sections
MORE

മഴയോർമകൾ വീണ്ടും

raining-845
SHARE

കർക്കിടക മഴ ഇങ്ങനെ കോരിചൊരിയുമ്പോൾ മഴയിൽ  കളിച്ചതും കുളിച്ചതും രസിച്ചതും വീണ്ടുമോർക്കാതിരിക്കാനാവുന്നില്ല .മഴയെക്കുറിച്ചു ഒരുപാട് അനുഭവങ്ങളും ഓർമകളും മിക്കവാറും എല്ലാവർക്കും തന്നെ ഉണ്ടാവും .

എന്നാൽ ഞാൻ പറയാൻപോകുന്നത് വളരെ വിചിത്രമായ ഒരനുഭവമാണ് .മഴ ഒരതിഥിയായി വന്ന് കുറേദിവസം കൂടെ താമസിക്കുന്നത് അത്യപൂർവമായ കാര്യം തന്നെയാണ് .

കോട്ടയം പട്ടണത്തിൽ ജോലി കിട്ടി ,രണ്ടു മക്കളുമായി ഞാനെത്തുമ്പോൾ താമസിക്കാൻ അതിമനോഹരമായ ഒരു ചെറിയ വീട് കിട്ടി.മൂന്നു മുറികൾ മാത്രം .അതിലൊന്നിൽ കട്ടിലുകളും മേശയും അലമാരകളുമൊക്കെയിട്ട് ഇരിപ്പിനും കിടപ്പിനും പഠി പ്പിനുമായി ഞങ്ങൾ ക്രമീകരിച്ചു .അടുത്ത മുറി ഭക്ഷണം കഴിക്കാനും ടി .വി കാണാനും .മൂന്നാമത്തേത് വൃത്തിയുള്ള ചെറിയ ഒരു അടുക്കള .അവിടെ നിന്ന് ചെറിയ ഒരു ഇടനാഴി അതിന്റെ അറ്റത്തൊരു ബാത്ത് റൂം .ഉമ്മറത്ത് വീടിന്റെ മൊത്തം നീളത്തിലൊരു വരാന്ത ,അരമതിൽ ,ഒരേ അകലത്തിൽ ചെറിയ തൂണുകൾ .നന്നേ ചരിഞ്ഞ ഓടിട്ട മേൽക്കൂര .ഒരു കളിവീടുപോലെ ആ ഗൃഹം ഞങ്ങളെ ആകർഷിച്ചു .

തകർന്നു വീണ സ്വപ്നത്തിന്റെ ചില്ലുകൾ പെറുക്കി കൂട്ടി പുതിയ സ്വപ്‌നങ്ങൾ നെയ്യാൻ തീരുമാനിച്ചു ഞങ്ങൾ ആ കളിവീട്ടിൽ താമസം തുടങ്ങി .

വീട് ഇമ്മിണി വലിയ ഒരു കൂട് .എന്നാൽ ഉള്ളിൽ ഗ്യാസ് ,ഫ്രിഡ്ജ് ,മിക്സി ,ടി .വി  ഇങ്ങനെ അത്യാവശ്യം സുഖ സൗകര്യങ്ങൾ ഉണ്ട് .നല്ല ഭക്ഷണം ,നല്ല വസ്ത്രങ്ങൾ ,സാമാന്യം നല്ല ജോലി ,നന്നായി പഠിക്കുന്ന മക്കൾ !കഷ്ടകാലം കഴിഞ്ഞു എന്ന് ഞാൻ ആശ്വസിച്ചു .

സ്കൂൾ തുറന്നു .മഴക്കാലവും വന്നു .സ്കൂൾ വിട്ടു കുട്ടികളും ഞാനും (ഞാനും അന്നൊരു സ്കൂളിൽ പഠിപ്പിക്കുകയായിരുന്നു )മഴ നനഞ്ഞൊ ലിച്ചാണെത്തുക.വീടിനുള്ളിലെ സുഖകരമായ ഊഷ്മളതയിൽ ഒതുങ്ങി  ,ചൂടുള്ള ലഘുഭക്ഷണം കഴിച്ച് ,പുറത്തു പെയ്യുന്ന മഴയുടെ സംഗീതവും വീടിനു ചുറ്റുമുള്ള പറമ്പും  മുൻപിലെ ചെറിയ റോഡും 

