സൂചിയും നൂലും 

tailoring
പ്രതീകാത്മക ചിത്രം
SHARE

ആനയും തയ്യൽക്കാരനും ,രാജകുമാരിയും സൂചിയും ഇങ്ങനെ കഥകളിലാണ് കുട്ടിക്കാലത്ത്  നമ്മൾ സൂചിയെയും നൂലിനെയും തയ്യൽ എന്ന വിദഗ് ധ കലയെയും പറ്റി കേട്ട് തുടങ്ങുന്നത് .അമ്മയോ അമ്മുമ്മയോ ചേച്ചിയോ ഒക്കെ സൂചിയും നൂലും കൊണ്ട് തുന്നുന്നതും നമ്മൾ കാണും .പിന്നെ സൂചിയിൽ നൂല് കോർക്കാനും എന്തെങ്കിലുമൊക്കെ തയ്ക്കാനും നമ്മളും പഠിക്കും .

റെഡിമെയിഡ് വസ്ത്രങ്ങൾക്ക് ഇത്രയും പ്രചാരമില്ലാതിരുന്ന പഴയകാലത്ത് ഓരോ പ്രായത്തിനും യോജിച്ച ഉടുപ്പുകൾ തുന്നാന്‍  നമ്മൾ തയ്യൽക്കാരെ ആശ്രയിച്ചിരുന്നു .ഒരു കൊച്ചു കടയ്ക്കുള്ളിൽ ഒരുപാടു തുണികൾക്കു നടുവിലിരുന്നു മെഷീൻ ചവിട്ടുന്ന തയ്യൽക്കാരൻ ഇന്നും എന്റെ ഓർമയിലുണ്ട് .തയ്യൽക്കാരൻ എന്നും പ്രിയപ്പെട്ടൊരാളാണ് .പുതിയ കുപ്പായങ്ങൾ ഇടണമെങ്കിൽ അയാൾ കനിയണമല്ലോ .ഒരു തുണി തയ്‌ക്കാൻ കൊടുത്താൽ പറയുന്ന സമയത്തൊന്നും അത് തയ്ച്ചു കിട്ടി എന്ന് വരില്ല .നൂറു തവണ നടത്തിച്ചിട്ടേ തുന്നിക്കിട്ടൂ .അന്ന്  ഇന്നത്തെപ്പോലെ മുക്കിനു മുക്കിന് അത്യന്താധുനിക തയ്യൽക്കടകളില്ല .ഒരു പ്രദേശത്തിനാകപ്പാടെ ഒരു തയ്യൽക്കട ,ഒരു ടെയിലർ.ഓണമായാലും കല്യാണമായാലും പുള്ളി തന്നെ ശരണം . 

അല്പമൊരു പെർഫെക്ഷനിസം കുട്ടിക്കാലം മുതലേ  എന്റെ സ്വഭാവത്തിന്റെ  പ്രത്യേകതയായിരുന്നു .വളരും തോറും അതെന്നിൽ വേരുറപ്പിച്ചു .എന്ത് കാര്യവും പരിപൂർണമാവണം എന്നൊരു വാശി പോലെ .ഇത് ഏറ്റവുമധികം ബാധിച്ചത് വസ്ത്രങ്ങളെ തന്നെയാണ് .എന്ത് തയ്ച്ചലും ആര് തയ് ച്ചാലും ശരിയാവില്ല .സാരിയും ബ്ലൗസും ധരിക്കുന്ന പ്രായമായപ്പോഴേക്കും പ്രശ്നം ഗുരുതരമായി .രൂപത്തെപ്പറ്റിയും ആകാരത്തെപ്പറ്റിയുമൊക്കെ ബോധം വന്നപ്പോൾ പിന്നെ പറയാനുമില്ല ഞാൻ മാറിമാറി തയ്യൽക്കാരെ കണ്ടു പിടിച്ചു .എന്ത് കാര്യം .? ഒന്നും ശരിയായില്ല .ഒടുവിൽ തയ്യൽ പഠിച്ച് തനിയെ ബ്ലൗസ് തയ്‌ക്കാൻ തുടങ്ങി .സംഗതി ക്ലിക് ചെയ്തു  ബ്ലൗസുകൾ .നന്നായി  തുടങ്ങി .കൂട്ടുകാർ അഭിനന്ദിച്ചു .എനിക്ക് ഏറെ സൗകര്യവുമായി .തയ്യൽക്കാരെ തേടിപോകേണ്ട .തയ്ച്ചു കിട്ടാനായി അവരുടെ പിറകെ ചെല്ലേണ്ട .വീട്ടിലിരുന്നു ഇഷ്ടമുള്ളപ്പോൾ തയ്‌ച്ചെടുക്കാം .

