സ്നേഹം സ്നേഹം

love-relation
SHARE

സ്നേഹത്തെക്കുറിച്ച് ഒരായിരം കവിതകളുണ്ടാവും . അതിലേറെ സിനിമാ ഗാനങ്ങളും . സിനിമാപാട്ടുകളോട് എനിക്കൊരുതരം  ഭ്രാന്തൻ ഇഷ്ടമാണുള്ളത് . അത് കുട്ടിക്കാലം മുതലേ ഉള്ളതാണെന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട് . ടീവി ഇല്ലാതിരുന്ന ആ പഴയ നല്ലകാലത്തിൽ  റേഡിയോയിലൂടെ ഒഴുകിയെത്തുന്ന ചലച്ചിത്രഗാനങ്ങൾ ഒരു ഹരം  തന്നെയായിരുന്നു.  പ്രത്യേകിച്ചും സ്നേഹത്തെയും പ്രേമത്തെയും പ്രണയത്തെയും കുറിച്ചുള്ള പാട്ടുകൾ കൗമാരത്തെ കോൾമയിർകൊള്ളിച്ചു. സിനിമകളിലും കഥകളിലും പാട്ടുകളിലുമാണ് ഇത്തരം പ്രണയങ്ങൾ ഉള്ളതെന്നും യഥാർത്ഥ ജീവിതത്തിൽ അതൊരു സങ്കല്പം മാത്രമാണെന്നും അനുഭവസ്ഥർ പലരും പറഞ്ഞു കേട്ടിട്ടും എന്നെ പ്പോലെ ചില മണ്ടികളുടെ തലയിൽ കയറിയില്ല. സിനിമാപ്പാട്ടുകളിലും കൗമാരപ്രണയങ്ങളിലും ഭ്രമിച്ചു നടന്നു. ഇടക്കൊക്കെ കുറേശ്ശേ പ്രേമിക്കുകയും ചെയ്തു.

അതൊന്നുമല്ല സ്നേഹം എന്ന് മനസ്സിലാക്കാൻ ഒരു പാട് വർഷങ്ങൾ വേണ്ടി വന്നു ,മനസ്സിലാക്കിയപ്പോഴോ ?അത് പോകട്ടെ .

ഒരിക്കൽ വടക്കു നിന്നൊരു സുഹൃത്ത് എന്റെ നഗരം സന്ദർശിക്കാനെത്തി . അവന്  അവിടെ എന്തൊക്കെയോ കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. 

പ്രഗത്ഭനും പ്രശസ്തനും ബുദ്ധിജീവിയുമൊക്കെയായ അവനെ സ്വീകരിക്കാൻ ഞാനും എന്റെ മകനും കൂടിയാണ് പോയത്. സന്തൂർ സോപ്പൊന്നുമല്ല തെയ്ചിരുന്നത് എങ്കിലും എന്നെ കണ്ടാൽ പ്രായം തോന്നുകയേ ഇല്ല. ഇത്രയും മുതിർന്ന ഒരു മകനുണ്ടെന്ന് ആരും പറയില്ല. (അൽപ്പമല്ലാത്ത  അഭിമാനം അതിലുണ്ടായിരുന്നു താനും). അതി സുന്ദരിയല്ലെങ്കിലും സുന്ദരി തന്നെ (ആത്മവിശ്വാസം ,പൊങ്ങച്ചമല്ല).

രണ്ടുപകലുകൾ, എന്റെ അതിഥി പോയ ഇടങ്ങളിലൊക്കെ ഞാൻ അനുഗമിച്ചു . രാത്രി അവൻ ഹോട്ടലിലേക്കും ഞാൻ വീട്ടിലേക്കും മടങ്ങി .മൂന്നാം ദിവസം ഞങ്ങൾ അവനെ യാത്രയാക്കി. സുഹൃത്തുക്കൾ തമ്മിലുള്ളതിനപ്പുറം ഒരു കളിവാക്കോ പെരുമാറ്റമോ ഞങ്ങൾ തമ്മിലുണ്ടായില്ല . വളരെ ഗൗരവക്കാരനായ ഒരു ചെറുപ്പക്കാരൻ. എന്നേക്കാൾ പ്രായം കുറവ്. ഞാനതു വിട്ടു . എനിക്കെന്നും എന്റെ വീടും മക്കളും മാത്രമായിരുന്നു പ്രധാനം. ഇടയ്ക്കു വല്ലപ്പോഴു മൊക്കെ ഒരു കത്തെഴുതുന്നതിനപ്പുറം ആ സൗഹൃദത്തിൽ ഒന്നുമുണ്ടായില്ല. ഒടുവിൽ അവനെഴുതി ."ദേവിയുടെ സാന്നിധ്യം ഒരു മാസ്മരികതയാണ്. കൂടുതൽ അടുക്കാൻ ആഗ്രഹിച്ചു എങ്കിലും മനപ്പൂർവം ഞാൻ ഒഴിഞ്ഞു മാറുകയായിരുന്നു. അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ പിന്നെ ദേവിയെ വിട്ടു പോവാൻ എനിക്കാവില്ല. ദേവി അതിനൊന്നും താത്പര്യപ്പെടുകയില്ല എന്നും ഞാൻ മനസ്സിലാക്കി .ഇനി ഞാൻ ഒരിക്കലും ദേവിയെ കാണാൻ വരില്ല "

ഞാൻ ഞെട്ടിപ്പോയി. എന്റെ വിദൂര സങ്കൽപ്പങ്ങളിൽ പോലും ഞാൻ അവനെക്കുറിച്ചു അങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല. ആൾ നല്ല സ്മാർട്ടാണ് .പഠിപ്പും വിവരവുമൊക്കെ ഉണ്ട്. അതൊക്കെ ഞാൻ അഭിനന്ദിക്കും എന്നല്ലാതെ അതൊന്നും എന്നെയങ്ങനെ ആകർ ഷിക്കാറില്ല. മാത്രമോ പ്രായവും പാകതയും തികഞ്ഞ ഒരമ്മയല്ലേ ഞാൻ !എങ്ങും തൊടാത്ത മറുപടി ഞാനയച്ചു ,ഇവിടെ സുഖം അവിടെ സുഖമോ എന്ന മട്ടിൽ .പിന്നെയും കുറേക്കാലം കത്തുകളിലൂടെ  ആ സൗഹൃദം നീണ്ടു നിന്നു. എന്റെ പ്രശ് നങ്ങളിലും പ്രാരാബ്ധങ്ങളിലും പെട്ട് ഞാൻ പലതും മറന്നു .അതോ അവൻ പതുക്കെയങ്ങ് അകന്നതാണോ ?ഇപ്പോൾ ഓർത്തെടുക്കാൻ ആവുന്നില്ല .

ഒത്തിരിയൊത്തിരി വർഷങ്ങൾക്കു ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആളുകളെ കണ്ടു പിടിക്കുന്ന ഒരു രീതി പ്രചാരത്തിലുണ്ടല്ലോ .അങ്ങനെ ഞങ്ങൾ പരസ്പരം കണ്ടെത്തി .ഫോട്ടോ കണ്ട ഞാൻ അമ്പരന്നു പോയി . അവൻ  അന്ന് കണ്ട യുവാവല്ല . നന്നേ വയസ്സായിരിക്കുന്നു . മുടിയും താടിയുമൊക്കെ നരച്ച് ,ഈശ്വരാ ,വർഷങ്ങൾ എത്ര കടന്നു പോയിരിക്കുന്നു . എന്നെ വിഷമിപ്പിച്ച മറ്റൊരു കാര്യം ഞാനും ഇത് പോലെ രൂപംമാറി വൃദ്ധയായോ? "ദേവി ഇപ്പോഴും സുന്ദരിയാണ് . ഉള്ള പ്രായം തോന്നുകയേ ഇല്ല "എന്നൊക്കെ ഓരോരുത്തർ പറയുന്നത് വെറുതെ പുകഴ്ത്തുന്നതാണ് . ഞാനതു വിശ്വസിച്ചു . കളിയും ചിരിയും സംസാരവുമൊക്കെ പ്രായമാകാൻ കൂട്ടാക്കാത്ത എന്റെ മനസ്സിന്റെ വികൃതികളാണ് .ഞാൻ പടു വൃദ്ധയായിരിക്കുന്നു !കഷ്ടം !

അപ്പോൾ അകലെ നിന്ന് മറ്റൊരു സുഹൃത്ത് വിളിച്ചു . എന്ത് വിശേഷം എന്ന ചോദ്യത്തിന് അല്പം നിരാശയോടെ ഞാൻ മറുപടി നൽകി . എന്ത് വിശേഷം ,ഞാൻ ഒരു പാട് വയസ്സായിരിക്കുന്നു . തുടർന്ന് പൊഴിഞ്ഞ ആശ്വാസ വാക്കുകൾ എന്റെ മനസ്സിൽ മഞ്ഞുതുള്ളികൾ പോലുതിർന്നു . ഏയ് ദേവീ .once beautiful always beautiful ...പ്രായമായാലെന്താ ..."ഞാൻ ചിരിച്ചു.  ഇതാണ് സ്നേഹം സുന്ദരിയായാലെന്താ സുന്ദരനായാലെന്താ മനസ്സിൽ പതിഞ്ഞ രൂപം എന്നും സുന്ദരം തന്നെ കാലം വരുത്തുന്ന മാറ്റങ്ങൾ അതിനൊരു പ്രശ്‌നമേയല്ല .

അങ്ങനെയിരിക്കെ  വടക്കുനിന്നും അവൻ വീണ്ടും വിളിച്ചു ."ഞാൻ വരും ദേവിയെ ഒന്ന് കാണാൻ ". ഞാൻ പൊട്ടി ചിരിച്ചു . ഓ ഇനിയിപ്പോൾ പെട്ടു പോവുകയില്ലല്ലോ ..രണ്ടാളും ഒരുപാടു മുതിർന്നില്ലേ ?എന്നോർത്തപ്പോൾ എനിക്ക് വീണ്ടും ചിരി പൊട്ടി . അപ്പോൾ അവൻ ഒരു ബോംബു പൊട്ടിച്ചു ."എനിക്ക് ദേവിയെ ഒന്ന് കെട്ടിപിടിക്കണം ..പണ്ടത്തെ അതെ സ്നേഹത്തോടെ ..''എന്റെ ശബ്ദം തൊണ്ടയിൽ കുടുങ്ങിനിന്നു . മിണ്ടാനായില്ല ."ഏയ് എന്താ ..പേടിച്ചുപോയോ ? അന്നത്തെ ദേവിയോ  അന്നത്തെ ഞാനോ അല്ലല്ലോ ഇപ്പോൾ . പക്ഷെ സ്നേഹം അന്നത്തേതു തന്നെ .ശാരീരിക മോഹങ്ങൾ വെറും നിസ്സാര കാര്യമാണ്. പക്ഷെ സ്നേഹം അങ്ങനെയല്ല . മുപ്പതോളം വർഷങ്ങൾ കാണാതെ കേൾക്കാതെ ഇരുന്നിട്ടും നമുക്കിടയിലെ സൗഹൃദത്തിന്റെ നിറം മങ്ങിയോ ?ഇല്ല . അതാണ് ദേവീ സ്നേഹം .

അപ്പോൾ മനസ്സിന്റെ ഒരു കോണിൽ നിന്ന് പണ്ടൊരാൾ പറഞ്ഞ വാക്കുകൾ ശബ്ദങ്ങളായി ."ഏറ്റക്കുറച്ചലില്ലാതെ ഒരേപോലെ തുടരുന്നതാണ് യഥാർത്ഥ സ്നേഹം . അത് കൂട്ടുകാർ തമ്മിലാകാം ,വീട്ടുകാർ തമ്മിലാകാം ,കമിതാക്കൾ തമ്മിലാകാം . തുടക്കത്തിൽ വലിയ ആവേശമാകുകയും പെട്ടെന്ന് തണുത്തു പോവുകയും ചെയ്യുന്നത് കേവലം ഒരു ഭ്രമം മാത്രമാണ് ,അതിനെ സ്നേഹമെന്നു വിളിക്കരുത്".

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