നിറഞ്ഞ് കവിഞ്ഞ് പുഴയായൊഴുകുന്ന മഴവെള്ളക്കിലുക്കവും ഞങ്ങൾക്ക് പ്രിയങ്കരമായിരുന്നു .പതിവുപോലെ മഴയിൽ കുതിർന്നു വന്ന ഒരു സായാഹ്നത്തിൽ ഈറൻ മാറും മുൻപേ എന്റെ മകൾ വീണ്ടും മഴയിലേക്കിറങ്ങിയോടി (അവൾ അന്ന് കുട്ടിയാണ് ).ഇതെന്താ എന്ന് ഞനും പുറത്തേക്കിറങ്ങി ."നോക്കൂ അമ്മേ ,ചേട്ടനിന്നും മഴ നനഞ്ഞു ".ഒരു പരസ്യവാചകം പോലെ അവൾ വിളിച്ചു പറഞ്ഞു ,എന്റെ മകൻ കുടയില്ലാതെ മഴയിലൂടെ ഓടി വരുന്നുണ്ടായിരുന്നു .ഞങ്ങൾ പുറത്തേക്കോടി ഗേറ്റിനടുത്തു വച്ച് അവനെ പിടികൂടി ."കുടയെടുക്കരുത് കേട്ടാ "എന്നും പറഞ്ഞ്‍ ഒരു തമാശ .പെട്ടെന്ന് വല്ലാത്തൊരു കാറ്റും ഒരു മുഴക്കവും .ഞങ്ങൾ തിരിഞ്ഞു നോക്കി കണ്ട കാഴ്ചയോ?വീടിനു പിന്നിൽ ചേർന്ന് നിന്നിരുന്ന ഒരു കമുക് വീടിനു പുറത്തെക്ക് ചായുന്നു. വലിയ ശബ്ദത്തോടെ അത് വീടിനു മുകളിൽ വീണു .കൃത്യം നടുക്കിവച്ചോടിഞ്ഞ് മുൻവശത്തേക്കു മറിഞ്ഞു വീണു .വീടിന്റെ മേൽക്കൂര മുഴുവൻ തകർക്കണമെന്ന് വാശിയുള്ളതു പോലെ .സ്തബ്ധരായി ഞങ്ങൾ നോക്കി നിന്നു ഒരു നേരിയ ശബ്ദം പോലും പുറപ്പെടുവിക്കാനാകാതെ .ഞങ്ങളെ  മൂവരെയും സുരക്ഷിതരായി പുറത്തിറക്കി നിർത്തിയിട്ട് വീടുതകർക്കാൻ തോന്നിയ ദുർവിധിക്ക് ലക്ഷോപലക്ഷം നന്ദി പറയുകയായിരുന്നു ഞാനപ്പോൾ !

ഇനിയിപ്പോൾ എന്ത് എന്നത് വലിയ ചോദ്യമായി .തൊട്ടടുത്ത ഒരു വീടുപണി നടക്കുന്നുണ്ട് .അവിടത്തെ പണിക്കാർ  ഓടിയെത്തി .മഴയാണെങ്കിൽ  പെയ്യുന്നു .എങ്ങനെയോ അവർ ആ കമുക് വലിച്ചു മാറ്റി .വീടിന്റെ മുകളിൽ മധ്യഭാഗത് മേൽക്കൂര വലിയൊരു വൃത്തമായി പൊളിഞ്ഞു പോയിട്ടുണ്ട് .വീടിനകത്തു് മഴ പെയ്യുന്നു .മുകളിൽ കയറാനോ താത്കാലികമായി എന്തെങ്കിലും ചെയ്യാനോ കഴിയുമായിരുന്നില്ല .

പ്രതിസന്ധികളിൽ കരുത്തു നേടുന്ന ഒരു മനസ്സ് കൂടി എനിക്കുണ്ടെന്ന് വീണ്ടും ബോധ്യപ്പെട്ട നിമിഷമായിരുന്നു അത് .കുട്ടികളെയും കൂട്ടി ഞാൻ വീടിനകത്തു കയറി ."നമ്മൾ ജീവിക്കും ഏതു സാഹചര്യത്തിലും "ഞാനവരോട് പറഞ്ഞു .അവർ തലയാട്ടി സമ്മതിച്ചു .പൊട്ടിവീണ ഓടുകളും കഴുക്കോലിന്റെയും സീലിങ്ങിന്റെയും വലിയ കഷണങ്ങളും കുറെയൊക്കെ ഞങ്ങൾ എടുത്ത് പുറത്തിട്ടു .മഴയേൽക്കാത്ത ചുമരരികിലേക്ക് കട്ടിലുകൾ നീക്കിയിട്ടു .

മേൽക്കൂരയില്ലാത്ത ആ വീട്ടിൽ മഴയോടൊപ്പം ഒരാഴ്ചയിലധികം ഞങ്ങൾ രസകരമായിത്തന്നെ കഴിഞ്ഞു എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം .പക്ഷെ അനുഭവിച്ചാലേ അറിയൂ അതിന്റെ രസം .കേവലം മുപ്പത്തിമൂന്നു വയസ്സുള്ള (ഇരുപത്തഞ്ചു പോലും മതിക്കാത്ത )ഒരമ്മയും പന്ത്രണ്ടു വയസ്സുള്ള മകനും .ആറു വയസ്സുള്ള മകളും അടങ്ങിയ ആ കൊച്ചു കുടുംബത്തിന് മറ്റൊരു പോംവഴിയും അപ്പോഴില്ലായിരുന്നു .