പക്ഷെ ആ സന്തോഷം നീണ്ടു നിന്നില്ല .എന്നെ രോഗങ്ങൾ വേട്ടയാടി .ഞാൻ അവശയും ദുർ ബ്ബലയുമായി തയ്യൽ മാത്രമല്ല അല്പം അദ്ധ്വാനം വേണ്ട പല തും നിന്നുപോയി .ഉടുപ്പുകൾ ആവശ്യമായി വന്നപ്പോൾ ഞാൻ വീണ്ടും ടെ യിലർ മാരെ തേടിത്തുടങ്ങി .കാലം മാറിയില്ലേ ? . വലിയ വലിയ പരിഷ്കൃത തയ്യൽ കേന്ദ്രങ്ങൾ ,.ഒരുപാടു തുന്നൽവിദഗ്ധർ ,ആണും പെണ്ണും ഇരുന്നു തയ്ക്കുന്നു .തയ്യൽക്കൂലിയോ ?തുണിയുടെ വിലയുടെ ഇരട്ടിയിലുമേറെ .എന്നാലും വേണ്ടുകില്ല .തയ്ച്ചല്ലേ പറ്റൂ .പഴയരോഗം വീണ്ടും തുടങ്ങി .ആര് തയ് ച്ചാലും എനിക്ക് ശരിയാവില്ല .പലപല സ്ഥലങ്ങളിൽ പോയി .കൊച്ചി പോലൊരു വലിയ നഗരത്തിൽ എക്സ്പെർട് തയ്യൽക്കാരില്ലന്നോ ?കേ ട്ടവരൊക്കെ എന്നെ കുറ്റപ്പെടുത്തി .

ഒടുവിൽ പേരുകേട്ട ഒരു തയ്യൽക്കടയിൽ ഞാൻ ചെന്നെത്തി .അവിടെ നന്നേ വെളുത്തു മെലിഞ്ഞു തലമുഴുവൻ നരച്ച ഒരു പ്രധാന തയ്യൽക്കാരന്റെ അടുത്ത് ചെന്നു .തുണി കൊടുത്തു .തുണി വെട്ടാനുള്ള മേശപ്പുറത്തു അത് നിവർത്തിയിട്ട് അയാൾ എന്നെ നോക്കി .ഞാൻ പറഞ്ഞു തുടങ്ങി ."ഇറക്കം കൂട്ടണം .കഴുത്തു മലർന്നു പോകരുത് .ഒരുപാടു മുറുക്കം വേണ്ട ".അയാൾ മുഖമുയർത്തി എന്നെ നോക്കി .പിന്നെ ചോദിച്ചു ."തയ്യൽ അറിയാം ?തനിയെ തയ്ക്കു മായിരുന്നു ,അല്ലെ ?"ഞാൻ അമ്പരന്നു .പുള്ളി ചിരിച്ചു ."അങ്ങനെയുള്ളവർക്ക് ആര് തൈച്ചാലും ഇഷ്ടപ്പെടില്ല .എന്താ ശരിയല്ലേ ?".അപ്പോൾ ഞാനും ചിരിച്ചു .

അങ്ങനെ ആ വൃദ്ധൻ എന്റെ സ്ഥിരം തയ്യൽക്കാരനായി .മാഷെന്നാണ് അയാളെ എല്ലാവരും വിളിക്കുക .ഞാൻ പറയുന്ന മാറ്റങ്ങളൊന്നും അയാൾ അംഗീകരിക്കില്ല ."കഴുത്ത് ഇങ്ങനെ വേണം "ഞാൻ വരച്ചു കാട്ടും ."ഏയ് അങ്ങനെ കഴുത്തു വെട്ടിയാൽ നിങ്ങൾക്ക് ചേരില്ല " ബ്ലൗസിന് കുറച്ചു കൂടി ഇറക്കം വേണം "പിന്നെയും ഞാൻ .".ഇറക്കം ഇതിൽക്കൂടുതൽ പറ്റുകയില്ല ." "ലൈനിങ്ങ് വേണ്ടാട്ടോ ,ക ട്ടിത്തുണിയല്ലേ"ഞാൻ പറയും ."  ലൈനിങ് കൂടിയേ തീരൂ ".ഇങ്ങനെ ഞങ്ങൾ തമ്മിൽ എന്നും തർക്കമാണ് .ഒടുവിൽ എന്തെങ്കിലുമാകട്ടെ എന്ന് ഞാൻ പിൻവാങ്ങും .പറഞ്ഞ സമയത്തൊന്നും തയ്ച്ചു കിട്ടുകയില്ല .ഫോൺ വിളിച്ചു മടുക്കും .പല വിശേഷങ്ങൾക്കും പുതിയത് തയ്ച്ചു കിട്ടാതെ ഞാൻ നിരാശപ്പെട്ടിട്ടുണ്ട് .തയ്യൽക്കൂലി കേട്ടാലോ ഞെട്ടിത്താഴെ വീഴും .പക്ഷെ ബ്ലൗസൊന്നു കിട്ടി, അതൊന്നു ഇട്ടു നോക്കുമ്പോൾ ഞാൻ കണ്ണ് മിഴിക്കും .മനോഹരം .എന്നെ മെഷീനിൽ കയറ്റി കിടത്തി. തൈച്ചെടുത്തതുപോലെ ഫിറ്റ് .എന്നാൽ മുറുക്കം ഒട്ടും അനുഭവപ്പെടുകയുമില്ല ."ദി പെർഫെക്റ്റ് വുമൺ "ഞാൻ തനിയെ പ്രശംസിക്കും .

പണ്ടുപണ്ട് ആളുകളെ ഒന്ന് കണ്ടാൽ മതി അളവൊന്നും വേണ്ട .എന്നിട്ടു ഉത്തമമായി തയ്ക്കുന്നവർ ഉണ്ടായിരുന്നത്രെ .ഈയിടെ കണ്ട ഒരു ഹിന്ദി സിനിമയിൽ ആളെക്കണ്ടാൽ മതി പെർഫെക്റ്റ് ആയി ലെഹംഗ തുന്നുന്ന ഒരു ടെയിലറെ കണ്ടപ്പോൾ ഞാൻ എന്റെയീ തയ്യൽക്കാരനെ  ഓർത്തു ..അളവൊക്കെ പേരിനു മതി .സ്വന്തം ഭാവനകലർത്തിയാണ് മാഷ് തയ്ക്കുന്നത് .ഈശ്വരൻ കൊടുത്ത കഴിവ് തന്നെ .

ഈയിടെ ഒരു ദിവസം നാലഞ്ചു ബ്ലൗസ് തുണികളുമായി ഞാനാ കടയിലെത്തി ."മാഷെവിടെ?"ഞാൻ തിരക്കി ..ഇടക്കിങ്ങനെ അയാൾ ലീവിൽ പോകാറുണ്ട് .ഒരു മാസം കഴിഞ്ഞൊക്കെയേ വരൂ ..അതുപോലെയാവും. .കുറേപ്പേരിരുന്ന് പതിവുപോലെ തയ്ക്കുന്നുണ്ട് .ആരും മിണ്ടുന്നില്ല  ".ഓ എന്റെ ബ്ലൗസുകൾ ഒരുമാസം ഇവിടെ കിടന്നതു തന്നെ ' .ഞാൻ മനസിൽ പിറുപിറുത്തു .

"മാഷെവിടെ ?പിന്നെയും മുങ്ങിയോ ? എന്നാ വരിക ?"ഞാൻ അക്ഷമയായി .

പെട്ടെന്ന് തയ്ച്ചു കൊണ്ടിരുന്ന ഒരു യുവതി എഴുന്നേറ്റു. അടുത്ത് വന്നു .

"മാഷിനി വരില്ല .മാഷ് ..മരിച്ചു പോയി .ഒരു മാസമായി "

ഞാൻ നടുങ്ങിപ്പോയി . ഒന്നും ചോദിക്കാനാവാതെ ഒരു നിമിഷം നിന്നു .പിന്നെ പതുക്കെ തിരിഞ്ഞു നടന്നു .

ഏയ് ..പിന്നിൽ നിന്നാരോ വിളിക്കുന്നു ….ആരാണ് !ഞാൻ തിരിഞ്ഞു നോക്കിയില്ല .ഒന്ന് നോക്കി അളവെടുക്കാതെ തയ്‌ക്കാൻ ഇനി അവിടെ ആരാണുള്ളത് ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
FROM ONMANORAMA