത്തും. അകക്കണ്ണു തുറപ്പിക്കാൻ ആശാൻ ബാല്യത്തിലെത്തണം എന്നല്ലേ ? ലേശം കൂനുള്ള ഒരു വൃദ്ധനായിരുന്നു ആശാൻ. കൂനൻ സാറ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഒരുപാടു തളങ്ങളും തിണ്ണകളുമൊക്കെയുള്ള പഴയ വീടാണ്. മുൻവശത്തെ വരാന്തയിൽ (ഇറയംഎന്നാണ് പറയുന്നത് ) കുട്ടികൾ നിരന്നിരിക്കും.  പായിട്ട് ആശാനും വളഞ്ഞു കൂടി ഇരിക്കും. ഓരോ കുട്ടിയുടെ മുന്നിലും മണ്ണ് നിരത്തും. അതിൽ അക്ഷരങ്ങൾ എഴുതും  മായ്ക്കും. ഞാൻ മണ്ണിൽ എഴുതുകയില്ല. (വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം പിറന്ന പുന്നാര സന്തതിയായിരുന്നു ഞാൻ.) അകത്തു പോയി ഒരു തട്ടത്തിൽ അരി യുമായി ഞാൻ വരും. അതിലേ  ഞാൻ എഴുതൂ. കസിൻസ് ഒക്കെ ഇളയവരാണ്. അവിടെ കസിൻ എന്ന പദമില്ല. എല്ലാം അനിയന്മാരും അനിയത്തിമാരും തന്നെ. എന്റെ അരിയിലെഴുത്ത് അവരങ്ങ് അനുവദിച്ചു തന്നു. അക്ഷരപദങ്ങൾ മാത്രമല്ല വേറെ ചിലതും മനസ്സിലാക്കാൻ തുടങ്ങി.

വാർത്തകളുടെ, നാട്ടറിവുകളുടെ ,കെട്ടുകഥകളുടെ ഒരു യൂണിവേഴ്സിറ്റി തന്നെയായിരുന്നു വടക്കേക്കെട്ടിലെ അടുക്കള. വീട്ടിലെ പെണ്ണുങ്ങൾതന്നെ ഒരു പടയുണ്ട്. പിന്നെ സഹായികൾ പലരുണ്ട്. ഇത്രയും പേർക്ക് വച്ച് വിളമ്പണ്ടെ? അവിടെ നിന്നാണ് ഞങ്ങൾ കൂനൻ സാറിന്റെ പ്രണയ കഥ കേട്ടത്. ചെറുപ്പത്തിൽ സാറ് ഒരു പെണ്ണിനെ പ്രേമിച്ചു. അമ്പലനടയിലും ഇടവഴികളിലുമൊക്കെ വച്ച് കണ്ണിൽ വിടർന്ന പ്രേമം കരളിൽ വേരൂന്നി. ഒരു ദിവസം സാറ് അവളുടെ വീട്ടിൽ ചെന്ന്. ആരുമില്ലാത്ത നേരം. ഒന്ന് സംസാരിക്കണം. സാറിനെ കണ്ടതും പെണ്ണ് നാണിച്ച് അകത്തേക്കോടി. സാറ്  പിറകെ ചെന്നു. അവൾ തട്ടിൻപുറത്തേക്കു കയറി സാറു  പിറകെയും. മുകളിലെത്തും മുൻപ് കോണിയുടെ ഒരു പലകയിളകി ,പൊത്തോന്ന് സാര് താഴെ വീണു. നടുവൊടിഞ്ഞു. എന്തിനേറെ ഒരുപാടു നാൾ കിടന്നു ചികിത്സിച്ചിട്ടും സാറിന്റെ നട്ടെല്ല് നിവർന്നില്ല. എന്നാലും ആ  പെൺകുട്ടി സാറിനെത്തന്നെ വിവാഹം ചെയ്തു. (ഞങ്ങൾ കേട്ട ആദ്യത്തെ പ്രണയ കഥ !.രോമാഞ്ചം വന്നുപോയി )

പെൺകുട്ടികൾ പ്രായമാകുന്നതിനെപ്പറ്റി ,കല്യാണത്തെപ്പറ്റി ,പ്രസവത്തെപ്പറ്റി ,ആണുങ്ങളുടെ ചുറ്റിക്കളികളെ പറ്റി ,ഇങ്ങനെ എല്ലാത്തിനെ കൂറിച്ചുമുള്ള അറിവുകൾ ആ പെൺകൂട്ടത്തിൽനിന്നു ലഭിച്ചു കൊണ്ടിരുന്നു. പ്രേമങ്ങൾ. ഒളിച്ചോട്ടങ്ങൾ ചതികൾ , അവിഹിതങ്ങൾ അവിടെ ചർച്ചയ്ക്കു വരാത്ത വാർത്തകളൊന്നമില്ല. പാത്തും പതുങ്ങിയും അടുക്കളയിൽ കയറി ഞങ്ങളും ഇതിന്റെയൊക്കെ അറ്റവും തുമ്പും കേട്ട് രസിച്ചു. നല്ല ഒന്നാന്തരം സെക്സ് എഡ്യൂക്കേഷൻ." എന്താ വലിയവരുടെ വർത്തമാനം കേട്ടിരിക്കുന്നത്. പൊയ്കോ "എന്ന് ഞങ്ങളെ മുതിർന്നവരാരെങ്കിലും ഇടയ്ക്കു ഓടിച്ചു വിടുകയും ചെയ്യും.

മരത്തിൽ കയറാനും മാവിലെറിയാനും മതിലിൽ കേറാനുമൊക്കെ ആൺകുട്ടികളോടൊപ്പം പെൺകുട്ടികളും കൂടി. ഒന്നിനും ഒരു നിയന്ത്രണവുമില്ല. കുട്ടികൾ താന്തോന്നികളായി വളരട്ടെ എന്ന് പറഞ്ഞു കേട്ടിട്ടില്ലേ ?അത് തന്നെ. എന്ന് വച്ച് അവിടെ ആരും വഴി തെറ്റിപ്പോയിട്ടൊന്നുമില്ല എന്ന് ഞാനിന്നും ഉൾപുളകത്തോടെയോർക്കുന്നു. വീട്ടിലെ ആ വിദ്യാഭ്യാസത്തിന്റെ നല്ല ഗുണം.

കാലം കഴിഞ്ഞതോടെ ഓരോരുത്തർ വീട് വച്ച് മാറി.എന്നാലും ഓരോ വീട്ടിലുമുണ്ട് മൂന്നും നാലും അഞ്ചും കുട്ടികൾ.വികൃതിക്കും കുസൃതിക്കും കളികൾക്കും കൂട്ടുണ്ട്.

ഇപ്പോഴത്തെ ആണ് കുടുംബങ്ങളിലെ ഒറ്റക്കുട്ടികൾക്ക് ഭാവനയിൽ പോലും കാണാനാവില്ല ഞങ്ങളുടെ ആ ബാല്യകാലരസങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