മേൽക്കൂരയിലൂടെ ഇടതടവില്ലാതെ ഒഴുകുന്ന മഴയുടെ സാന്നിധ്യം .ഓവുകളിലൂടെയും വാതിലുകളിലൂടെയും  പുറത്തേക്കൊഴുകിയിട്ടും വീട്ടിനകത്തു മുട്ടറ്റം വെള്ളം .കുടപിടിച്ചു മുറിക്കുള്ളിലൂടെ നടക്കുന്നത് ഞങ്ങൾക്ക് തമാശയാി .അപ്പോഴും വിധിയുടെ ഓരോ കരുതലുകൾ !ഭക്ഷണം പാകം ചെയ്യുന്ന ഇടവും മഴ ഒഴിവാക്കിയിരുന്നു .

രാവിലെ പതിവുപോലെ കുളിച്ചൊരുങ്ങി ഞങ്ങൾ അവരവരുടെ സ്കൂളുകളിലേക്ക് പോയി .വൈകുന്നേരം പനിനീർമഴയിൽ മുങ്ങി വെള്ളത്തിലാണ്ടു കിടക്കുന്ന ഞങ്ങളുടെ കളിവീട്ടിലേക്ക് മടങ്ങും  .അത്യാവശ്യം ജോലികളും ഭക്ഷണവും കഴിഞ്ഞാൽ ഞങ്ങൾ കട്ടിലുകളിൽ കയറിയിരിക്കും .പഠിക്കുകയും വായിക്കുകയും ചെയ്യും .പിന്നെ മുറിക്കുള്ളിലെ കായലിൽ ക ലാസുതോണികളിറക്കും .പാട്ടുകൾ പാടും .തമാശകൾ പൊട്ടിച്ച് ചിരിച്ചു രസിക്കും .പിന്നെ മൂടിപ്പുതച്ചു കിടന്നുറങ്ങും .

ഒരാഴ്ച അങ്ങനെ കഴിഞ്ഞു .ഞങ്ങളുടെ കൂടെയുള്ള വാസം മഴയ്ക്കു മടുത്തു കാണും .മഴ പതിയെ പിൻവാങ്ങാൻ തുടങ്ങി .എങ്കിലും പായൽ പിടിച്ചു വഴുക്കുന്ന ഓടിന്റെയും കുതിർന്ന കഴുക്കോലുകളുടെയും മുകളിൽ കയറാൻ പണിക്കാർ ധൈര്യപ്പെട്ടില്ല .അയല്പക്കക്കാരാരും തന്നെ ഈ ആപത്തിൽ തിരിഞ്ഞു നോക്കിയില്ല ..നന്നായി .സഹതാപം ഞങ്ങളെ തളർത്തുകയേയുള്ളു .സഹായം  ഞങ്ങൾ പ്രതീക്ഷിച്ചതുമില്ല .

മഴ മാറി .വെയിൽ തെളിഞ്ഞു.അപ്പോഴും മേൽക്കൂര മേഞ്ഞിരുന്നില്ല .തെളിഞ്ഞ ആകാശവും നക്ഷത്രങ്ങളും നോക്കി ഞങ്ങൾ ഇരുന്നു .ഇടയ്ക്കു ഉറക്കത്തിൽ നിന്നുണരുമ്പോൾ പൊളിഞ്ഞ മേൽക്കൂരയും അതിലൂടെ ദൃശ്യമാകുന്ന ഒരു കീറാകാശവും നിർവചിക്കാനാവാത്ത ഒരനുഭൂതിയാണ് എനിക്ക് പകർന്നു തന്നിരുന്നത് .ദുഃഖമോ വേദനയോ നിരാശയോ അല്ല.ദുരനുഭവങ്ങളിലൂടെ അഗ്നിശുദ്ധി നേടുന്ന മനസ്സിന്റെ കരുത്ത് !അത് ഞാൻ അനുഭവിച്ചറിയുകയായിരുന്നു .

മേൽക്കൂര ശരിയാക്കി .ജീവിതം പഴയത്  പോലെ ഒഴുകി .വേനലും വർഷവും വസന്തവും വന്നു .നല്ലൊരു പുതിയ വീട് പണിതു .എങ്കിലും ഇന്നും മഴ ദിനങ്ങളിൽ ആ പഴയ മഴയോർമ്മകൾ ഓടിയെത്തും .എത്ര സുഖസുന്ദരമായ ഒരോർമ !

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA